ഒറ്റ തെരഞ്ഞെടുപ്പിനെ എതിർത്ത് പാർട്ടികൾ
text_fieldsന്യൂഡൽഹി: ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പ് ഒരേസമയം നടത്തുന്ന കാര്യത്തിൽ രാഷ്ട്രീയ പാർട്ടികളുടെ അഭിപ്രായം തേടുന്ന നിയമകമീഷൻ പ്രക്രിയക്ക് തർക്കത്തിെൻറ അകമ്പടിയോടെ തുടക്കം. നരേന്ദ്ര മോദിയുടെയും ബി.ജെ.പിയുടെയും സ്വപ്നപദ്ധതിയെ പ്രതിപക്ഷ പാർട്ടികൾ എതിർക്കുന്നതിനു പുറമെ, ഇത്തരമൊരു കൂടിയാലോചന നടത്താൻ നിയമ കമീഷനുള്ള അധികാരവും ചോദ്യംചെയ്യപ്പെടുന്നു.
പ്രതിപക്ഷ പാർട്ടികളുടെ യോജിച്ച നിലപാട് കമീഷനെ അറിയിക്കാനുള്ള ചർച്ചകളിലാണ് കോൺഗ്രസ്. നിയമകമീഷൻ യോഗം സി.പി.എം ബഹിഷ്കരിച്ചു. സമാജ്വാദി പാർട്ടി, തൃണമൂൽ കോൺഗ്രസ്, എ.െഎ.എ.ഡി.എം.കെ, സി.പി.െഎ, മുസ്ലിംലീഗ് തുടങ്ങി വിവിധ പാർട്ടികൾ ഒറ്റ തെരഞ്ഞെടുപ്പ് എന്ന ആശയത്തോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. ബി.ജെ.പിയുടെ സഖ്യകക്ഷിയായ ഗോവ ഫോർവേഡ് പാർട്ടിയും എതിർത്തു.
തെരഞ്ഞെടുപ്പുകൾ ഒന്നിച്ചാക്കുന്ന സുപ്രധാന നടപടിയെക്കുറിച്ച് പാർലമെൻറാണ് ചർച്ച ചെയ്യേണ്ടതെന്നും, ഇത്തരമൊരു കൂടിയാലോചന നടത്താൻ നിയമകമീഷന് അധികാരമില്ലെന്നും വിവിധ പ്രതിപക്ഷ പാർട്ടികൾ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബി.ജെ.പിയുടെയും സ്വപ്ന പദ്ധതിയായി ഒറ്റ തെരഞ്ഞെടുപ്പ് മാറിയിട്ടുണ്ട്. സ്വതന്ത്രമായി പ്രവർത്തിക്കേണ്ട നിയമകമീഷൻ സർക്കാറിെൻറ ചട്ടുകമാക്കരുതെന്നാണ് വിവിധ പാർട്ടികൾ മുന്നോട്ടുവെക്കുന്ന നിലപാട്.
ഒറ്റ തെരഞ്ഞെടുപ്പ് ജനാധിപത്യ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കമീഷന് കത്തയച്ചിരുന്നു.
ഭരണഘടനയുടെ മൗലികാശയങ്ങൾക്ക് വിരുദ്ധമാണ് ഒറ്റ തെരഞ്ഞെടുപ്പെന്ന് സി.പി.െഎ ദേശീയ സെക്രട്ടറി അതുൽകുമാർ അഞ്ജൻ പറഞ്ഞു. ഭരണഘടന ഭേദഗതിയെക്കുറിച്ച് ചർച്ച ചെയ്യേണ്ടത് പാർലമെൻറാണ്. ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം രാഷ്ട്രീയ പാർട്ടികളുമായി ചർച്ചചെയ്യാൻ നിയമ കമീഷന് അധികാരമില്ല.
അപ്രായോഗികവും ഭരണഘടന വിരുദ്ധവുമാണ് ഒറ്റ തെരഞ്ഞെടുപ്പെന്ന് യോഗത്തിൽ പെങ്കടുത്ത തൃണമൂൽ കോൺഗ്രസ് എം.പി കല്യാൺ ബാനർജി പറഞ്ഞു. ഭരണഘടനയുടെ അടിസ്ഥാന സ്വഭാവം മാറ്റാൻ പാടില്ല. ഒറ്റ തെരഞ്ഞെടുപ്പുകൊണ്ട് തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഗണ്യമായ മാറ്റമൊന്നും ഉണ്ടാകാൻ പോകുന്നില്ലെന്ന് മുസ്ലിംലീഗ് അഖിലേന്ത്യ സെക്രട്ടറി ഖുർറം ഉമർ പറഞ്ഞു. സമവായമുണ്ടെങ്കിൽ 2024ൽ ആലോചിക്കാമെന്ന നിലപാടാണ് എ.െഎ.എ.ഡി.എം.കെ പ്രകടിപ്പിച്ചത്.
യോഗം ബഹിഷ്കരിക്കുന്നതിനു പകരം പ്രതിപക്ഷ പാർട്ടികളുടെ യോജിച്ച നിലപാട് കമീഷനെ അറിയിക്കാനാണ് ശ്രമിക്കുന്നതെന്ന് കോൺഗ്രസ് വക്താവ് ആർ.പി.എൻ. സിങ് പറഞ്ഞു. കമീഷെൻറ അഭിപ്രായ ശേഖരണം ചൊവ്വാഴ്ചയും നടന്നേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.