പി.ജെ. കുര്യന് രാജ്യസഭ സീറ്റ് വീണ്ടും കിട്ടാനിടയില്ല
text_fieldsന്യൂഡൽഹി: രാജ്യസഭ ഉപാധ്യക്ഷൻ പി.ജെ. കുര്യന് വീണ്ടും രാജ്യസഭ സീറ്റ് കിട്ടാനിടയില്ല. കോൺഗ്രസിലെ യുവാക്കളുടെ കലാപത്തിെൻറ അകമ്പടിയോടെ സീറ്റിന് പിടിവലി മുറുകിയതു മാത്രമല്ല കാരണം. പ്രതിപക്ഷ പാർട്ടികളിൽ ഒരാളെ രാജ്യസഭ ഉപാധ്യക്ഷ സ്ഥാനത്തേക്ക് മത്സരിപ്പിച്ച് ബി.ജെ.പിക്കെതിരായ പ്രതിപക്ഷ െഎക്യം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് കോൺഗ്രസ് ചരടുവലി നടത്തുന്നുണ്ട്. രാജ്യസഭാധ്യക്ഷെൻറ പദവിയിലിരുന്ന് കുര്യൻ ബി.ജെ.പിയോട് മമത കാണിച്ചുവെന്ന ആരോപണം കോൺഗ്രസ് നേതാക്കൾക്കിടയിലുണ്ട്.
താൻ വീണ്ടും രാജ്യസഭയിൽ എത്തിയാൽ രാജ്യസഭ ഉപാധ്യക്ഷനാകുന്നതിന് ബി.ജെ.പിയുടെ മൗനസമ്മതം കിട്ടുമെന്നും, കോൺഗ്രസിന് ആ പദവി വീണ്ടും ലഭിക്കാൻ അത് വഴിയൊരുക്കുമെന്നുമുള്ള വാദം കുര്യൻ മുന്നോട്ടുവെച്ചിട്ടുണ്ട്. അതിനിടെയാണ്, ഒഡിഷയിലെ ബി.ജെ.ഡി, പശ്ചിമബംഗാളിലെ തൃണമൂൽ കോൺഗ്രസ് തുടങ്ങിയവക്ക് ഇൗ സ്ഥാനാർഥിത്വം നൽകി പ്രതിപക്ഷത്തിെൻറ വിശാല െഎക്യസാധ്യത കോൺഗ്രസ് തേടുന്നത്.
പ്രാേദശിക കക്ഷികളുമായി കഴിയുന്നത്ര വിട്ടുവീഴ്ച ചെയ്ത് ബി.ജെ.പി വിരുദ്ധ പ്രതിപക്ഷനിരയുടെ നേതൃസ്ഥാനം നേടാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുത്തതുപോലെ, മറ്റു വിട്ടുവീഴ്ചകൾ ചെയ്ത് രാഹുൽ ഗാന്ധിയെ പൊതുസ്വീകാര്യനായ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കാനുള്ള അവസരവും കൂടിയാണ് തേടുന്നത്.
ഡൽഹിയുടെ ചുമതലയുള്ള എ.െഎ.സി.സി ഭാരവാഹി എന്നനിലയിൽ പി.സി. ചാക്കോ, കോൺഗ്രസിൽ മുസ്ലിം നേതാക്കളും വനിതകളും തഴയപ്പെടുന്ന പ്രശ്നം ഉയർത്തി ഷാനിമോൾ ഉസ്മാൻ എന്നിവർ രാജ്യസഭ സീറ്റിന് തീവ്രമായി ശ്രമിക്കുന്നുണ്ട്. എ.െഎ.സി.സി ജനറൽ സെക്രട്ടറിയായ ഉമ്മൻ ചാണ്ടിക്ക് തട്ടകം പുതുപ്പള്ളിയായി നിലനിർത്താനാണ് ഇഷ്ടമെന്നിരിക്കേ, അദ്ദേഹം തൽക്കാലം ചിത്രത്തിലില്ല.
രാഹുൽ ഗാന്ധി വിദേശയാത്ര കഴിഞ്ഞ് തിരിച്ചെത്തുന്ന മുറക്ക് ചർച്ചകളിലേക്ക് കടക്കാൻ പാകത്തിൽ നേതൃനിര കേരളത്തിൽനിന്ന് ഡൽഹിയിലേക്ക് കയറുകയാണ്. കുര്യെൻറ രാജ്യസഭ സീറ്റ് മാത്രമല്ല വിഷയം. കെ.പി.സി.സി പ്രസിഡൻറ്, യു.ഡി.എഫ് കൺവീനർ എന്നീ കാര്യങ്ങളിലും വൈകാതെ തീരുമാനം ഉണ്ടാകും. എം.എം. ഹസനു പകരം കെ.പി.സി.സി പ്രസിഡൻറ് സ്ഥാനത്ത് മുല്ലപ്പള്ളി രാമചന്ദ്രനാണ് മുൻതൂക്കം. യു.ഡി.എഫ് കൺവീനറായി പി.പി. തങ്കച്ചന് പകരം കെ. മുരളീധരെൻറ പേരാണ് ഉയർന്നുകേൾക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.