സ്വാതന്ത്ര്യദിനത്തിൽ തൊഴിലില്ലായ്മയെ കുറിച്ചും സമ്പദ്വ്യവസ്ഥയെ കുറിച്ചും മോദി പറയണമായിരുന്നു -ശിവസേന
text_fieldsമുംബൈ: സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തൊഴിലില്ലായ്മ പരിഹരിക്കുന്നതിനെ കുറിച്ചും സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള നടപടികളെ കുറിച്ചും പറയണമായിരുന്നുവെന്ന് ശിവസേന. പാർട്ടി മുഖപത്രമായ സാമ്നയിലെ ലേഖനത്തിലാണ് രാജ്യം നേരിടുന്ന കാതലായ പ്രശ്നങ്ങളെ അഭിസംബോധന ചെയ്തില്ലെന്നു ചൂണ്ടിക്കാട്ടി മോദിക്കെതിരെ വിമർശനമുന്നയിച്ചിരിക്കുന്നത്.
ഒന്നര മണിക്കൂറോളം നീണ്ടുനിന്ന സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി കോവിഡ് വാക്സിൻ പരീക്ഷണത്തെ കുറിച്ചും, രാജ്യത്തിന്‍റെ പ്രതിരോധ മേഖലയെ കുറിച്ചും, ഡിജിറ്റൽ ഹെൽത്ത് മിഷനെ കുറിച്ചും മറ്റു കാര്യങ്ങളെ കുറിച്ചും പറഞ്ഞു. എന്നാൽ, വൈറസ് വ്യാപനമുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഏറെ കൊട്ടിഘോഷിച്ച ആത്മനിർഭർ ഭാരത് പദ്ധതിക്ക് കഴിയുമോയെന്നത് ചോദ്യമായി ബാക്കിയാണ് -ലേഖനത്തിൽ പറയുന്നു.
ഇതുവരെ 14 കോടിയോളം ജനങ്ങൾക്ക് തൊഴിൽ നഷ്ടമായി. ഇത് നാൾക്കുനാൾ വർധിക്കും. വീടുകളിൽ നിന്ന് പുറത്തിറങ്ങിക്കഴിയുമ്പോൾ ജനങ്ങൾക്ക് എന്താണ് ചെയ്യാനുള്ളത്. തൊഴിൽ മേഖലയും വ്യാപാരമേഖലയുമെല്ലാം തകർന്നു. ഇക്കാര്യങ്ങളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യേണ്ടതായിരുന്നു.
രാജ്യത്തിന് കാവൽ നിൽക്കുന്ന സൈന്യം ശത്രുക്കളെ നടുക്കടലിൽ തളച്ചിരിക്കുകയാണ്. എന്നാൽ, രാജ്യത്തിനകത്ത് ഉയരുന്ന ദാരിദ്ര്യത്തെയും തൊഴിലില്ലായ്മയെയും നമ്മൾ എങ്ങിനെയാണ് നേരിടുന്നത് -ലേഖനത്തിൽ ചോദിക്കുന്നു.
പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിനെയും ലേഖനം രൂക്ഷമായി വിമർശിച്ചു. സ്വാതന്ത്ര്യദിന ചടങ്ങിൽ പ്രതിരോധ മന്ത്രി പറഞ്ഞത് ആഗോള സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ ഇന്ത്യക്ക് കഴിവുണ്ടെന്നാണ്. ലോകത്തെ വെറുതെ വിടൂ സർ, രാജ്യത്തിന്‍റെ സമ്പദ്വ്യവസ്ഥക്ക് വേഗം പകരൂ. സ്വാതന്ത്ര്യദിനങ്ങൾ വരും, പോകും. ചെങ്കോട്ട അവിടെത്തന്നെയുണ്ടാകും -ലേഖനം ഓർമിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.