പി.കെ. ശശിയുടെ ക്യാപ്റ്റൻ സ്ഥാനം; ചർച്ച ഏരിയ കമ്മിറ്റിയിൽ മതിയെന്ന് നേതൃത്വം
text_fieldsപാലക്കാട്: നവംബർ അവസാനം നടക്കുന്ന സി.പി.എം മണ്ഡലം ജാഥയിലെ ഷൊർണൂരിലെ ക്യാപ്റ്റനായി പി.കെ. ശശിയെ തീരുമാനിച്ച ജില്ല നേതൃത്വത്തിെൻറ നിലപാടിനെതിരെ മണ്ഡലം കമ്മിറ്റി യോഗത്തിൽ വിമർശനം. എം.എൽ.എയുടെ സാന്നിധ്യത്തിലായിരുന്നു വിമർശനം. ചർച്ച ഏരിയ കമ്മിറ്റി യോഗങ്ങളിൽ മതിയെന്ന നിലപാടിലായിരുന്നു നേതൃത്വം. അധ്യക്ഷനും മറ്റൊരു ജില്ല കമ്മിറ്റി അംഗവും ചേർന്നാണ് ചർച്ച ഏരിയ കമ്മിറ്റിയിൽ മതിയെന്ന് യോഗത്തിൽ പറഞ്ഞത്. മണ്ഡലം സർക്കുലറിൽ ക്യപ്റ്റെൻറ പേര് വേണ്ടെന്നും യോഗത്തിൽ തീരുമാനമായി. ചെർപ്പുളശ്ശേരി ഏരിയ കമ്മിറ്റിയിലെ രണ്ടംഗങ്ങളാണ് മണ്ഡലം കമ്മിറ്റി യോഗത്തിൽ വിമർശനവുമായി രംഗത്ത് വന്നത്. യോഗത്തിലെ അധ്യക്ഷൻ പി.എ. ഉമ്മർ, ജില്ല കമ്മിറ്റി അംഗമായ എം.ആർ. മുരളി എന്നിവരാണ് ചർച്ച ഏരിയ കമ്മിറ്റികളിൽ മതിയെന്ന് പറഞ്ഞ് രൂക്ഷമായ ചർച്ചകളിലേക്ക് കടക്കുന്നത് തടഞ്ഞത്. പി.കെ. ശശിക്കെതിരെ ശക്തമായി നിലകൊള്ളുന്ന ഒറ്റപ്പാലം, ചെർപ്പുളശ്ശേരി ഏരിയ കമ്മിറ്റി അംഗങ്ങൾ പരസ്യമായി രംഗത്ത് വരുന്നത് പാർട്ടിക്ക് ക്ഷീണം ചെയ്യും എന്ന നിഗമനത്തിലാണ് നേതൃത്വം ഇങ്ങനൊരു നിലപാട് സ്വീകരിച്ചത്.
തിങ്കളാഴ്ച നടന്ന ജില്ല കമ്മിറ്റിയിൽ ശശിയെ മുൻ നിർത്തി ജാഥ നടത്താൻ ബുദ്ധിമുട്ടുണ്ടെന്ന് ചെർപ്പുളശ്ശേരി മേഖലയിൽ നിന്നുള്ള ജില്ല കമ്മിറ്റി അംഗം പറഞ്ഞിരുന്നു. മണ്ഡലം കമ്മിറ്റി യോഗത്തിൽ വിഷയത്തിൽ ചർച്ച ഉണ്ടായാൽ അത് എം.എൽ.എയേയും നേതൃത്വത്തേയും ദോഷമായി ബാധിക്കുമെന്ന നിഗമനത്തിലാണ് നേതൃത്വം തന്ത്രപൂർവം വിഷയം ഏരിയ കമ്മിറ്റികളിലേക്ക് ഒതുക്കിയത്.
ഷൊർണൂർ മണ്ഡലത്തിൽ ഉൾപ്പെടുന്ന മൂന്നാമത്തെ ഏരിയ കമ്മിറ്റിയായ ശ്രീകൃഷ്ണപുരത്തും ശശിയെ എതിർക്കുന്ന വിഭാഗമുണ്ട്. ശശി പങ്കെടുത്ത ശ്രീകൃഷ്ണപുരം ഏരിയ റിപ്പോർട്ടിങ്ങിൽ നിന്ന് നാല് ഏരിയ കമ്മിറ്റി അംഗങ്ങൾ വിട്ട് നിന്നതും ചർച്ചയായിരുന്നു. ഈ സാഹചര്യത്തിൽ ഒരുമിച്ച് വിഷയം ചർച്ച ചെയ്യുന്നത് നേതൃത്വത്തിെൻറ തീരുമാനത്തെ പൊളിക്കുന്നതിന് തുല്യമാവുമെന്ന് കരുതിയാണ് ചർച്ച ഏരിയ കമ്മിറ്റി യോഗങ്ങളിലേക്ക് ഒതുക്കിയത്. ശശിക്കെതിരെ ഉയർന്ന ലൈംഗികാരോപണ പരാതിയിൽ അന്വേഷണം നടത്തുന്ന പാർട്ടി കമീഷൻ റിപ്പോർട്ട് മണ്ഡലം ജാഥക്ക് മുമ്പായി സമർപ്പിച്ചാൽ മാത്രമേ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് എം.എൽ.എയെ മാറ്റാൻ സാധ്യതയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.