ശശിയുടെ ‘ഗുഢാലോചന സിദ്ധാന്തം’ പൊളിയുന്നു
text_fieldsപാലക്കാട്: ലൈംഗിക ആരോപണം പ്രതിരോധിക്കുന്നതിന് പി.കെ. ശശി എം.എൽ.എയുടെ ഭാഗത്തുനിന് നുണ്ടായ രാഷ്ട്രീയ ഗൂഢാലോചന സിദ്ധാന്തം പാർട്ടിക്കുള്ളിൽ ഫലപ്രദമാവാൻ സാധ്യത കുറവ്. പരാതി മരവിപ്പിക്കാൻ പാർട്ടിയിൽ ഒരു വിഭാഗം അണിയറയിൽ തകൃതിയായ നീക്കം തുടരുന്നുണ്ടെങ്കിലും കേവല പ്രചാരണത്തിനോ ചതിപ്രയോഗത്തിനോ പരാതിക്കാരി തുനിഞ്ഞിട്ടില്ലെന്ന വസ്തുത കണ്ടില്ലെന്ന് നടിക്കാൻ നേതൃത്വം ബുദ്ധിമുട്ടും. തൽക്കാലം മാറ്റിവെച്ചെങ്കിലും ആസന്നമായ ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ല സമ്മേളനത്തോടനുബന്ധിച്ചുള്ള ഭാരവാഹി തെരഞ്ഞെടുപ്പ് ലൈംഗികാരോപണം പുറത്തുവരാൻ നിമിത്തമായിട്ടുണ്ടെന്ന അടക്കംപറച്ചിൽ പാർട്ടിക്കുള്ളിലുണ്ട്.
പ്രധാന ഭാരവാഹിത്വത്തിനായി ചരട് വലിക്കുന്നവരിൽ ഒരാൾക്കെതിരെ എം.എൽ.എ നടത്തിയതായി പറയുന്ന നീക്കങ്ങൾ ഇതിന് പിൻബലമായി വ്യഖ്യാനിക്കുന്നുമുണ്ട്. പാർട്ടി ജന. െസക്രട്ടറി പരാതി സംസ്ഥാന ഘടകത്തിന് അയച്ച ശേഷം മണ്ണാർക്കാട് കേന്ദ്രമായി എം.എൽ.എക്ക് അനുകൂലമായി ചില നീക്കങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ, ഡി.വൈ.എഫ്.ഐ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നീക്കുപോക്കുകളും സമ്മർദ തന്ത്രങ്ങളും ഗുരുതരമായ പരാതി പിൻവലിപ്പിക്കാൻ ഉതകില്ലെന്ന് കരുതുന്നവരാണ് പാർട്ടിയിൽ ഏറെയും.
മുമ്പ് ചില നേതാക്കൾക്കും പ്രമുഖ സ്ഥാനത്തിരിക്കുന്നവർക്കുമെതിരെ ഉയർന്ന സമാന പരാതികളും എം.എൽ.എക്കെതിരെ ഉണ്ടായതും തമ്മിൽ വ്യത്യാസമുണ്ട്. ഗൂഢാലോചനയും ചതിപ്രയോഗവും ഉണ്ടെന്ന വാദം ഈ പരാതികളിൽ ആരോപണ വിധേയർക്ക് ഗുണമുണ്ടാക്കിയിരുന്നു. എന്നാൽ, ആരോപണ വിധേയനെ മാധ്യമങ്ങളിലൂടെ ഇകഴ്ത്തിക്കാണിക്കാൻ ഡി.വൈ.എഫ്.ഐയുടെ ജില്ല കമ്മിറ്റി അംഗം കൂടിയായ പരാതിക്കാരി ശ്രമിച്ചതായി ആരോപിക്കാനാവാത്ത അവസ്ഥയാണ്. പാർട്ടി ജനറൽ സെക്രട്ടറിക്ക് അയച്ച പരാതിയുടെ കോപ്പി സംഘടിപ്പിക്കാൻ പല കേന്ദ്രങ്ങളും ശ്രമിച്ചെങ്കിലും നടന്നില്ല. പരാതിയോടൊപ്പം നൽകിയ ഓഡിയോ ക്ലിപ്പിങ്ങിലെ അശ്ലീല സംഭാഷണത്തിെൻറ കൂടി പശ്ചാത്തലത്തിൽ തനിക്ക് നീതി ലഭിക്കണമെന്ന ആവശ്യമാണ് ജനറൽ സെക്രട്ടറിയുടെ മുന്നിലെത്തിയത്.
പാർട്ടിയിലെ വിഭാഗീയതയുടെ ബാക്കി പത്രമായി ചിത്രീകരിക്കാനും ഇതിെൻറ ബലിയാടായി എം.എൽ.എയെ മാറ്റാനുമുള്ള നീക്കങ്ങൾ വസ്തുതകളുടെ പിൻബലമുള്ള ഈ പരാതിയുടെ മുന്നിൽ വിലപ്പോവുമോ എന്ന് കണ്ടറിയണം. മുമ്പ് പലവട്ടം വിവാദ പുരുഷനായപ്പോൾ ശശിയെ രക്ഷിക്കാൻ ശ്രമിച്ചവരിൽ പലരും ഇതുവരെ മനസ്സ് തുറന്നിട്ടില്ല.
പരാതി നിർവീര്യമാക്കാൻ പ്രാപ്തിയുണ്ടെന്ന് പറയപ്പെടുന്ന ഒരു ഡി.വൈ.എഫ്.ഐ നേതാവിനെ സ്വാധീനിക്കാനുള്ള വഴിയാണ് ഏറ്റവുമൊടുവിൽ എം.എൽ.എയുടെ അനുയായികൾ പയറ്റുന്നത്. ഇത് ഫലപ്രാപ്തിയിലെത്തുകയും പരാതി നിർവീര്യമാവുകയും ചെയ്താലും പാർട്ടിക്കുണ്ടായ കളങ്കം മാറില്ല. നടപടികൾക്ക് തയാറായില്ലെങ്കിൽ പാലക്കാട് ജില്ലയിലെ പാർട്ടിയിലെങ്കിലും രൂക്ഷ പ്രതികരണങ്ങൾ ഉറപ്പാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.