ഒന്നും ഇഷ്യൂ ആക്കേണ്ട: കുഞ്ഞാലിക്കുട്ടി ഇനി ഡൽഹിയിലുണ്ടാകും
text_fieldsമലപ്പുറം: മാധ്യമപ്രവർത്തകരോട് പി.കെ. കുഞ്ഞാലിക്കുട്ടി എപ്പോഴും പറയുന്ന ഒരു വിഖ്യാത വാചകമുണ്ട് ‘ഇതൊന്നും നിങ്ങൾ വലിയ ഇഷ്യൂ ആക്കേണ്ട...’ സംസ്ഥാന രാഷ്ട്രീയത്തിൽ കുറേ വർഷങ്ങളായി കുഞ്ഞാലിക്കുട്ടിയുടെ റോൾ ഇപ്പറഞ്ഞതുതന്നെയാണ്. എന്നുവെച്ചാൽ ഒന്നും വലിയ ഇഷ്യൂ ആക്കേണ്ട, എല്ലാം അങ്ങനെയങ്ങ് കെട്ടടങ്ങിക്കൊള്ളുമെന്ന് അല്ലെങ്കിൽ അത് അങ്ങനെ കെട്ടടക്കും. കുറച്ചു വർഷങ്ങളായി സമവായത്തിന്‍റെ വക്താവാണ് കുഞ്ഞാലിക്കുട്ടി.
എല്ലാവർക്കുമിടയിൽ യോജിപ്പിന്‍റെയും ഐക്യത്തിന്‍റെയും സന്ദേശമുയർത്തി അദ്ദേഹം ഒാടിനടക്കുന്നു. കെ.എം. മാണി യു.ഡി.എഫ് വിട്ടിട്ടും ബന്ധം തുടർന്ന യു.ഡി.എഫിലെ ഒരേയൊരു നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി തന്നെ. കേരള കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ മാണി അത് തുറന്ന് പറയുകയും ചെയ്തു. ‘എല്ലാവർക്കും തണൽ വിരിക്കുന്ന വൃക്ഷമാണ് കുഞ്ഞാലിക്കുട്ടി’ എന്നായിരുന്നു മാണിയുടെ വിലയിരുത്തൽ. ഇങ്ങനെയുള്ള കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിൽ നിന്ന് ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവട് മാറ്റുമ്പോൾ യു.ഡി.എഫ് രാഷ്ട്രീയത്തിൽ ശൂന്യതയുണ്ടാവുക സ്വാഭാവികം. പ്രത്യേകിച്ച് അടുത്ത നാല് വർഷം പ്രതിപക്ഷമെന്ന നിലയിൽ യു.ഡി.എഫിന് പോരാട്ടങ്ങളുടെതാണ്. 2019ൽ ലോക്സഭ തെരഞ്ഞെടുപ്പും വരുന്നു.
കെ.എം. മാണി വിട്ടുനിൽക്കുന്ന സാഹചര്യത്തിൽ യു.ഡി.എഫ് ഐക്യത്തിന് മുൻകൈയ്യെടുക്കേണ്ട റോൾ കുഞ്ഞാലിക്കുട്ടിക്കാണ്. അതോടൊപ്പം നിയമസഭക്കകത്തും പുറത്തും പ്രതിപക്ഷ ഉപനേതാവിന്‍റെ റോളിലുണ്ടായിരുന്ന പരിചയസമ്പത്തും കൗശലവുമുള്ള നേതാവെന്ന നിലയിൽ സർക്കാരിനെതിരെ തന്ത്രങ്ങൾ മെനയുന്നതിനും സമരം നയിക്കുന്നതിനും ഇനി കുഞ്ഞാലിക്കുട്ടി ഉണ്ടാകില്ലെന്നതും യു.ഡി.എഫിന് ക്ഷീണമുണ്ടാക്കും. എന്നാൽ, ഡൽഹിയിലേക്ക് പറന്നാലും കുഞ്ഞാലിക്കുട്ടി യു.ഡി.എഫ് രാഷ്ട്രീയത്തിൽ സജീവമായി ഉണ്ടാകുമെന്ന ലീഗ് അധ്യക്ഷൻ ഹൈദരലി തങ്ങളുടെ സാന്ത്വനപ്പെടുത്തലിലാണ് യു.ഡി.എഫ് നേതാക്കളുടെ പ്രതീക്ഷ.
അതോടൊപ്പം അനുരഞ്ജനത്തിന്‍റെ രാഷ്ട്രീയം പയറ്റുന്ന കുഞ്ഞാലിക്കുട്ടി എൽ.ഡി.എഫ് സർക്കാറിനെതിരെ സംസ്ഥാനത്ത്പോരാടേണ്ട നിർണായക സന്ദർഭത്തിൽ ഡൽഹിയിലേക്ക് പോകുന്നതും അനുരഞ്ജനത്തിന്‍റെ ഭാഗമാണെന്ന് വിമർശിക്കുന്നവരുമുണ്ട്. 2006ൽ കുറ്റിപ്പുറത്ത് തന്‍റെ അടിവേരിളക്കിയ കെ.ടി. ജലീൽ ഇപ്പോൾ മന്ത്രിയാണ്. വെറും ആലങ്കാരിക പോസ്റ്റായ പ്രതിപക്ഷ ഉപനേതാവെന്ന ബാനറിൽ മന്ത്രി ജലീലിന് മുന്നിൽ ഇരിക്കാനുള്ള പ്രയാസമാണ് കുഞ്ഞാലിക്കുട്ടിയെ ഡൽഹിയിലേക്ക് പോകാൻ പ്രേരിപ്പിച്ചതെന്ന് പരിഹസിക്കുന്നവരുമുണ്ട്. ഇതെല്ലാം പുഛിച്ചുതള്ളുന്ന കുഞ്ഞാലിക്കുട്ടി പാർട്ടി പറഞ്ഞാൽ ഗ്രാമ പഞ്ചായത്തിലേക്കും മത്സരിക്കുമെന്നും പാണക്കാട് തങ്ങൾ വരാൻ പറഞ്ഞാൽ വരും പോകാൻ പറഞ്ഞാൽ പോകുമെന്നും വ്യക്തമാക്കുകയുണ്ടായി. എന്തായാലും കുഞ്ഞാലിക്കുട്ടിയുടെ അഭാവം നിയമസഭക്കകത്തും പുറത്തും യു.ഡി.എഫ് എങ്ങനെ തരണം ചെയ്യുമെന്നതാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.