അഭിമാനപ്രശ്നം; കിട്ടിയേ പറ്റൂ പത്തനംതിട്ട
text_fieldsശബരിമല ഉൾപ്പെടുന്ന മണ്ഡലമായതോടെ മൂന്ന് കക്ഷികളും തമ്മിൽ പൊരിഞ്ഞപോരാണ് പത്തനംതിട്ടയിൽ നടക്കുന്നത്. ജയം ഒാരോ കക്ഷിക്കും അഭിമാനപ്രശ്നമായതിൽ കൊണ്ടുപിടിച്ച പ്രചാരണത്തിലാണ് മുന്നണികൾ. മണ്ഡലത്തിലെവിടെയും പ്രധാന ചർച്ച വിഷയം ശബരിമല തന്നെ. തിരുവനന്തപുരം കഴിഞ്ഞാൽ എൻ.ഡി.എ വിജയപ്രതീക്ഷ പുലർത്തുന്നതും ഇവിടെയാണ്. ശബരിമല യുവതി പ്രവേശനത്തിൽ തങ്ങളെടുത്ത നിലപാടിനുള്ള അംഗീകാരമാണ് മൂന്നുകൂട്ടരും പ്രതീക്ഷിക്കുന്നത്.
ശബരിമലയുടെ പേരിലെ നിഷേധ വോട്ടുകൾ യു.ഡി.എഫിലും എൻ.ഡി.എയിലുമായി ഭിന്നിച്ച് പോകുമെന്നും തങ്ങൾക്ക് ദോഷമാവില്ലെന്നുമാണ് എൽ.ഡി.എഫിെൻറ വിശ്വാസം. സമുദായ സംഘടനകൾക്ക് ഏറെ സ്വാധീനമുള്ള മണ്ഡലമായതിനാൽ അവരുടെ നിലപാടുകളാണ് വിജയ ഘടകം. 56.93 ശതമാനം ഹിന്ദുക്കളും 38.12 ശതമാനം ക്രിസ്ത്യൻ വിഭാഗവും 4.60 ശതമാനം മുസ്ലിംകളുമാണുള്ളത്.
സമുദായ സംഘടനകളുടെ കാര്യമായ പിന്തുണ നേടാൻ ഇടതു മുന്നണിക്കായിട്ടില്ല. എൽ.ഡി.എഫിലെ വീണ ജോർജ് വിജയിച്ചാൽ അത് തങ്ങൾക്കേൽക്കുന്ന കനത്ത തിരിച്ചടിയായിരിക്കുമെന്നാണ് എൻ.എസ്.എസ് കരുതുന്നത്. ശബരിമല മുൻ നിർത്തി ഹിന്ദു കാർഡ് ഇറക്കി നേട്ടം കൊയ്യാനാണ് എൻ.ഡി.എ ശ്രമം. 10 വർഷമായി പത്തനംതിട്ടയുടെ പ്രതിനിധിയായ ആേൻറാ ആൻറണി നേരിടുന്ന പ്രധാന വിമർശനം കാര്യമായ വികസന നേട്ടങ്ങൾ ഉണ്ടാക്കാനായില്ല എന്നതാണ്.
മറ്റു വിപരീത ഘടകങ്ങളൊന്നും ആേൻറാക്കില്ല. വോട്ടർമാർക്ക് ആേൻറായോടുള്ള എതിർപ്പ് മുതലെടുക്കാനാണ് വീണാ ജോർജിെൻറ പരിശ്രമം. ശബരിമല വിഷയം മുൻ നിർത്തി ശക്തമായ ത്രികോണമത്സരം കാഴ്ചെവച്ച് വിജയക്കൊടി പാറിക്കാനാണ് എൻ.ഡി.എയിലെ കെ. സുരേന്ദ്രെൻറ നീക്കം. ഇൗഴവ സമുദായാംഗമായതിനാൽ എസ്.എൻ.ഡി.പിയുടെയും ഒപ്പം ശബരിമല മുൻ നിർത്തി എൻ.എസ്.എസിെൻറയും പിന്തുണ സുരേന്ദ്രൻ പ്രതീക്ഷിക്കുന്നു.
കഴിഞ്ഞ പാർലമെൻറ് തെരെഞ്ഞടുപ്പിൽ എൻ.ഡി.എ സ്ഥാനാർഥിയായിരുന്ന എം.ടി. രമേശ് നേടിയത് 15.99 ശതമാനം വോട്ടാണ്. വിജയിച്ച ആേൻറാ ആൻറണി നേടിയത് 41.30 ശതമാനവും എൽ.ഡി.എഫിലെ പീലിപ്പോസ് തോമസിന് ലഭിച്ചത് 34.84 ശതമാനവുമാണ്. 15.99 ശതമാനത്തിൽനിന്ന് ഇത്തവണ എത്രത്തോളം വിജയക്കുതിപ്പ് നടത്താനാകുമെന്നതാണ് എൻ.ഡി.എ നേരിടുന്ന വെല്ലുവിളി.
വലിയൊരു വിഭാഗത്തിെൻറ പിന്തുണ നേടാൻ കഴിഞ്ഞിട്ടുണ്ടെന്ന് എൻ.ഡി.എ തെരെഞ്ഞടുപ്പ് സമിതി കൺവീനർ ടി.ആർ. അജിത്കുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു. വീണാ ജോർജ് പ്രചാരണത്തിൽ വൻ മുന്നേറ്റം നടത്തിക്കഴിഞ്ഞുവെന്ന് എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് സമിതി ചെയർമാൻ കെ. അനന്തഗോപൻ പറഞ്ഞു. ശബരിമല വിഷയത്തിൽ സർക്കാർ നയത്തെ സ്വാഗതം ചെയ്ത എസ്.എൻ.ഡി.പി, ദലിത് വിഭാഗങ്ങൾ വീണക്ക് പിന്തുണയായി ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആേൻറാ ആൻറണി സ്ഥാനാർഥിയാകുന്നതിനോട് എതിർപ്പുള്ളവർ ഉണ്ടായിരുന്നുവെന്നും അതെല്ലാം പഴങ്കഥയായി കഴിഞ്ഞുവെന്നും ഡി.സി.സി പ്രസിഡൻറ് ബാബു ജോർജ് പറഞ്ഞു. ആേൻറാക്ക് ദോഷകരമാകുന്ന ഒരുഘടകങ്ങളും ഇപ്പോഴില്ല. അതിനാൽ വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.