Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightസൗമ്യഭാവം കൈമുതലാക്കിയ...

സൗമ്യഭാവം കൈമുതലാക്കിയ കമ്യൂണിസ്റ്റ്

text_fields
bookmark_border
Chandrasekharan-Nair-E
cancel
camera_alt?. ??????????? ????

വ്യക്തി ജീവിതത്തിവും രാഷ്ട്രീയ ജീവിതത്തിവും വിശുദ്ധി ഉയർത്തി പിടിച്ച അഴിമതിയുടെ കറപുരളാത്ത രാഷ്ട്രീയ നേതാവാണ് ഇടയിലഴികത്ത് ചന്ദ്രശേഖരന്‍ നായർ എന്ന ഇ. ചന്ദ്രശേഖരൻ നായർ. സാധാരണ ജനങ്ങളുടെ വേദനകളും വികാരങ്ങളും മനസിലാക്കാനും അവരെ സാന്ത്വനിപ്പിക്കാനും ഉതകുന്ന നയപരിപാടികളും തീരുമാനങ്ങളും നടപ്പാക്കാനും ശ്രമിച്ച 'സഖാവ് ഇ'‍യുടെ ജീവിതം വർത്തമാന കാലത്തെ രാഷ്ട്രീയ നേതാക്കൾക്ക് ഉത്തമ മാതൃകയാണ്. 

1980ൽ നായനാർ മന്ത്രിസഭയിൽ അംഗമായിരിക്കെ കേരളത്തിൽ പൊതുവിതരണ രംഗത്ത് മാവേലി സ്റ്റോർ, ഒാണച്ചന്ത തുടങ്ങിയ വിപ്ലവകരമായ ആശയം നടപ്പാക്കിയതാണ് 60 വർഷം നീണ്ട രാഷ്ട്രീയ ജീവിതത്തിൽ ചന്ദ്രശേഖരൻ നായർ കൈവരിച്ച ഏറ്റവും തിളക്കമാർന്ന നേട്ടം. നിക്ഷേപ സമാഹരണ പദ്ധതിക്ക് തുടക്കം കുറിച്ചതാണ് 40 വർഷക്കാലം സഹകരണ മേഖലയുടെ എല്ലാമായിരുന്ന അദ്ദേഹത്തിന്‍റെ മറ്റൊരു നേട്ടം. മൂന്നു തവണ മന്ത്രിയും ആറു തവണ എം.എൽ.എയും സി.പി.ഐ ദേശീയ കണ്‍ട്രോള്‍ കമീഷന്‍ അംഗം വരെയായ ചന്ദ്രശേഖരൻ നായർ 'മാൻ ഒാഫ് ഐഡിയാസ്' എന്ന് വിശേഷിപ്പിക്കാവുന്ന ഭരണാധികാരിയായിരുന്നു. 

1928 ഡിസംബര്‍ രണ്ടിന് കൊല്ലം എഴുകോണ്‍ സ്വദേശി ഇടയിലഴികത്ത് ഈശ്വരപിള്ള എന്ന ഈശ്വരപിള്ള വക്കീലിന്‍റെയും കൊല്ലം ഇരുമ്പനങ്ങാട് സ്വദേശി മുട്ടത്തുവയലില്‍ മീനാക്ഷിയമ്മയുടെയും മകനായാണ് ചന്ദ്രശേഖരന്‍ നായരുടെ ജനനം. (തിരുവിതാംകൂറിലെ പ്രമുഖ അഭിഭാഷകനായിരുന്ന ഈശ്വരപിള്ള, ശ്രീമൂലം അസംബ്ലി, ശ്രീചിത്ര സ്റ്റേറ്റ് അസംബ്ലി, തിരുകൊച്ചി നിയമസഭ എന്നിവയിൽ അംഗമായിരുന്നു).

കൊട്ടാരക്കര സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍, സര്‍ക്കാര്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം, ഇ.എസ്.എല്‍.സിക്ക് ശേഷം ചങ്ങനാശേരി എസ്.ബി കോളജിൽ നിന്ന് ഇന്‍റര്‍മീഡിയറ്റ് പഠനം പൂർത്തിയാക്കി. തുടര്‍ന്ന് അണ്ണാമലൈ സര്‍വകലാശാലയില്‍ നിന്നും ഗണിതശാസ്ത്രത്തിലും എറണാകുളം ഗവണ്‍മെന്‍റ് ലോ കോളജില്‍ നിന്നും നിയമത്തിലും ബിരുദം നേടി. ഇതിനിടെ കൊട്ടാരക്കര തൃക്കണ്ണമംഗല്‍ സംസ്‌കൃത ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഗോദവര്‍മ തിരുമുല്‍പ്പാടിന്‍റെ കീഴിൽ സംസ്‌കൃത പഠനവും നടത്തി. നിയമപഠനത്തിന്‍റെ ഇടവേളയിൽ പിതാവ് സ്ഥാപിച്ച ഹൈസ്‌കൂളില്‍ ഹെഡ്മാസ്റ്ററായും ഗണിതശാസ്ത്ര അധ്യാപകനായും സേവനമനുഷ്ഠിച്ചു. 

