സാമ്പാർ രസം തീർന്നു; വേങ്ങര മണ്ഡലത്തിൽ പാർട്ടികൾ സ്വന്തം തറവാടുകളിൽ കൂടണയുന്നു
text_fieldsവേങ്ങര: ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പരമ്പരാഗത സമവാക്യങ്ങൾ തെറ്റിച്ചു പുതുമുന്നണികൾ രൂപവത്കരിക്കുകയും ഗ്രാമപഞ്ചായത്ത് ഭരണം വരെ പിടിച്ചെടുക്കുകയും ചെയ്ത കൂട്ടുകെട്ടുകൾ അവസാനിക്കുന്നു. സാമ്പാർ മുന്നണിയെന്നു പൊതുജനം പേരിട്ട പരീക്ഷണ കൂട്ടുകെട്ടുകളിലെ കക്ഷികളാണ് അഞ്ചുവർഷങ്ങൾക്കുശേഷം പഴയ ലാവണങ്ങളിലേക്ക് മടങ്ങുന്നത്.
പറപ്പൂർ, കണ്ണമംഗലം ഗ്രാമപഞ്ചായത്തുകളിലാണ് ലീഗ് ഒരു ഭാഗത്തും കോൺഗ്രസ് മറ്റു പാർട്ടികളോടൊപ്പം മറുപക്ഷത്തും അണിനിരന്നു തെരഞ്ഞെടുപ്പിനെ നേരിട്ടത്.പറപ്പൂരിൽ ലീഗും കോൺഗ്രസിലെ ഒരു വിഭാഗവും ഒരു ഭാഗത്തും കോൺഗ്രസും എൽ.ഡി.എഫും വെൽഫെയർ പാർട്ടി ഉൾപ്പെടെയുള്ള കക്ഷികളും ചേർന്നു ജനകീയ മുന്നണി രൂപവത്കരിച്ചു മറുഭാഗത്തുമായി അണിനിരന്നത്. പാർട്ടികളെ പരാമർശിക്കാതെ സ്വന്തമായി കൊടിയും ചിഹ്നവുമുയർത്തി ജനകീയ മുന്നണി തെരഞ്ഞെടുപ്പിനെ നേരിട്ട് അധികാരത്തിലെത്തി.
ഏഴിനെതിരെ 12 വാർഡുകൾ നേടി ജനകീയ മുന്നണി അധികാരത്തിലെത്തിയെങ്കിലും ഇടക്കാലത്തു രണ്ടുപേർ ജനകീയ മുന്നണിയിൽനിന്ന് തിരിച്ചുപോയി. എങ്കിലും ഒരാൾ ഭൂരിപക്ഷത്തിൽ മുന്നണിക്ക് അധികാരം നിലനിർത്താനായി. കണ്ണമംഗലത്ത് ലീഗും ഒരു വിഭാഗം കോൺഗ്രസും ചേർന്ന് ഒരു പക്ഷത്തും ഔദ്യോഗിക കോൺഗ്രസും എൽ.ഡി.എഫും വെൽഫെയർ പാർട്ടിയും ചേർന്ന് മറുപക്ഷത്തുമായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. 20 വാർഡിൽ ഒമ്പതു സീറ്റിൽ ജനകീയ മുന്നണി ജയിച്ചു കയറി.
11 സീറ്റ് നേടിയ ലീഗ് ഒറ്റക്ക് അധികാരത്തിൽ വന്നെങ്കിലും ഇടക്കാലത്തു കോൺഗ്രസ് ജനകീയ മുന്നണിയിൽനിന്ന് തിരിച്ചുപോവുകയും ലീഗുമായി ചേർന്ന് യു.ഡി.എഫ് നിലവിൽ വരികയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.