പൊന്നാനി കടൽ കടക്കാൻ
text_fieldsമലപ്പുറം ജില്ലയിലെ മണ്ഡലങ്ങൾ കൂട്ടിച്ചേർത്ത് പൊന്നാനി മണ്ഡലം രൂപം മാറുന്നതിന് മുമ്പ് ചുവന്ന തീരമായിരുന്നു പൊന്നാനി. 1952 മുതൽ ’71 വരെ നടന്ന തെരഞ്ഞെടുപ്പുകളിൽ ഇടതിനായിരുന്നു വിജയം. ’62ലെ പൊതുതെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ചത് പൊന്നാനിക്കാരൻ തന്നെയായ തൊഴിലാളി നേതാവ് ഇ.കെ. ഇമ്പിച്ചിബാവ. എന്നാൽ, 1977 മുതൽ വൻ ഭൂരിപക്ഷത്തിന് മുസ്ലിം ലീഗ് സ്ഥാനാർഥികൾ മാത്രമാണ് ജയിച്ചത്. ഒരേ മണ്ഡലത്തിൽനിന്ന് ഒരു സ്ഥാനാർഥി ഏറ്റവും കൂടുതൽ തവണ പാർലമെൻറിലെത്തിയ റെക്കോഡുള്ള മണ്ഡലം കൂടിയാണിത്.
ഏഴ് തവണയാണ് പൊന്നാനിക്കാർ മുസ്ലിം ലീഗിലെ ജി.എം. ബനാത്ത്വാലയെ ജയിപ്പിച്ചുവിട്ടത്. അതേസമയം, 2009 മുതൽ ഇടതുവോട്ടുകളിൽ കാര്യമായ വർധനയുണ്ടായി. 2009ൽ 82,684 വോട്ടിെൻറ ഭൂരിപക്ഷത്തിൽ ജയിച്ച ഇ.ടി. മുഹമ്മദ് ബഷീറിെൻറ ഭൂരിപക്ഷം 2014ൽ 25,410 വോട്ടിലൊതുങ്ങി. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിലും എൽ.ഡി.എഫ് വോട്ടുകൾ കൂടി. ഇടതുപ്രതീക്ഷക്ക് നിറം പകരുന്ന കണക്കുകളാണിത്. എന്നാൽ എസ്.ഡി.പി.െഎ, വെൽഫെയർ പാർട്ടി പിന്തുണയുള്ള സ്വതന്ത്രൻ, ആം ആദ്മി പാർട്ടികളുടെ സ്ഥാനാർഥികൾ, യു.ഡി.എഫിലെ ചെറു പിണക്കങ്ങൾ എന്നിവയാണ് ഭൂരിപക്ഷം കുറക്കാനിടയാക്കിയതെന്നാണ് യു.ഡി.എഫ് ക്യാമ്പിെൻറ വാദം. ഇത്തവണ മികച്ച ഭൂരിപക്ഷത്തിൽ മണ്ഡലം നിലനിർത്തുമെന്നുറപ്പിച്ചാണ് അവരുടെ പടപ്പുറപ്പാട്. വെൽഫെയർ പാർട്ടിയുടെ പിന്തുണയുമുണ്ട്.
ഹാട്രിക് ലക്ഷ്യമിട്ട് ബഷീർ
സിറ്റിങ് എം.പിയും മുസ്ലിം ലീഗ് ദേശീയ ഒാർഗനൈസിങ് സെക്രട്ടറിയുമായ ഇ.ടി. മുഹമ്മദ് ബഷീർ ഹാട്രിക് വിജയം തേടിയാണ് മത്സരിക്കുന്നത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ശക്തമായ മത്സരം നടന്ന മണ്ഡലത്തിൽ 25,410 വോട്ടിെൻറ ഭൂരിപക്ഷത്തിനാണ് ജയിച്ചുകയറിയത്. ഇടത് സ്വതന്ത്രനായി മത്സരിച്ച വി. അബ്ദുറഹ്മാനാണ് കനത്ത വെല്ലുവിളി ഉയർത്തിയത്. ലീഗിെൻറ ഭൂരിപക്ഷം 50,000ൽ താഴെ പോയ ഏക തെരഞ്ഞെടുപ്പും ഇതാണ്. എന്നാൽ അഞ്ച് വർഷങ്ങൾക്കിപ്പുറം പിന്നാക്ക, മുസ്ലിം വിഷയങ്ങളിൽ പാർലമെൻറിൽ ശക്തമായ പ്രകടനം കാഴ്ചവെച്ച ഇമേജുമായാണ് ഇ.ടി വോട്ട് ചോദിക്കുന്നത്. മുത്തലാഖ് വിഷയത്തിലടക്കം സമുദായത്തിെൻറ വികാരത്തോടൊപ്പം നിൽക്കാൻ അദ്ദേഹത്തിന് സാധിക്കുകയും ചെയ്തു. ഒരു ലക്ഷത്തിലധികം വോട്ടിെൻറ ഭൂരിപക്ഷത്തിൽ ഇ.ടി ജയിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനറായ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉറപ്പിച്ചുപറയുന്നു. 2009ലെ ഭൂരിപക്ഷത്തെക്കാൾ വോട്ടുനേടി വിജയിക്കുമെന്ന് ബഷീർ പറഞ്ഞു.
