പരത്വ ഭേദഗതി നിയമം: മതനിരപേക്ഷതയുടെ കടയ്ക്കല്‍ കത്തിവെക്കലെന്ന് പന്ന്യന്‍ രവീന്ദ്രന്‍
text_fieldsതിരുവനന്തപുരം: മതനിരപേക്ഷതയുടെ കടയ്ക്കൽ കത്തിവെക്കുന്നതാണ് പൗരത്വ ഭേദഗതി നിയമമെന്ന് തിരുവനന്തപുരം പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ. പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടത്തിയ പ്രതിഷേധ റാലിയും യോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ നിലനിൽപിന്റെ ആധാരശില മതനിരപേക്ഷതയാണ്. അത് ഭരണഘടന ഉറപ്പുനൽകുന്നതുമാണ്. മതനിരപേക്ഷതയ്‌ക്കെതിരായ സംഘപരിവാറിന്റെ ദീർഘകാലമായുള്ള നീക്കങ്ങളുടെ തുടർച്ചയാണ് പൗരത്വ ഭേദഗതി നിയമം. രാജ്യത്തെയും ജനങ്ങളെയും വിഭജിക്കാനുള്ള നീക്കത്തിനെ ഒറ്റക്കെട്ടായി ചെറുത്തുതോൽപ്പിക്കേണ്ടതുണ്ട്. പൗരത്വ ഭേദഗതി നിയമത്തെ പ്രതിരോധിക്കാനുള്ള പോരാട്ടങ്ങളിൽ ഇടതുപക്ഷം ഇന്ത്യയിലെ ജനങ്ങൾക്കൊപ്പമുണ്ടാകും. ഈ നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് സംസ്ഥാന മുഖ്യമന്ത്രിതന്നെ പ്രഖ്യാപിച്ചുകഴിഞ്ഞു.
വിഭജിച്ചും ഭയപ്പെടുത്തിയും കീഴ്‌പ്പെടുത്താമെന്ന സംഘ്പരിവാർ നയം അംഗീകരിക്കില്ലെന്നും പന്ന്യൻ പറഞ്ഞു. എൽ.ഡി.എഫ് നേതാക്കളായ സത്യൻ മൊകേരി, സി. ജയൻബാബു, എം. വിജയകുമാർ, മാങ്കോട് രാധാകൃഷ്ൺ, ഡോ.എ. നീലലോഹിതദാസ് നാടാർ, അഡ്വ.എസ്. ഫിറോസ് ലാൽ, ജമീലാ പ്രകാശം, ജെ. സഹായദാസ്, തമ്പാനൂർ രാജീവ്, തോമസ് ഫെർണാണ്ടസ്, എസ്.എം. ബഷീർ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.