ഇ.പി. ജയരാജനെതിരെ പാർട്ടിതല അന്വേഷണം; വീണ്ടും മന്ത്രിയാകാൻ തടസ്സങ്ങളേറെ
text_fieldsകൊച്ചി : ദേശാഭിമാനി ജനറൽ മാനേജരായിരിക്കെ ഇ പി ജയരാജൻ കൈക്കൊണ്ട വിവാദ നടപടികളെ കുറിച്ച് പാർട്ടിതല അന്വേഷണം. സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എം വി ഗോവിന്ദൻ, ആനത്തലവട്ടം ആനന്ദൻ, കെ ജെ തോമസ് എന്നിവരടങ്ങിയ കമ്മിറ്റിയെയാണ് അന്വേഷണത്തിന് പാർട്ടി ചുമതലപ്പെടുത്തിയത് . ഇതോടെ ബന്ധു നിയമന വിവാദത്തിൽ വിജിലൻസിന്റെ ക്ളീൻ ചിറ്റ് ലഭിച്ച ജയരാജനു കേസിൽ നിന്നൊഴിവായാലും മന്ത്രിസഭയിൽ തിരിച്ചെത്താൻ കഴിയില്ലെന്നുറപ്പായി.
ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിനിൽ നിന്നു രണ്ടു കോടി രൂപ ദേശാഭിമാനിക്ക് വേണ്ടിയും വിവാദ പണമിടപാട് സ്ഥാപനമായ ലിസിൽ നിന്നു ഒരു കോടി രൂപ വ്യക്തിപരമായും കൈപ്പറ്റിയതിന്റെ പേരിൽ പാർട്ടി പുറത്താക്കിയ ആളെ വളഞ്ഞ മാർഗത്തിൽ തിരിച്ചു കൊണ്ടു വന്നു എന്നതാണ് ജയരാജനെതിരായ പുതിയ ആരോപണം.
വ്യവസായ മന്ത്രിയാകാൻ വേണ്ടി ജയരാജൻ ദേശാഭിമാനി ജനറൽ മാനേജർ സ്ഥാനം രാജി വെച്ചപ്പോൾ പകരം നിയമിതനായ സെക്രട്ടറിയേറ്റ് അംഗമാണ് സ്ഥാപനത്തിൽ നടന്ന അവിശുദ്ധ ഇടപാടുകൾ പാർട്ടിയുടെ ശ്രദ്ധയിൽ കൊണ്ടു വന്നത്. അവിഹിത സാമ്പത്തിക ഇടപാടുകളുടെ പേരിൽ പാർട്ടി പുറത്താക്കിയ ഉയർന്ന ഉദ്യോഗസ്ഥനെ പത്രത്തിനു വേണ്ടി പരസ്യം പിടിക്കാൻ ഉയർന്ന ശമ്പളത്തിൽ ജയരാജൻ നിയമിച്ചെന്നാണ് ആരോപണം.. നിയമനം നടത്തിയത് താനല്ലെന്ന് സെക്രട്ടറിയേറ്റ് യോഗത്തിൽ ജയരാജൻ വാദിച്ചെങ്കിലും അദ്ദേഹം ഒപ്പിട്ട നിയമന ഉത്തരവ് തന്നെ തിരിച്ചടിയായി.
ലോട്ടറി സംബന്ധമായ നിരവധി കേസുകളിൽ സാന്റിയാഗോ മാർട്ടിൻ പ്രതിയായിരിക്കെയാണ് ദേശാഭിമാനിക്ക് വേണ്ടി രണ്ടു കോടി രൂപ പാർട്ടി അറിയാതെ വാങ്ങിയത്. ആദ്യം ബോണ്ടെന്നും പിന്നീട് മുൻകൂർ പരസ്യ പണമെന്നുമൊക്കെ വ്യാഖ്യാനം നൽകി ജയരാജൻ അന്നു തടിയൂരാൻ ശ്രമിച്ചെങ്കിലും പണം മാർട്ടിന് തിരിച്ചു കൊടുക്കാനും ജയരാജനെ ജനറൽ മാനേജർ സ്ഥാനത്തു നിന്ന് മാറ്റാനുമാണ് സി പി എം തീരുമാനിച്ചത് . പണമിടപാടിൽ പ്രധാന പങ്കു വഹിച്ച ഡെപ്യൂട്ടി ജനറൽ മാനേജരെ സ്ഥാപനത്തിൽ നിന്നു പുറത്താക്കുകയും ചെയ്തു. ഇ പി ജയരാജന് പകരം പി ജയരാജൻ അന്നു ജനറൽ മാനേജരായെങ്കിലും വൈകാതെ ഇ പി തന്നെ പദവിയിൽ തിരിച്ചെത്തി.
പിന്നീട് അദ്ദേഹം മന്ത്രിയാകുന്നതു വരെയുള്ള കാലയളവിൽ നടന്ന ദേശാഭിമാനിയുടെ സാമ്പത്തിക ഇടപാടുകളിൽ പലതും സ്ഥാപനത്തിന്റെ താല്പര്യത്തിനു ഗുണകരമായിരുന്നില്ലെന്ന വിലയിരുത്തലാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. പത്രക്കടലാസ്, മഷി, യന്ത്രങ്ങൾ തുടങ്ങിയ ഇടപാടുകളിൽ സുതാര്യത ഉണ്ടായിരുന്നില്ലത്രേ. പാർട്ടി നിയോഗിച്ച അന്വേഷണ സമിതി ഇതേ കുറിച്ചെല്ലാം അന്വേഷിക്കുന്നുണ്ടെന്നാണ് വിവരം. പി കെ ശ്രീമതിയുടെ മകൻ സുധീർ നമ്പ്യാരെ പൊതുമേഖലാ കമ്പനി എം ഡി ആയി നിയമിച്ചതു വിവാദമായതോടെ പാർട്ടി നിർദേശ പ്രകാരം ജയരാജൻ രാജി വെക്കുകയായിരുന്നു.
ജയരാജനും ശ്രീമതിക്കും പാർട്ടി പരസ്യ താക്കീതു നൽകുകയും ചെയ്തു. അഴിമതി വിരുദ്ധ നിയമ പ്രകാരം ജയരാജനെതിരെ വിജിലൻസ് കേസെടുത്തെങ്കിലും അദ്ദേഹം സാമ്പത്തിക നേട്ടം ഉണ്ടാക്കിയതിനു തെളിവില്ലെന്ന് കോടതിയിൽ റിപ്പോർട്ട് നൽകി രക്ഷപ്പെടുത്താനുള്ള ശ്രമം വിജിലൻസ് അടുത്തിടെ നടത്തിയിരുന്നു. കേസ് ഉപേക്ഷിച്ചാലും പാർട്ടി അന്വേഷണം നടക്കുന്നതിനാൽ ജയരാജന് മന്ത്രിസഭയിൽ തിരിച്ചെത്താനുള്ള സാധ്യത മങ്ങിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.