സമയത്ത് കത്ത് നൽകിയില്ല; മുത്തലാഖ് ബില്ലിൽ ലീഗിന് വീണ്ടും പിഴച്ചു
text_fieldsന്യൂഡൽഹി: മുത്തലാഖ് ബില്ലിെന ലോക്സഭയിൽ എതിർക്കുന്ന കാര്യത്തിൽ മുസ്ലിംലീഗ് എം.പിമാർക്ക് വീണ്ടും പിഴച്ചു. കോൺഗ്രസ്, ആർ.എസ്.പി, എ.െഎ.എം.െഎ.എം അംഗങ്ങൾക്കൊപ്പം സം സാരിക്കാൻ ശ്രമിച്ച ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ അഭ്യർഥന സ്പീക്കർ ഒാം ബിർള തള്ളി. സംസാരിക്കാൻ സമയം തേടി യഥാസമയം കത്ത് നൽകാത്തതാണ് കാരണം.
മുത്തലാഖ് ബിൽ വെള്ളിയാഴ്ച സഭയിൽ സർക്കാർ അവതരിപ്പിക്കുന്ന കാര്യം നേരത്തെ അറിയാമായിരുന്നു. അതനുസരിച്ച് സംസാരിക്കേണ്ട എം.പിമാർ സ്പീക്കർക്ക് കത്തു നൽകി. ശശി തരൂർ, എൻ.കെ. പ്രേമചന്ദ്രൻ, അസദുദ്ദീൻ ഉവൈസി എന്നിവർക്കൊപ്പം സംസാരിക്കാൻ കുഞ്ഞാലിക്കുട്ടി എഴുന്നേറ്റെങ്കിലും സ്പീക്കർ സമ്മതിച്ചില്ല. നേരത്തെ വിവരമറിയിച്ച എല്ലാവർക്കും അവസരം നൽകിയെന്ന് പലവട്ടം സ്പീക്കർ ഒാർമിപ്പിച്ചു. ലീഗിെൻറ മൂന്ന് എം.പിമാരും സഭയിൽ ഉണ്ടായിരുന്നു.
കഴിഞ്ഞ ഡിസംബറിൽ ലോക്സഭയിൽ മുത്തലാഖ് ബിൽ ചർച്ചയും വോെട്ടടുപ്പും നടന്നപ്പോൾ കുഞ്ഞാലിക്കുട്ടി സഭയിൽ എത്താത്തത് പാർട്ടിക്ക് തലവേദനയായിരുന്നു. ചർച്ചക്ക് എത്താതെ ഒരു വ്യവസായ പ്രമുഖെൻറ മകെൻറ വിവാഹത്തിൽ അദ്ദേഹം പെങ്കടുത്തത് വിവാദമായതിനെ തുടർന്ന്, അണികൾക്കും നേതാക്കൾക്കും ബുദ്ധിമുട്ടുണ്ടായതിൽ കുഞ്ഞാലിക്കുട്ടി ഖേദപ്രകടനം നടത്തുകയും ചെയ്തു.
സഭയിൽ സംസാരിക്കാൻ അവസരം കിട്ടാതെ പോയ ലീഗ് നേതാക്കൾ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് വാർത്തസമ്മേളനം വിളിച്ച് മുത്തലാഖ് ബില്ലിനെക്കുറിച്ച് നിലപാട് വിശദീകരിച്ചു. മുത്തലാഖ് ബില്ലിൽ പ്രതിപക്ഷ െഎക്യം പ്രകടമായെന്നും വോട്ടെടുപ്പ് വേണ്ടിവന്നത് സർക്കാറിനേറ്റ തിരിച്ചടിയാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാജ്യസഭയിൽ മുത്തലാഖ് ബിൽ പാസാകാതിരിക്കാൻ തന്ത്രം മെനയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭൂരിപക്ഷം കൊണ്ട് കാര്യങ്ങൾ നേടിയെടുക്കാനാവിെല്ലന്ന് സർക്കാറിന് മനസ്സിലായി.
അടുത്തയാഴ്ച മുത്തലാഖ് ബിൽ ചർച്ചക്കെടുക്കുേമ്പാൾ മുസ്ലിം ലീഗിനും അവസരമുണ്ടെന്നും വിഷയത്തിലുള്ള അഭിപ്രായമെല്ലാം അവിടെ തുറന്നുപറയുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് വാർത്താലേഖകരോട് പറഞ്ഞു.
ഒരു വിഭാഗം ജനങ്ങളെ ശത്രുപക്ഷത്ത് നിർത്തുന്നതാണ് ബിൽ. വിഭാഗീയത ഉയർത്തിപ്പിടിച്ച രാഷ്ട്രീയവുമായി സർക്കാർ മുന്നോട്ടുപോകുകയാണ്. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ ഒരു മുൻഗണനയുമില്ല. മുത്തലാഖ് ബില്ലിനെ ശബരിമലയുമായി താരതമ്യം ചെയ്യേണ്ടതില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. ഇ.ടി മുഹമ്മദ് ബഷീർ എം.പിയും പത്രസമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.