കറന്‍സി നിരോധനം സര്‍ക്കാര്‍ വേണ്ടപ്പെട്ടവരെ അറിയിച്ചെന്ന് പ്രതിപക്ഷം
text_fieldsന്യൂഡല്‍ഹി: 500, 1000 രൂപ കറന്‍സി നിരോധനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കിയ ചര്‍ച്ചയോടെ പാര്‍ലമെന്‍റിന്‍െറ ശീതകാല സമ്മേളനത്തിന് തുടക്കമായി. സാധാരണക്കാര്‍ ഇപ്പോള്‍ അനുഭവിക്കുന്ന ദുരിതം മുന്‍കൂട്ടി കാണാതിരുന്നതിന് സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച പ്രതിപക്ഷം ഒന്നടങ്കം കറന്‍സി നിരോധിക്കുന്ന വിവരം തങ്ങളുടെ വേണ്ടപ്പെട്ടവര്‍ക്ക് മോദി സര്‍ക്കാര്‍ ചോര്‍ത്തി നല്‍കിയെന്ന് ആരോപിച്ചു. സിറ്റിങ് അംഗത്തിന്‍െറ നിര്യാണത്തില്‍ അനുശോചിച്ച് ലോക്സഭ നടപടികളിലേക്ക് കടക്കാതെ പിരിഞ്ഞു.
എല്ലാ അജണ്ടകളും മാറ്റിവെച്ച് വിഷയം ചര്‍ച്ച ചെയ്യാന്‍ വിവിധ പ്രതിപക്ഷ പാര്‍ട്ടികളില്‍പെട്ട 12 നേതാക്കള്‍ അടിയന്തര പ്രമേയത്തിന് രാജ്യസഭയില്‍ നോട്ടീസ് നല്‍കിയിരുന്നു. രാവിലെ ചേര്‍ന്ന കക്ഷി നേതാക്കളുടെ യോഗത്തിലുണ്ടായ ധാരണയുടെ അടിസ്ഥാനത്തില്‍ എല്ലാവരുടെയും നോട്ടീസ് സ്വീകരിക്കുകയാണെന്നും ചര്‍ച്ച തുടങ്ങുകയാണെന്നും ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ അറിയിച്ചു.
തുടര്‍ന്ന് ചര്‍ച്ചക്ക് തുടക്കമിട്ട രാജ്യസഭയിലെ കോണ്‍ഗ്രസ് ഉപനേതാവ് ആനന്ദ് ശര്‍മ പെട്ടെന്നുള്ള കറന്‍സി നിരോധനത്തിലൂടെ മോദി സര്‍ക്കാര്‍ രാജ്യത്ത് അരാജകത്വം സൃഷ്ടിച്ചിരിക്കുകയാണെന്ന് വിമര്‍ശിച്ചു. കള്ളനോട്ട് ഇല്ലാതാക്കാനാണ് നിരോധനമെന്ന സര്‍ക്കാര്‍ വാദത്തെ ചോദ്യം ചെയ്ത ആനന്ദ് ശര്‍മ രാജ്യത്ത് മൊത്തം കറന്‍സിയുടെ 0.02 ശതമാനം മാത്രമാണ് കള്ളനോട്ടുകളെന്ന് ധനമന്ത്രി തന്നെ പാര്‍ലമെന്‍റില്‍ അറിയിച്ചതാണെന്ന് ചൂണ്ടിക്കാട്ടി. ഇതിന്‍െറ പേരിലാണ് മൊത്തം കറന്‍സിയുടെ 86 ശതമാനവും അസാധുവാക്കിയത്. സമ്പദ്ഘടനയുടെ നട്ടെല്ളൊടിച്ച തീരുമാനം വഴി അന്തര്‍ദേശീയ സമൂഹത്തിന് മുന്നില്‍ രാജ്യത്തിന്‍െറ പ്രതിച്ഛായ തകര്‍ന്നിരിക്കുകയാണ്. സ്വന്തമായുണ്ടാക്കിയ പണത്തിന് നിങ്ങള്‍ക്ക് മുമ്പില്‍ വന്ന് യാചിക്കേണ്ട സാഹചര്യമുണ്ടാക്കിയത് ഏത് നിയമത്തിന്‍െറ അടിസ്ഥാനത്തിലാണെന്ന് ധനമന്ത്രിയോട് ശര്‍മ ചോദിച്ചു.
