കരട് രാഷ്ട്രീയ പ്രമേയം കാരാട്ട് അവതരിപ്പിക്കും; അഭിപ്രായം പറയാന്‍ യെച്ചൂരിക്കും അവസരം
text_fieldsഹൈദരാബാദ്: ബി.ജെ.പി എന്ന മുഖ്യശത്രുവിനെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസുമായുള്ള ധാരണപോലും തള്ളിക്കളയുന്ന കരട് രാഷ്ട്രീയ പ്രമേയം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കും. അതേസമയം, കോണ്‍ഗ്രസ് ഉൾപ്പെടെയുള്ള ബൂര്‍ഷ്വ ഭരണ വര്‍ഗ പാര്‍ട്ടികളുമായി സഖ്യമോ ഐക്യമോ വേണ്ടെങ്കിലും ധാരണക്ക് ഇടം നല്‍കണമെന്ന കേന്ദ്ര കമ്മിറ്റി തള്ളിയ ന്യൂനപക്ഷ അഭിപ്രായം കൂടി പാര്‍ട്ടി കോണ്‍ഗ്രസിെൻറ മുമ്പാകെ വെക്കും. ബംഗാള്‍, ഒഡിഷ ഘടകങ്ങളുടെ പ്രധാന പിന്തുണയോടെ ഉയര്‍ന്നുവന്ന വാദം അതിെൻറ പ്രധാന വക്താവായ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാവും പ്രതിനിധികളുടെ മുന്നില്‍ വെക്കുക. ജനുവരിയില്‍ ചേര്‍ന്ന കൊല്‍ക്കത്ത കേന്ദ്ര കമ്മിറ്റി 31 ന് എതിരെ 55 വോട്ടുകള്‍ക്ക് ഈ വാദഗതി തള്ളിയതാണ്. അതിന് മുമ്പ് പി.ബിയും തള്ളിയിരുന്നു. രാഷ്ട്രീയ, സംഘടനാ റിപ്പോര്‍ട്ട് സംഘടനാ ചുമതലയുള്ള മുതിര്‍ന്ന പി.ബിയംഗം എസ്. രാമചന്ദ്രന് പിള്ള അവതരിപ്പിക്കും. ചൊവ്വാഴ്ച ഹൈദരാബാദിലെ തെലങ്കാന സംസ്ഥാന സമിതി ഓഫിസായ എം.ബി ഭവനില്‍ ചേര്‍ന്ന പി.ബി, കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനം എടുത്തത്.
സാധാരണ നിലയില്‍ ജനറല്‍ സെക്രട്ടറിയാണ് കരട് രാഷ്ട്രീയ പ്രമേയം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നില്‍ അവതരിപ്പിക്കുക. എന്നാല്‍, കോണ്‍ഗ്രസ് ബന്ധത്തെ ചൊല്ലി പി.ബിയിലും സി.സിയിലും ന്യൂനപക്ഷത്തിെൻറ വാദങ്ങള്‍ക്കൊപ്പം ജനറല്‍ സെക്രട്ടറി നിലയുറപ്പിച്ചതോടെയാണ് സി.പി.എമ്മിെൻറ കരട് രാഷ്ട്രീയ റിപ്പോര്‍ട്ട് മുന്‍ ജനറല്‍ സെക്രട്ടറി അവതരിപ്പിക്കുന്ന സ്ഥിതി ഉണ്ടായത്. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനായി നേതൃത്വത്തിന് ലഭിച്ച 6,000 ത്തോളം ഭേദഗതികള്‍ക്കും സി.സി അംഗീകാരം നല്കി. ഇതിനു പുറമേ കോണ്‍ഗ്രസില്‍ പങ്കെടുക്കുന്ന 763 പ്രതിനിധികള്‍ക്കും ഭേദഗതി നിര്‍ദേശിക്കാവുന്നതാണ്.
പാര്‍ട്ടി നിലപാട് അനുസരിച്ച് വ്യക്തിപരമായി ഭേദഗതികള്‍ നിർദേശിക്കാനേ കഴിയൂ. എന്നാല്‍, കോണ്‍ഗ്രസ് ധാരണ സംബന്ധിച്ച വ്യത്യസ്ത അഭിപ്രായത്തിന്മേല് ചര്‍ച്ചയാവട്ടെ എന്ന സമീപനമാണ് പി.ബിയില്‍ വന്നത്. കേന്ദ്ര കമ്മിറ്റി നേരത്തേ തള്ളിക്കളഞ്ഞുവെങ്കിലും അന്തിമ തീരുമാനം എടുക്കാന്‍ അധികാരമുള്ള പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നില്‍ അത് ക്രോഡീകരിച്ച് പറയാന്‍ അതിനെ പിന്താങ്ങുന്ന യെച്ചൂരിക്ക് അവസരം നല്‍കണമെന്ന നിര്‍ദേശം ചൊവ്വാഴ്ച സി.സിയും അംഗീകരിച്ചു. ഇക്കാര്യത്തില്‍ അതിനാല്‍ വാദപ്രതിവാദം ഉയര്‍ന്നതുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.