കൈവിട്ട ഭരണം; നിഷ്ക്രിയ പാര്‍ട്ടി; ഒന്നും ശരിയാവാതെ സര്‍ക്കാര്‍
text_fieldsതിരുവനന്തപുരം: കസ്റ്റഡിമരണങ്ങള്‍, ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍, പൊലീസ് മര്‍ദനം, യു.എ.പി.എ- രാജ്യദ്രോഹ കുറ്റം ചുമത്തല്‍, തുടങ്ങിയ പൊലീസ് അതിക്രമങ്ങളില്‍ ഞെട്ടി കേരളം. ആഭ്യന്തര വകുപ്പിന്‍െറ ചുമതലയുള്ള മുഖ്യമന്ത്രിയും സര്‍ക്കാറിനെ നയിക്കുന്ന സി.പി.എമ്മും നോക്കുകുത്തിയായതോടെ, അധികാരമേറ്റ് ആറു മാസത്തിനുള്ളില്‍ എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ ഏറ്റവും വലിയ വെല്ലുവിളി സ്വന്തം പൊലീസ്തന്നെയായി മാറിയിരിക്കുന്നു.
എല്‍.ഡി.എഫ് അധികാരത്തില്‍ വരുമ്പോഴെല്ലാം സര്‍ക്കാറിന്‍െറ നിയന്ത്രണ ചരട് സി.പി.എം സംസ്ഥാന നേതൃത്വത്തിന്‍െറ കൈയില്‍തന്നെയിരിക്കുകയാണ് പതിവ്. അതുകൊണ്ടുതന്നെ പാര്‍ട്ടിയുടെയും മുന്നണിയുടെയും നയനിലപാടില്‍നിന്ന് വ്യതിചലിക്കുന്നത് തടയാന്‍ നേതൃത്വത്തിന് കഴിഞ്ഞിരുന്നു. സര്‍ക്കാറും പാര്‍ട്ടിയും തമ്മിലെ അനൈക്യം മൂര്‍ധന്യത്തിലായ 2006-11ല്‍ പോലും ഇതില്‍ മാറ്റം ഉണ്ടായില്ല. എന്നാല്‍, സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ് പിണറായി വിജയന്‍ മുഖ്യമന്ത്രിയായതോടെ ഇതില്‍ മാറ്റം വന്നു. പാര്‍ട്ടി നേതൃത്വത്തിന് നിയന്ത്രണം നഷ്ടമായതോടെ ഭരണസംവിധാനം പൂര്‍ണമേല്‍ക്കോയ്മയില്‍ എത്തി. അഴിമതിയും യു.ഡി.എഫ് കാലത്തെ ഉരുട്ടിക്കൊലകളും ഉണ്ടാകില്ളെന്ന് പ്രഖ്യാപിച്ച് അധികാരത്തിലത്തെിയ സര്‍ക്കാറിന്‍െറ പൊലീസ് നയങ്ങളും നടപടികളും മുന്നണിക്കും പാര്‍ട്ടിക്കും തലവേദന ആയിക്കഴിഞ്ഞു.
നാല് കസ്റ്റഡി മരണങ്ങള്‍, രണ്ട് ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍, യു.എ.പി.എ ചുമത്തല്‍, നിരവധി പേര്‍ക്ക് ക്രൂര മര്‍ദനം തുടങ്ങിയവയാണ് ആറു മാസത്തിനുള്ളില്‍ അരങ്ങേറിയത്. ആഭ്യന്തര വകുപ്പ് പ്രതിക്കൂട്ടില്‍ ആവുക സാധാരണ കോണ്‍ഗ്രസ് നേതൃത്വത്തിലെ മുന്നണി സര്‍ക്കാറുകളുടെ കാലത്താണ്. കെ. കരുണാകരന്‍, സി.എച്ച്. മുഹമ്മദ്കോയ, സി. അച്യുതമേനോന്‍ എന്നിവരുടെ കാലത്തെ ഭരണകൂട കൊലപാതകങ്ങള്‍ സി.പി.എമ്മിന് എക്കാലവും പ്രചാരണായുധവും ആണ്. എന്നാല്‍, പൊലീസിന്‍െറ മനോവീര്യം കെടുത്തുന്ന നടപടികളുണ്ടാവില്ളെന്ന് പറഞ്ഞ് ഇപ്പോഴുണ്ടാവുന്ന നടപടികള്‍ പൊതുസമൂഹത്തെ മാത്രമല്ല പാര്‍ട്ടി അനുഭാവികളെ പോലും എതിരാക്കിയെന്നാണ് സി.പി.എം വിലയിരുത്തല്‍. ഫോര്‍ട്ട് കൊച്ചിയില്‍ ബ്രാഞ്ച് സെക്രട്ടറിയെയും കുടുംബത്തെയും പരസ്യമായി മര്‍ദിച്ച ഉദ്യോഗസ്ഥന്‍ സസ്പെന്‍ഷന് ശേഷവും ഫേസ്ബുക്കില്‍ കുറിച്ച വരികള്‍ പൊലീസ് ഏതറ്റം വരെയും പോകുമെന്നതിന്‍െറ തെളിവായി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.
മുന്നണിയില്‍നിന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് ആദ്യം പ്രതികരിച്ചത്. പി.ബി അംഗം എം.എ. ബേബിയാണ് സി.പി.എമ്മില്‍നിന്ന് ആദ്യം പരസ്യമായി രംഗത്ത് എത്തിയത്. പിന്നാലെ ശക്തമായ വാക്കുമായി വി.എസും. ഗൗരവം തിരിച്ചറിഞ്ഞ് ഇടപെട്ട സി.പി.എം കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നല്‍കിയതോടെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍തന്നെ ഒടുവില്‍ ചുവപ്പുകൊടിയുമായി രംഗത്തത്തെിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.