അൻവറിനെ ഇറക്കി ഇടത്
2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് കുത്തകയായ നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിനെതിരെ അട്ടിമറി വിജയം നേടിയ പി.വി. അൻവറാണ് ഇ.ടിയെ നേരിടുന്നത്. കഴിഞ്ഞതവണ വി. അബ്ദുറഹ്മാൻ കാഴ്ചവെച്ച പോരാട്ടം ഇത്തവണയും ആവർത്തിക്കുമെന്നും മണ്ഡലം പിടിക്കുമെന്നുമാണ് ഇടത് ക്യാമ്പ് അവകാശപ്പെടുന്നത്. യു.ഡി.എഫ് സംവിധാനത്തിലെ വിള്ളലിലാണ് അവരുടെ പ്രതീക്ഷ. ജില്ല യൂത്ത് കോൺഗ്രസ് മുൻ വൈസ് പ്രസിഡൻറായ അൻവർ മത്സരിച്ചാൽ കോൺഗ്രസ് വോട്ട് ഇത്തവണയും കിട്ടുമെന്ന കണക്കുകൂട്ടലാണ് സി.പി.എം നേതൃത്വത്തിനുള്ളത്. ന്യൂനപക്ഷ വിഷയങ്ങളിൽ ലീഗിന് ആത്മാർഥതയില്ലെന്നതും എസ്.ഡി.പി.െഎയുമായി ചർച്ച നടത്തിയതും പ്രചാരണ വിഷയമാണ്. ലീഗിെൻറ കുത്തക തകർക്കുമെന്നും ഇത്തവണ ചരിത്രവിജയം നേടുമെന്നും തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ പി. നന്ദകുമാർ പറഞ്ഞു. ജനം മാറ്റം ആഗ്രഹിക്കുന്നുവെന്നും മതം മാത്രം പറഞ്ഞ് വോട്ടുപിടിക്കാമെന്ന ലീഗിെൻറ ആഗ്രഹങ്ങൾ അസ്തമിച്ചു കഴിഞ്ഞതായും അൻവർ പറയുന്നു. തികഞ്ഞ വിജയ പ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഒരു കൈ നോക്കാൻ രമ
മഹിള മോർച്ച സംസ്ഥാന അധ്യക്ഷയും പട്ടാമ്പി സംസ്കൃത കോളജിൽ ഇംഗ്ലീഷ് വിഭാഗം പ്രഫസറുമായിരുന്ന പ്രഫ. വി.ടി. രമയാണ് എൻ.ഡി.എ സ്ഥാനാർഥി. 2016 നിയമസഭ തെരഞ്ഞെടുപ്പിൽ തൃത്താല നിയോജക മണ്ഡലം ബി.ജെ.പി സ്ഥാനാർഥിയായിരുന്നു. കേന്ദ്ര സർക്കാറിെൻറ ജനോപകാരപ്രദമായ ഭരണത്തിെൻറ നേട്ടവും നടപ്പാക്കിയ പദ്ധതികളുടെ ആനുകൂല്യവും ഇത്തവണ ലഭിക്കുമെന്നാണ് രമയുടെ പ്രതീക്ഷ.
എസ്.ഡി.പി.െഎ, പി.ഡി.പി
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലേത് പോലെ ഇത്തവണയും എസ്.ഡി.പി.െഎ മത്സര രംഗത്തുണ്ട്. ഹാദിയ കേസിലും മറ്റും ശ്രദ്ധേയമായ ഇടപെടൽ നടത്തിയ അഡ്വ. കെ.സി. നസീറാണ് സ്ഥാനാർഥി. പി.ഡി.പിക്കുവേണ്ടി പൂന്തുറ സിറാജും മത്സര രംഗത്തുണ്ട്. ഇവർ പിടിക്കുന്ന വോട്ടുകളും ചിലപ്പോൾ ജയപരാജയത്തിൽ നിർണായകമാവാം.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.