‘അമ്മ’ വഴിയില്‍ പളനിസാമി
text_fieldsചെന്നൈ: തമിഴ്നാട്ടില്‍ 500 മദ്യവില്‍പന കേന്ദ്രങ്ങള്‍കൂടി പൂട്ടാന്‍ ചുമതലയേറ്റ ആദ്യദിനം മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമി ഉത്തരവിട്ടു. തിങ്കളാഴ്ച ഉച്ചക്ക് സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ അഞ്ച് ജനപ്രിയ പദ്ധതികളിലാണ് സാമി ഒപ്പ് ചാര്‍ത്തിയത്.
മറ്റ് പദ്ധതികള്‍: പ്രസവശുശ്രൂഷക്ക് അനുവദിക്കുന്ന തുക 18,000 ആയി ഉയര്‍ത്തി. (മുമ്പ് ഇത് 12,000 രൂപയായിരുന്നു). ജോലിയുള്ള സ്ത്രീകള്‍ക്ക് 50 ശതമാനം സബ്സിഡിയോടെ ഇരുചക്രവാഹനങ്ങള്‍. മത്സ്യത്തൊഴിലാളികള്‍ക്ക് 1.70 ലക്ഷം രൂപ വീതം ചെലവിട്ട് അയ്യായിരം വീടുകള്‍. യുവജനങ്ങള്‍ക്കുള്ള മാസാന്ത്യ തൊഴില്‍രഹിത വേതനം ഇരട്ടിയാക്കി. പത്താം ക്ളാസ് പൂര്‍ത്തിയാക്കിയവര്‍ക്ക് 150ല്‍നിന്ന് 300 രൂപയായും പ്ളസ് ടുക്കാര്‍ക്ക് 200ല്‍നിന്ന് 400 രൂപയായും ബിരുദക്കാര്‍ക്ക് 300നിന്ന് 600 രൂപയായും ഉയര്‍ത്തി. കര്‍ഷകര്‍ക്കായി വരള്‍ച്ച ദുരിതാശ്വാസം വര്‍ധിപ്പിക്കുമെന്നും കുടിവെള്ള ക്ഷാമം നേരിടാനുള്ള മുന്‍കരുതല്‍ സ്വീകരിക്കുമെന്നും തുടര്‍ന്ന് നടന്ന പത്രസമ്മേളത്തില്‍ പളനിസാമി അറിയിച്ചു.
‘‘ഇത് ‘അമ്മാ’ സര്‍ക്കാറാണ്. ചിന്നമ്മയാണ് മുന്നോട്ട് നയിക്കുന്നത്. പ്രകടനപത്രികയില്‍ പതിനൊന്ന് വാഗ്ദാനങ്ങള്‍ അമ്മ പൂര്‍ത്തീകരിച്ചിരുന്നു. ഇന്ന് അഞ്ച് വാഗ്ദാനങ്ങള്‍കൂടി നിറവേറ്റപ്പെടുകയാണ്’’ -പളനിസാമി പറഞ്ഞു.
ജയലളിതയുടെ ജനപ്രിയ പദ്ധതികളുടെ തുടര്‍ച്ച പ്രഖ്യാപിച്ച് ആദ്യദിവസം തമിഴ് ജനതയുടെ പ്രത്യേകിച്ച് സ്ത്രീ മനസ്സില്‍ ഇടംപിടിക്കാനുള്ള രാഷ്ട്രീയനയമാണ് പളനിസാമി പുറത്തെടുത്തത്. ചുമതലയേറ്റ ഉടന്‍ ജയലളിത അഞ്ഞൂറു മദ്യവില്‍പന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാനും മറ്റുള്ളവയുടെ പ്രവര്‍ത്തനസമയം രണ്ടു മണിക്കൂര്‍ കുറച്ചു പത്ത് മണിക്കൂറാക്കി ചുരുക്കാനും ഉത്തരവിട്ടിരുന്നു.
പളനിസാമി മന്ത്രിസഭയുടെ തീരുമാനത്തിന്‍െറ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മദ്യവില്‍പനകേന്ദ്രങ്ങളുടെ എണ്ണം 5720 ആയി കുറയും. മദ്യവില്‍പനയിലൂടെ ഒരു വര്‍ഷം ലഭിച്ചിരുന്ന മുപ്പതിനായിരം കോടിയാണ് സംസ്ഥാന ഖജനാവിലെ പ്രധാന വരുമാനമാര്‍ഗം. സുപ്രീംകോടതി വിധിയെതുടര്‍ന്ന് ദേശീയപാതകള്‍ക്കരികിലെ മദ്യക്കടകള്‍ ഗ്രാമങ്ങളിലേക്ക് മാറ്റുന്നതിനെതിരെ വിവിധ പ്രദേശങ്ങളില്‍ സമരം നടക്കുന്നുണ്ട്.
അതേസമയം സ്ത്രീ സുരക്ഷക്ക് ജയലളിത വാഗ്ദാനം ചെയ്ത പദ്ധതികള്‍ ആദ്യം കൊണ്ടുവരട്ടെയെന്ന് പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിന്‍ ആവശ്യപ്പെട്ടു. ചെന്നൈ എന്നൂരില്‍ സ്വര്‍ണം കവരാന്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ മൂന്നു വയസ്സുള്ള ഋതികയുടെ വീട് സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അണ്ണാ ഡി.എം.കെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി.ടി.വി. ദിനകരന്‍ ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ജനറല്‍ സെക്രട്ടറി ശശികലയെ സന്ദര്‍ശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.