കറന്‍സി പിന്‍വലിക്കല്‍ രഹസ്യമായിരുന്നില്ല. എസ്.ബി.ഐ ഇക്കാര്യം മാര്‍ച്ചില്‍ അറിഞ്ഞിട്ടുണ്ട്. ഒക്ടോബറില്‍ ചില ഇംഗ്ളീഷ് പത്രങ്ങളും തുടര്‍ന്ന് ഹിന്ദി പത്രവും ഇത് റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാര്‍ ഈ വിവരം വേണ്ടപ്പെട്ടവര്‍ക്ക് ചോര്‍ത്തിക്കൊടുത്തുവെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും ശര്‍മ ആരോപിച്ചു.
കള്ളപ്പണത്തിനെതിരെയാണ് നടപടിയെങ്കില്‍ 500 കോടിയുടെ കള്ളപ്പണം കൊണ്ട് വിവാഹം നടത്തിയ കര്‍ണാടകയിലെ ബി.ജെ.പി നേതാവിനെ അറസ്റ്റ് ചെയ്യാന്‍ മോദി സര്‍ക്കാര്‍ തയാറാകണം. അതിനുപകരം വിവാഹചടങ്ങില്‍ പങ്കെടുക്കുകയാണ് ബി.ജെ.പിയുടെ ഉന്നത നേതാക്കള്‍ ചെയ്തതെന്ന് ശര്‍മ കുറ്റപ്പെടുത്തി.
ചിലര്‍ക്ക് ഭയമുണ്ടെങ്കിലും ഇപ്പോഴുണ്ടായ പ്രതിസന്ധിയില്‍ സര്‍ക്കാറിനൊരു ഭയവുമില്ളെന്ന് ചര്‍ച്ചയില്‍ ഇടപെട്ട ഊര്‍ജ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.
അഴിമതിക്കാര്‍ അസന്തുഷ്ടരാണെങ്കില്‍ സര്‍ക്കാര്‍ സന്തുഷ്ടരാണെന്ന് ഗോയല്‍ കൂട്ടിച്ചേര്‍ത്തു. അച്ചടിക്കുന്ന 500, 1000 കറന്‍സികളില്‍ പകുതിയും പുറത്തിറങ്ങുന്നില്ളെന്ന് റിസര്‍വ് ബാങ്ക് കണ്ടത്തെിയതാണ്. മുന്‍കൂട്ടി അറിയിച്ചാല്‍ അഴിമതിക്കാര്‍ രക്ഷപ്പെടുമെന്നും പിയൂഷ് ഗോയല്‍ പറഞ്ഞു. ചര്‍ച്ച കേള്‍ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജ്യസഭയില്‍ ഹാജരാകേണ്ടതായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. കറന്‍സി നിരോധനത്തെക്കുറിച്ചും അതിനുശേഷമുണ്ടായ പ്രതിസന്ധിയെക്കുറിച്ചും സംയുക്ത പാര്‍ലമെന്‍ററി സമിതി അന്വേഷിക്കണമെന്ന് സി.പി.എം നേതാവ് സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. ഈ ആവശ്യത്തെ ബി.എസ്.പി നേതാവ് മായാവതിയും പിന്തുണച്ചു.
വിവരം മോദി സര്‍ക്കാര്‍ നേരത്തേ ചോര്‍ത്തിക്കൊടുത്തുവെന്ന് ആരോപിച്ച മായാവതി അതുകൊണ്ടാണ് ഈ പ്രതിസന്ധിയുടെ നാളില്‍ 500 കോടി രൂപയുടെ കല്യാണം നടത്താന്‍ ഖനന മാഫിയക്കാരനായ കര്‍ണാടകയിലെ ബി.ജെ.പി നേതാവിന് കഴിഞ്ഞതെന്ന് കൂട്ടിച്ചേര്‍ത്തു. സമാജ്വാദി പാര്‍ട്ടി നേതാവ് രാം ഗോപാല്‍ യാദവ്, ജനതാദള്‍ (യു) നേതാവ് ശരത് യാദവ്, ആര്‍.ജെ.ഡി നേതാവ് പ്രേംചന്ദ് ഗുപ്ത, അകാലിദള്‍ നേതാവ് നരേഷ് ഗുജ്റാള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.