വിദ്യാര്‍ഥി കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തിലിറങ്ങിയ ചന്ദ്രശേഖരന്‍ നായര്‍, ഇന്ത്യന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയിലും പിന്നീട് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലുമെത്തി. കമ്യൂണിസ്റ്റ് പാര്‍ട്ടിയിൽ 1952ല്‍ അംഗമായിരുന്ന അദ്ദേഹം‍, കൊട്ടാരക്കര ടൗണ്‍ സെല്‍ സെക്രട്ടറി, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, താലൂക്ക് സെക്രട്ടറി, സംസ്ഥാന കൗണ്‍സില്‍ അംഗം, ദേശീയ കണ്‍ട്രോള്‍ കമീഷന്‍ അംഗം, സംസ്ഥാന കണ്‍ട്രോള്‍ കമീഷന്‍ ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1957നും 67ലും കൊട്ടാരക്കര, 77ലും 80ലും ചടയമംഗലം, 87ൽ പത്തനാപുരം, 96ൽ കരുനാഗപള്ളി എന്നീ നിയോജക മണ്ഡലങ്ങളിൽ നിന്ന് നിയമസഭയിലെത്തി. 

19 വര്‍ഷം നിയമസഭാംഗമായിരുന്ന ചന്ദ്രശേഖരൻ നായർ,  മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സി. അച്യുതമേനോന് വേണ്ടി 1970ൽ കൊട്ടാരക്കര എം.എൽ.എയായിരിക്കെ രാജിവെച്ചു. 1957ലെ ഒന്നാം നിയമസഭയിൽ ഭൂപരിഷ്കരണ ബില്ലിന്‍റെയും 67ലെ നിയമസഭയിൽ ഭൂപരിഷ്‌കരണ ബില്ലിന്‍റെയും സര്‍വകലാശാല ബില്ലിന്‍റെയും സെലക്ട് കമ്മിറ്റികളിൽ അംഗമായിരുന്നു. സി.എച്ച് മുഹമ്മദ് കോയയുടെ അഭാവത്തില്‍ സര്‍വകലാശാല ബില്ലിന്‍റെ സെലക്ട് കമ്മിറ്റി യോഗങ്ങളുടെ അധ്യക്ഷ പദവും വഹിച്ചു. മൂന്നാം നിയമസഭയുടെ ഒന്നും രണ്ടും അഞ്ചാം നിയമസഭയുടെ ഒന്നും രണ്ടും നാലും ആറും സമ്മേളനങ്ങളില്‍ പാനല്‍ ഓഫ് ചെയര്‍മാനായും പ്രവര്‍ത്തിച്ചു. 1977ലെ അഞ്ചാം നിയമസഭയില്‍ സ്വകാര്യ ബില്ലുകളും പ്രമേയങ്ങളും സംബന്ധിച്ച സമിതിയുടെ അധ്യക്ഷനായിരുന്നു. 80ൽ നിയമസഭ വിഷയ നിര്‍ണയസമിതികള്‍ രൂപീകരിക്കുന്നത് സംബന്ധിച്ച അഡ്‌ഹോക്ക് കമ്മിറ്റിയുടെയും 99ല്‍ നിയമസഭ വിഷയ നിര്‍ണയസമിതികളുടെ പ്രവര്‍ത്തനം ശക്തമാക്കുന്നത് പഠിക്കാനുള്ള സമിതിയുടെയും ചെയര്‍മാനും ആയിരുന്നു.

1980-81, 1987-91, 1996-2001 എന്നീ കാലയളവിൽ ഭക്ഷ്യം, പൊതുവിതരണം, ഭവനനിര്‍മാണം, മൃഗസംരക്ഷണം, ക്ഷീരവികസനം ഉപഭോക്തൃകാര്യം, വിനോദസഞ്ചാരം, വികസനം, നിയമം, സഹകരണസംഘങ്ങള്‍ എന്നീ വകുപ്പുകളുടെ മന്ത്രിയായി. 1958-87വരെ കൊല്ലം ജില്ലാ ബാങ്ക് പ്രസിഡന്‍റ്, 1972-80 വരെ സംസ്ഥാന സഹകരണ ബാങ്കിന്‍റെ പ്രസിഡന്‍റായും അദ്ദേഹം പ്രവർത്തിച്ചു. മികച്ച പാര്‍ലമെന്‍റേറിയനുള്ള ആര്‍. ശങ്കരനാരായണന്‍ തമ്പി സ്മാരക പുരസ്‌കാരം അടക്കം നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കേരള നിയമസഭയുടെ 60ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ചന്ദ്രശേഖരന്‍ നായരെ സംസ്ഥാന സർക്കാർ ആദരിച്ചിരുന്നു.

കേരളവികസന മാതൃക ഇനി എങ്ങോട്ട്?, ഹിന്ദുമതം ഹിന്ദുത്വം, ചിതറിയ ഓര്‍മകള്‍, മറക്കാത്ത ഓര്‍മകള്‍ എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഹിന്ദുമതം ഹിന്ദുത്വം എന്ന പുസ്തകത്തിന് കേരള സാഹിത്യ അക്കാദമിയുടെ കെ.ആര്‍ നമ്പൂതിരി പുരസ്‌കാരം ലഭിച്ചു. ജനയുഗം ദിനപത്രത്തിന്‍റെ മാനേജിങ് എഡിറ്ററായിരുന്ന ചന്ദ്രശേഖരന്‍ നായര്‍, 2007 മുതല്‍ പത്രത്തില്‍ ‘ഇടപെടല്‍’ എന്ന പംക്തി എഴുതിയിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:former mlaformer ministercpi leadermalayalam newspolitics newspolitical lifeE Chandrasekharan nair
News Summary - Political Life of CPI Leader E Chandrasekharan Nair -Politics News
Next Story