വിശാല പ്രതിപക്ഷ െഎക്യം: ചന്ദ്രബാബു നായിഡു രാഹുലിനെ കണ്ടു
text_fieldsന്യൂഡൽഹി: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ വിശാല പ്രതിപക്ഷ െഎക്യത്തിന് രൂപം കൊടുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് തുടക്കം കുറിക്കുന്നതിനായായിരുന്നു കൂടിക്കാഴ്ച. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു ചന്ദ്രബാബു നായിഡു രാഹുൽ ഗാന്ധിയെ കണ്ടത്. യു.പി.എയുമായി കൈകോർക്കാനായി നേരത്തെ കോൺഗ്രസ് നേതാവ് വീരപ്പമൊയ്ലി ചന്ദ്രബാബു നായിഡുവിനെ ക്ഷണിച്ചിരുന്നു.
കഴിഞ്ഞ മാർച്ചിലാണ് ചന്ദ്രബാബു നായിഡു എൻ.ഡി.എയുമായി തെറ്റിയത്. തുടർന്നാണ് വിശാല പ്രതിപക്ഷ െഎക്യം സാക്ഷാത്ക്കരിക്കുന്നതിനായുള്ള പ്രവർത്തനം തുടങ്ങിയത്. ശരത് പവാർ, ഫറൂഖ് അബ്ദുല്ല എന്നിവരുമായും നായിഡു വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തി. ഒരാഴ്ചക്കിടയിൽ രണ്ടാമത്തെ തവണയാണ് ചന്ദ്രബാബു നായിഡു ഡൽഹിയിലെത്തുന്നത്. നേരത്തെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ബി. എസ്.പി അധ്യക്ഷ മായാവതി, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി എന്നിവരുമായും തമിഴ്നാട്ടിലെ ദ്രാവിഡ പാർട്ടികളുമായും നായിഡു പ്രാഥമിക ചർച്ചകൾ നടത്തിയിരുന്നു.
സി.ബി.െഎയിലും എൻഫോഴ്സ്മെൻറ് വിഭാഗത്തിലും റിസർവ് ബാങ്കിലും എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് എല്ലാവരും കാണുന്നുണ്ടെന്നും ഇൗ സർക്കാറിനെതിരെ ഒരുമിച്ചു നിൽക്കാനായി മറ്റ് പ്രതിപക്ഷ പാർട്ടികളെ ക്ഷണിക്കുകയാണെന്നും ചന്ദ്രബാബു നായിഡു കൂടിക്കാഴ്ചക്കു ശേഷം പറഞ്ഞു.
പരമ്പരാഗതമായി സംസ്ഥാനത്തിനകത്തും പുറത്തും കോൺഗ്രസ് വിരുദ്ധ ചേരിയിലായിരുന്ന ടി.ഡി.പി 90കളിൽ ഇടതുപക്ഷ പാർട്ടികളുമായി ചേർന്ന് സംസ്ഥാനത്ത് തെരഞ്ഞെടുപ്പിനെ നേരിട്ടു. 1999ലും 2004ലും 2014ലും ബി.ജെ.പിയോടൊപ്പമായിരുന്നു. 2009ൽ തെലങ്കാന രാഷ്ട്ര സമിതിയുമായി ചേർന്ന് കോൺഗ്രസിനെ നേരിട്ടു. ഇത്തവണ ടി.ഡി.പി കോൺഗ്രസിനോട് അടുക്കുകയാണ്.
ഡിസംബറിൽ തെലങ്കനയിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ആകെയുള്ള 119 സീറ്റുകളിൽ 14 സീറ്റുകളിൽ ടി.ഡി.പി മത്സരരംഗത്തുണ്ട്. 95സീറ്റുകളിൽ ടി.ഡി.പി കോൺഗ്രസിന് പിന്തുണ നൽകും. ബാക്കി സീറ്റുകളിൽ മറ്റ് സൗഹൃദ കക്ഷികളെയും പിന്തുണക്കാനാണ് പാർട്ടി തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.