ലോക്സഭയിലെത്തുന്ന ഏഴാമത്തെ ലീഗ് നേതാവ്
text_fieldsകോഴിക്കോട്: ഇന്ത്യൻ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ കേരളത്തിൽ നിന്ന് ലോക്സഭയിലെത്തുന്ന ഏഴാമത്തെ മുസ് ലിം ലീഗ് നേതാവാണ് മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ കന്നിവിജയം നേടിയ ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മാഈൽ സാഹിബ്, ജി.എം ബനാത്ത് വാല, ഇബ്രാഹിം സുലൈമാൻ സേട്ട്, സി.എച്ച് മുഹമ്മദ് കോയ, ഇ. അഹമ്മദ്, ഇ.ടി മുഹമ്മദ് ബഷീർ എന്നിവരാണ് പാർലമെന്‍റ് കണ്ട മറ്റ് ലീഗ് നേതാക്കൾ.
1962ലാണ് മഞ്ചേരി മണ്ഡലത്തിൽ നിന്ന് വിജയിച്ച േദശീയ അധ്യക്ഷൻ ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മാഈൽ സാഹിബാണ് ലോക്സഭയിലെ ആദ്യ മുസ് ലിം ലീഗ് പ്രതിനിധി. തുടർന്ന് മഞ്ചേരിയിൽ നിന്ന് 1967, 71 വർഷങ്ങളിൽ വിജയം ആവർത്തിച്ചു. 1962ൽ കോഴിക്കോട് മണ്ഡലത്തെ പ്രതിനിധീകരിച്ച് സി.എച്ച്. മുഹമ്മദ് കോയ ലോക്സഭയിലെത്തി.
1977 മുതൽ 1989 വരെ ഇബ്രാഹിം സുലൈമാൻ സേട്ടും 1991 മുതൽ 1999 വരെ ഇ. അഹമ്മദും മഞ്ചേരിയെ പ്രതിനിധീകരിച്ചു. മഞ്ചേരി മണ്ഡലം മാറി മലപ്പുറം ആയപ്പോൾ 2009ലും 2014ലും ഇ. അഹമ്മദ് ലോക്സഭയിലെത്തി. അഹമ്മദിന്‍റെ നിര്യാണത്തെ തുടർന്നാണ് അദ്ദേഹത്തിന്‍റെ പിൻഗാമിയായി പി.കെ കുഞ്ഞാലിക്കുട്ടി വിജയിച്ചത്.
1977ലാണ് ജി.എം ബനാത്ത് വാല പൊന്നാനി മണ്ഡലത്തിൽ നിന്ന് ലോക്സഭയിലെത്തുന്നത്. 1980, 84, 89, 96, 98, 99 വർഷങ്ങളിലും ഇതേ മണ്ഡലത്തിൽ ബനാത്ത് വാല വിജയം ആവർത്തിച്ചു. ഇതിനിടെ 1991ൽ ഇബ്രാഹിം സുലൈമാൻ സേട്ടും 2004ൽ ഇ. അഹമ്മദും പൊന്നാനിയുടെ പ്രതിനിധിയായി. 2009ൽ പൊന്നാനി മണ്ഡലത്തിൽ നിന്ന് കന്നി വിജയം നേടിയ ഇ.ടി മുഹമ്മദ് ബഷീർ 2014ൽ വിജയം ആവർത്തിച്ച് നിലവിലെ ലോക്സഭയിൽ മുസ് ലിം ലീഗ് പ്രതിനിധിയായി.
ഇവരെ കൂടാതെ ബി.വി അബ്ദുല്ല കോയ, അബ്ദുൽ സമദ് സമദാനി, പി.വി അബ്ദുൽ വഹാബ് എന്നിവർ പാർലമെന്‍റ് ഉപരിസഭയായ രാജ്യസഭയിൽ മുസ് ലിം ലീഗ് പ്രതിനിധികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.