ആരവം കുറഞ്ഞോട്ടെ... ആവേശം ചോരില്ല
text_fieldsതൊടുപുഴ: തദ്ദേശ തെരഞ്ഞെടുപ്പിെൻറ തീയതി നിശ്ചയിക്കപ്പെട്ടില്ലെങ്കിലും പരസ്യപ്രചാരണത്തിനായി നാട്ടിൻ പുറത്തെ ചുവരുകൾ സ്വന്തമാക്കാനുള്ള പരക്കം പാച്ചിലിലാണ് രാഷ്ട്രീയ പാർട്ടികളും അണികളും. ഇത്തവണ ജാഥയും കൊട്ടിക്കലാശവുമൊന്നുമില്ലാത്തതിനാൽ തെരഞ്ഞെടുപ്പിെൻറ ആരവം കുറയുേമായെന്ന ആശങ്കയിലും ആവേശത്തിെൻറ കാര്യത്തിൽ ഒട്ടും കുറവ് വരില്ലെന്നാണ് അണികൾ ചൂണ്ടിക്കാട്ടുന്നത്.
ചുവരുകൾ ബുക്ക് ചെയ്തും എതിരാളികളുടെ ഇലക്ഷൻ കമ്മിറ്റി ഓഫിസിനോട് കിടപിടിക്കുന്നവ കണ്ടെത്തിയും സമൂഹ മാധ്യമങ്ങളിലൂടെ ഗ്രൂപ് ചർച്ചകൾ നടത്തിയും ഇവർ ആവേശത്തിെൻറ കൊടുമുടിയിലാണ്. പ്രചാരണ പ്രവർത്തനങ്ങൾ, ജാഥ, ആൾക്കൂട്ടം, കൊട്ടിക്കലാശം എന്നിവ ഒഴിവാക്കണമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ മാർഗ നിർദേശം അണികളെ അൽപം ആശങ്കയിലാക്കുന്നുണ്ടെങ്കിലും മറ്റ് വഴി തേടുകയാണ് ഇവർ.
ഫ്ലക്സ് നിരോധനം മൂലം ചുവരെഴുത്തുകൾക്ക് വൻ ഡിമാൻഡാണ്. കെട്ടിലും മട്ടിലും പ്രഫഷനലിസത്തിെൻറ മത്സരമാണ് മതിലുകളിൽ. അതുകൊണ്ട് തന്നെ ചുവര് പിടിക്കാനുള്ള ഓട്ടത്തിലാണ് അണികൾ. മതിലുകൾ കണ്ടെത്തി ബുക്ക് ചെയ്തുനൽകുക എന്ന ജോലിയാണ് ഇപ്പോൾ പലർക്കും. പ്രഫഷനൽ എഴുത്തുകാരെ വരെ ചുമതലപ്പെടുത്തിക്കഴിഞ്ഞു. പ്രചാരണരംഗത്ത് മുൻതൂക്കം ഉറപ്പിക്കാൻ കൂടുതൽ ചുവരുകൾ കണ്ടെത്താനുള്ള മത്സരമാണിപ്പോൾ നടക്കുന്നത്.
ചെറിയ മതിലുകൾപോലും കണ്ടെത്തി ഉടമയുടെ അനുവാദംവാങ്ങി വെള്ളപൂശിക്കൊണ്ടിരിക്കുകയാണ്. ഇതു കൂടാതെ വാർഡുകൾ കേന്ദ്രീകരിച്ചും പഞ്ചായത്തുകൾ കേന്ദ്രീകരിച്ചും ഇടത് വലത് മുന്നണികളും എൻ.ഡി.എയും ഇലക്ഷൻ കമ്മിറ്റി ഓഫിസുകൾ തുറന്നു കഴിഞ്ഞു. എതിരാളികളുടെതിനെക്കാൾ മികച്ച ഓഫിസ് കണ്ടെത്താനുള്ള പരക്കം പാച്ചിലിലാണ് പ്രവർത്തകർ. തുറന്നവയാകട്ടെ ജില്ലയിലെ മുതിർന്ന നേതാക്കളെ എത്തിച്ച് ഉദ്ഘാടനം നടത്തിച്ചും അലങ്കാര ബൾബുകളണിയിച്ചും കേമമാക്കിയിട്ടുണ്ട്.
ഒരുങ്ങുന്നു, ചിഹ്നം വെച്ച മാസ്കുകളും തന്ത്രങ്ങളും
എവിടെ നോക്കിയാലും ഇപ്പോൾ മാസ്കാണ് താരം. അപ്പോൾ പിന്നെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും മാസ്കിനെ തന്നെ ഉപയോഗിക്കുകയാണ് രാഷ്ട്രീയ പാർട്ടികൾ. പ്രചാരണത്തിനായുള്ള പോസ്റ്ററുകൾക്ക് പുറമെ ഇത്തവണ സ്ഥാനാർഥിയുടെ ചിത്രവും ചിഹ്നവുമുള്ള മാസ്കുകളും പ്രിൻറ് ചെയ്തു തുടങ്ങിയിട്ടുണ്ട്.
മുനിസിപ്പാലിറ്റിയിലും ചിലവാർഡുകളിലുമൊക്കെ സ്ഥാനാർഥിയുടെ കാര്യത്തിൽ തീരുമാനമായിട്ടുണ്ട്. ചിഹ്നം വെച്ച് മാസ്ക് അടിക്കാനുള്ള ഓർഡറുകൾ തൊടുപുഴയിലെ ചില പ്രിൻറിങ്ങ് പ്രസുകളിൽ ലഭിച്ചിട്ടുമുണ്ട്.
ടൂ ലെയർ, ത്രീ ലെയർ മാസ്കുകളാണ് ആദ്യ ഘട്ടത്തിൽ നിർമിക്കുന്നത്. സ്ഥാനാർഥി ചിത്രം തെളിയുന്നതോടെ ചിത്രം വെച്ചുള്ള മാസ്കുകളും അടിച്ചു തുടങ്ങും. ഇവ വീടുകളിലും മറ്റും വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഇതോടൊപ്പം കോവിഡ് പ്രതിരോധ മരുന്ന് വിതരണവും സാനിറ്റൈസർ വിതരണവും അണികളുടെ അണിയറയിലെ ആലോചനകളാണ്.
മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി കോവിഡ് കാലത്തെ തെരഞ്ഞെടുപ്പ് പ്രചാരണം വേറെ ലെവലാക്കാൻ തന്നെയാണ് തീരുമാനമെന്ന് രാഷ്ട്രീയ പാർട്ടികളുടെ അണികളൊന്നടങ്കം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.