പത്തനംതിട്ട നഗരത്തിന് കൂടുതൽ കൂറ് യു.ഡി.എഫിനോട്
text_fieldsപത്തനംതിട്ട: യു.ഡി.എഫിനോട് കൂടുതൽ കൂറുപുലർത്തുന്നതാണ് പത്തനംതിട്ട നഗരസഭയുടെ പ്രകൃതം. 1978ലാണ് നഗരസഭ രൂപവത്കൃതമായത്. ഒമ്പതുവർഷം കമീഷണറുടെ ഭരണത്തിൻ കീഴിലായിരുന്നു.
1982ൽ ജില്ല രൂപവത്കരണത്തിനുശേഷം 1987ലാണ് ആദ്യ നഗരസഭ തെരഞ്ഞെടുപ്പ് നടന്നത്. അന്ന് വിജയം യു.ഡി.എഫിന് അനുകൂലമായിരുന്നു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പുകളിൽ ഒരിക്കലൊഴികെ എല്ലാ സമയത്തും യു.ഡി.എഫ് വ്യക്തമായ ഭൂരിപക്ഷം നേടി.
പരേതനായ സി. മീരാസാഹിബായിരുന്നു നഗരസഭയുടെ ആദ്യ ചെയർമാൻ. പത്തനംതിട്ട പഞ്ചായത്തായിരുന്നപ്പോൾ ദീർഘകാലം പ്രസിഡൻറ് കൂടിയായിരുന്നു അദ്ദേഹം. അടുത്ത നഗരസഭ കൗൺസിൽ തെരഞ്ഞെടുപ്പ് നടന്ന 1995ലും യു.ഡി.എഫിനായിരുന്നു വിജയം. പി. മോഹൻരാജ് ചെയർമാനായി.
അടുത്ത കൗൺസിലിലും യു.ഡി.എഫ് വിജയിച്ചു. അന്ന് യു.ഡി.എഫിലെ അജീബ എം. സാഹിബ് അധ്യക്ഷയായി. ഇടക്ക് അവിശ്വാസത്തിലൂടെ അജീബ പുറത്തായെങ്കിലും വീണ്ടും തിരിച്ചെത്തി. 2005ൽ നടന്ന തെരഞ്ഞെടുപ്പിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ല. ജയിച്ച വിമതരും സ്വതന്ത്രരും വിധിനിർണായക ഘടകമായി മാറി.
നിരവധി രാഷ്ട്രീയ നാടകങ്ങളും കൂറുമാറ്റങ്ങളും നഗരസഭയിൽ അരങ്ങേറി. 2015ലും യു.ഡി.എഫിന് ആയിരുന്നു വിജയം. 23 സീറ്റ് നേടി. ധാരണപ്രകാരം മൂന്ന് അധ്യക്ഷർ ഈ കൗൺസിലിെൻറ കാലത്ത് എത്തി. രജനി പ്രദീപും അഡ്വ. ഗീത സുരേഷും. നിലവിൽ റോസ്ലിൻ സന്തോഷാണ് ചെയർപേഴ്സൻ.
23.5 ചതുരശ്രകിലോമീറ്റർ വിസ്തീർണത്തിൽ പത്തനംതിട്ട വില്ലേജിൽ വ്യാപിച്ചുകിടക്കുന്ന നഗരസഭയിൽ 32 വാർഡുണ്ട്. 37,545 ആണ് ജനസംഖ്യ. 17,753 പുരുഷന്മാരും 19,792 സ്ത്രീകളുമുണ്ട്. സംവരണ വാർഡുകൾ മാറിമറിഞ്ഞതോടെ ഇപ്രാവശ്യത്തെ സ്ഥാനാർഥി നിർണയം പാർട്ടികൾക്കും തലവേദനയാകും.
പാർട്ടി അനുമതിക്ക് കാത്തുനിൽക്കാതെ മത്സരിക്കാൻ തയാറെടുത്ത് ചില നേതാക്കൾ ഇപ്പോഴേ രംഗത്തുണ്ട്. സീറ്റ് കിട്ടാത്തവർ ഇതിനിടെ വിമതരായും രംഗത്തുവന്നേക്കാം. ജില്ല സ്റ്റേഡിയം വികസനം ഇരുമുന്നണികളും പ്രധാന പ്രചാരണായുധമാക്കുകതന്നെ ചെയ്യും. ജില്ല ആസ്ഥാനത്ത് പണി പൂർത്തിയാകാതെ കിടക്കുന്ന കെ.എസ്.ആർ.ടി.സി ഷോപ്പിങ് കോംപ്ലക്സ് നിർമാണം മറ്റൊരു വിഷയമാകും.
നഗരസഭ സംവരണ വാർഡുകൾ: വാർഡ് 4 (എസ്.സി ജനറൽ). 18, 25 (എസ്.സി വനിത). 1, 3, 6, 11, 12, 13, 15, 17, 20, 21, 22, 30, 31 (വനിത സംവരണ വാർഡുകൾ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.