'രാഹുൽ ഇന്ത്യയുടെ ഭാവി'; കോണ്‍ഗ്രസിലേക്ക് തിരികെവരാന്‍ ആഗ്രഹമുണ്ടെന്ന് പ്രണബ് മുഖര്‍ജിയുടെ മകന്‍ അഭിജിത്ത് മുഖര്‍ജി
text_fieldsന്യൂഡല്‍ഹി: കോണ്‍ഗ്രസിലേക്ക് തിരികെവരാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകന്‍ അഭിജിത്ത് മുഖര്‍ജി. രാഹുൽ ഗാന്ധിയാണ് ഇന്ത്യയുടെ ഭാവിയെന്നും പാർട്ടിയിൽ സജീവമാകാൻ തന്നോട് നിർദേശിച്ചെന്നും അഭിജിത്ത് പറഞ്ഞു. നേരത്തെ കോൺഗ്രസിലുണ്ടായിരുന്ന അഭിജിത്ത് 2021ല്‍ പാർട്ടി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. എന്നാൽ, തൃണമൂലിന്‍റെ പ്രവര്‍ത്തന രീതിയുമായി ചേർന്നുപോകാൻ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസിലേക്ക് തിരിച്ചെത്താനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്.
'തൃണമൂലിന്‍റെ പ്രവർത്തനരീതിയും കോൺഗ്രസിന്‍റെ രീതിയും ഒരുപോലെയല്ല. തൃണമൂലിൽ എനിക്ക് മതിയായി. നേരത്തെ, രണ്ടര വർഷം കോൺഗ്രസിലുണ്ടായിരുന്നപ്പോൾ എനിക്ക് കിട്ടിയ എല്ലാ ചുമതലകളും നിർവഹിച്ചിരുന്നു. എന്നാൽ, പിന്നീട് എനിക്ക് ചുമതലകൾ നൽകാതെയായി. കാരണമെന്തെന്ന് അറിയില്ല. പതുക്കെ പതുക്കെ ഞാൻ ഒതുക്കപ്പെടുകയും ഒരു പ്രത്യേക ഗ്രൂപ്പിന്‍റെ ഭാഗമായി പരിഗണിക്കപ്പെടുകയും ചെയ്തു. ആ സമയത്താണ് മമത ബാനർജി വിളിക്കുന്നതും ഞാൻ തൃണമൂൽ കോൺഗ്രസിൽ ചേരുന്നതും' -അഭിജിത്ത് പറഞ്ഞു.
ഡൽഹിയിലെത്തി മുതിർന്ന കോൺഗ്രസ് നേതാക്കളെ കണ്ടതായി അഭിജിത്ത് വെളിപ്പെടുത്തി. പ്രവർത്തിക്കാതെയിരിക്കുന്നത് എന്തിനാണെന്ന് അവരെല്ലാം പരോക്ഷമായി ചോദിച്ചു. യുവ സുഹൃത്തും, ഇന്ത്യയുടെ ഭാവിയുമായ രാഹുൽ ഗാന്ധിയും എന്നോട് പാർട്ടിയിൽ സജീവമാകാൻ പറഞ്ഞു -അഭിജിത്ത് വ്യക്തമാക്കി. ഹൈക്കമാന്‍ഡിനെ കാണാന്‍ സമയം ചോദിച്ച അഭിജിത്ത്, സ്വീകരിക്കുകയാണെങ്കില്‍ ഉടന്‍ കോണ്‍ഗ്രസില്‍ ചേരാമെന്നും പറഞ്ഞു.
മുൻ എം.പിയായ അഭിജിത്ത് ബാനർജി 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിറ്റിങ് സീറ്റായ ജംഗിപൂരില്‍ തോറ്റിരുന്നു. ജംഗിപൂര്‍ നിയമസഭാ സീറ്റില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയായിരുന്നു അഭിജിത്ത് തൃണമൂലില്‍ ചേര്‍ന്നത്. നല്‍ഹതിയില്‍നിന്ന് അഭിജിത്ത് പശ്ചിമബംഗാള്‍ നിയമസഭയിലും അംഗമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.