പാര്‍ട്ടി കോണ്‍ഗ്രസിന് മുമ്പുതന്നെ ഭിന്നത മറനീക്കി
text_fieldsഹൈദരാബാദ്: മുഖ്യശത്രുവായ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസുമായി ധാരണ വേണമോ വേണ്ടയോ എന്നതില്‍ പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം എടുക്കുന്നതിനു മുമ്പുതന്നെ സി.പി.എമ്മില്‍ നിലനില്‍ക്കുന്ന ഭിന്നത മറനീക്കി പുറത്തുവന്നു. കോണ്‍ഗ്രസുമായി ധാരണ വേണ്ടന്ന കേന്ദ്ര കമ്മിറ്റി തീരുമാനത്തിനെ ശക്തമായി പിന്തുണക്കുന്ന കേരള ഘടകത്തില്‍ നിന്നുതന്നെ ആദ്യ ഭിന്നസ്വരം പുറത്തു വന്നത് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കും ബംഗാള്‍ ഘടകത്തിനും നേട്ടമായി. ഏറ്റവും മുതിര്‍ന്ന അംഗമായ വി.എസ്. അച്യുതാനന്ദനാണ് ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ മതേതര പാര്‍ട്ടികളുമായി സഖ്യം ആവശ്യമാണെന്ന് പ്രസ്താവിച്ചത്.
പിന്നാലെ, പി.ബി അംഗവും സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന് വി.എസിനെ ഖണ്ഡിച്ചു. ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് സഖ്യം ആവശ്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം കരട് രാഷ്ട്രീയ പ്രമേയത്തില്‍ വോട്ടെടുപ്പ് വേണമോയെന്ന് പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിക്കട്ടെയെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പറഞ്ഞു. ബി.ജെ.പിയെ എങ്ങനെ പരാജയപ്പെടുത്താമെന്നതിന് സി.പി.എം രണ്ട് മാർഗമാണ് തേടിയത്. കോണ്‍ഗ്രസുമായി ധാരണയോ ഐക്യമോ സഖ്യമോ ഇല്ലാതെ ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഏകോപിപ്പിക്കുക എന്ന ലൈനാണ് പ്രകാശ് കാരാട്ടും എസ്. രാമചന്ദ്രന് പിള്ളയും കേരള ഘടകവും മുന്നോട്ടുവെച്ചത്.
അതേസമയം ബി.ജെ.പി വിരുദ്ധ രാഷ്ട്രീയ കക്ഷികളെ ഏകോപിപ്പിക്കുക എന്ന നിലപാടാണ് യെച്ചൂരി, ബംഗാള്‍, ഒഡീഷ, മഹാരാഷ്ട്ര ഘടക നേതൃത്വങ്ങളും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ചില നേതാക്കളും കൈക്കൊണ്ടത്. കോണ്‍ഗ്രസുമായി മുന്നണിയോ ഐക്യമോ വേണ്ടെന്ന് പറയുമ്പോഴും ധാരണ വേണമോ എന്നതില്‍ ഈ പക്ഷം മനസ്സുതുറക്കാന്‍ തയാറായില്ല. കോണ്‍ഗ്രസുമായി ധാരണപോലും ഇല്ലാതെ ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഏകോപിപ്പിക്കുക എന്ന പി.ബിയുടെ ഭൂരിപക്ഷ നിലപാടിന് കേന്ദ്ര നേതൃത്വം അംഗീകാരം നല്കി. യെച്ചൂരി ഉയര്‍ത്തിപിടിച്ച ന്യൂനപക്ഷ രേഖ അംഗീകരിച്ചാല്‍ കേരളം, ആന്ധ്രപ്രദേശ്, ഒഡീഷ, തെലങ്കാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ അത് പ്രായോഗികമാവില്ല എന്ന് കേന്ദ്ര കമ്മിറ്റിയിലെ ഭൂരിപക്ഷവും വാദിച്ചു. മാത്രമല്ല, കോണ്‍ഗ്രസുമായി ധാരണവരുന്നത് സി.പി.എം സ്വയം ശക്തിപ്രാപിക്കുക, ഇടതുപക്ഷ മുന്നണി കെട്ടിപ്പടുക്കുക, ഇടത് ഐക്യം ശക്തിപ്പെടുത്തുക എന്ന രാഷ്ട്രീയ നിലപാടിനെ ദുര്‍ബലപ്പെടുത്തുമെന്നും കാരാട്ട് പക്ഷവും കേരള ഘടകവും ചൂണ്ടിക്കാട്ടുന്നു.
കരട് രാഷ്ട്രീയ പ്രമേയം തീരുമാനിക്കുന്നത് സംബന്ധിച്ച് കൊല്‍ക്കത്ത കേന്ദ്ര കമ്മിറ്റിയില്‍ ചര്‍ച്ചയും വോട്ടെടുപ്പും നടന്നപ്പോള്‍ ബംഗാള്‍ ഘടകത്തില്‍നിന്ന് തന്നെ കോണ്‍ഗ്രസ് ധാരണെക്കതിരെ സ്വരം ഉയര്‍ന്നിരുന്നു.
അതേസമയം പാര്‍ട്ടി കോണ്‍ഗ്രസില്‍ വോട്ടെടുപ്പ് നടന്നാല്‍ കേരളത്തില്‍നിന്നുള്ള പ്രതിനിധികളില്‍ ചിലരെങ്കിലും കോണ്‍ഗ്രസ് ഉൾപ്പെടെ ബൂര്‍ഷ്വാ മതേതര ജനാധിപത്യ പാര്‍ട്ടികളുമായി ധാരണക്ക് വാതില്‍ തുറന്നിടണമെന്ന നിലപാട് സ്വീകരിക്കുമെന്ന ആത്മവിശ്വാസം യെച്ചൂരി പക്ഷവും ബംഗാള്‍ ഘടകവും പ്രകടിപ്പിക്കുന്നുണ്ട്്. തമിഴ്നാട്ടിലെ പ്രതിനിധികളില്‍നിന്നുള്ള ചോര്‍ച്ചയിലും ബംഗാള്‍ ഘടകത്തിന് കണ്ണുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.