കോവിന്ദ്: കണക്കുകൂട്ടലുകൾ പലർക്കും പലത്
text_fieldsന്യൂഡൽഹി: രാഷ്ട്രപതി സ്ഥാനാർഥിത്വത്തിൽ എൻ.ഡി.എയുടെയും പ്രതിപക്ഷത്തിെൻറയും നീക്കങ്ങളുടെ രാഷ്ട്രീയ പ്രതിഫലനം ബിഹാറും കടക്കും. പലർക്കും പലതാണ് കണക്കുകൂട്ടലുകൾ. അടുത്ത രാഷ്ട്രപതി ദലിത് വിഭാഗത്തിൽനിന്നാവുമെന്ന് ഉറപ്പ് വരുത്തുന്നതിനെക്കാൾ വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകൾ, നേതാക്കളുടെ രാഷ്ട്രീയ അതിജീവനം, വെല്ലുവിളികൾ മറികടക്കൽ തുടങ്ങിയ മാനവും ഇതിനുണ്ട്.
ബിഹാറിൽ കോൺഗ്രസും ആർ.ജെ.ഡിയുമായി ഭരണം പങ്കുവെക്കുന്ന ജെ.ഡി.യു നേതാവ് നിതീഷ് കുമാറിെൻറ രാഷ്ട്രീയ ചാഞ്ചല്യത്തിനു പിന്നിൽ സ്വന്തം പ്രതിച്ഛായ സംരക്ഷണമാണുള്ളത്. സംഘടനാപരമായി ദുർബലമായ ജെ.ഡി-യുവിനും നിതീഷിനും അതാണ് ഇപ്പോഴത്തെ ആവശ്യം. മോദിയെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കുന്നതിനെ എതിർത്ത് ബി.ജെ.പിയുമായുള്ള 17 വർഷത്തെ ബാന്ധവം പൊട്ടിച്ചെറിഞ്ഞ് 2013ൽ പുറത്തുവന്നപ്പോഴും പ്രതിച്ഛായ സംരക്ഷണമായിരുന്നു മുന്നിൽ. സംസ്ഥാനത്തെ സമ്പൂർണ മദ്യനിരോധനവും ഇതിലൊന്നായി. സംഘ്പരിവാർ മുക്ത ഭാരതത്തിനായി പ്രതിപക്ഷ മഴവിൽ മുന്നണിക്കായി മുന്നിട്ടിറങ്ങിയ അദ്ദേഹം പൊടുന്നനെ ബി.ജെ.പിയുടെ ദലിത് കാർഡ് ഏറ്റുപിടിച്ചതിന് പിന്നിലും മറ്റൊന്നുമില്ലെന്നാണ് വിലയിരുത്തൽ. ലാലുവിെനതിരായ അഴിമതി കേസ് വഴി സർക്കാറിനുണ്ടായ പ്രതിച്ഛായ കോട്ടവും പുതുതലമുറക്കായി മാറണമെന്ന ലാലുവിെൻറ ആഹ്വാനവും നിതീഷിെൻറ നീക്കത്തിന് പിന്നിലുണ്ടെന്നാണ് വിലയിരുത്തൽ.
അതേസമയം, കോവിന്ദിെൻറ എതിർ സ്ഥാനാർഥിയായി ദലിത് ജാട്ടവ സമുദായത്തിൽപെട്ട മീരാകുമാറിനെ പ്രതിപക്ഷം കൊണ്ടുവന്നത് നിതീഷിന് തിരിച്ചടിയാകും. ലാലുവിന് നേട്ടവും. ബിഹാറിെൻറ പുത്രിയെന്ന് മീരയെ ലാലു വിശേഷിപ്പിച്ചതും ഇത് മുന്നിൽക്കണ്ടാണ്. പിന്നാക്ക, മുസ്ലിം വിഭാഗത്തിന് പുറമേ ദലിത് വിഭാഗത്തിലേക്ക് പ്രതിപക്ഷ കക്ഷികൾക്ക് കടന്നുകയറാൻ ഇതു സഹായകമായേക്കും. മക്കൾെക്കതിരെ സി.ബി.െഎ അന്വേഷണം നടക്കുന്നതിനാൽ ലാലു ഉടൻ തന്നെ കൈവിടില്ലെന്നാണ് നിതീഷിെൻറ കണക്കുകൂട്ടൽ. രാംനാഥ് കോവിന്ദിെൻറ സ്ഥാനാർഥിത്വത്തിലൂടെ ജെ.ഡി-യുവിനെയും ചില കക്ഷികളെയും ഒപ്പം കൂട്ടാനായ ബി.ജെ.പിക്ക് മറ്റ് പ്രതീക്ഷകളുമുണ്ട്. ദലിത് സമുദായങ്ങളിൽനിന്നുള്ള രോഷവും പുതിയ ദലിത് നേതൃത്വം ഉദയം ചെയ്യുന്നതും മറികടക്കുകയാണ് ഇതിലൊന്ന്. കൂടാതെ, കോവിന്ദ് കോലി വിഭാഗത്തിൽ നിന്നാണെന്നതാണ് മറ്റൊന്ന്.
നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിൽ േവാട്ടർമാരിൽ 24 ശതമാനത്തോളം കോലി സമുദായക്കാരാണ്. ഗുജറാത്തിൽ ഇവർ ഒ.ബി.സി വിഭാഗമാണ്. ബിഹാർ, രാജസ്ഥാൻ, മധ്യപ്രദേശ്, ഡൽഹി എന്നിവിടങ്ങളിൽ എസ്.സിയുമാണ്. 1998 വരെ ഗുജറാത്തിൽ കോൺഗ്രസിെൻറ ക്ഷത്രിയ-ഹരിജൻ-ആദിവാസി-മുസ്ലിം കൂട്ടുകെട്ടിെൻറ ഭാഗമായിരുന്നു കോലി സമുദായം ഉൾെപ്പടെ വിഭാഗങ്ങൾ. ഹിന്ദുത്വ രാഷ്ട്രീയ ഉദയത്തോടെയാണ് ബി.ജെ.പി പക്ഷത്തേക്ക് മറിഞ്ഞത്. ഹാർദിക് പേട്ടലിെൻറ നേതൃത്വത്തിൽ പേട്ടൽ സമുദായത്തിൽ ഒരു വിഭാഗം ബി.ജെ.പിക്ക് എതിരെ തിരിഞ്ഞിരിക്കുന്ന സമയത്ത് കോലി വിഭാഗത്തെകൂടി നഷ്ടപ്പെടുത്തുക ബി.ജെ.പിക്ക് ആലോചിക്കാൻ കഴിയില്ല. ശിവസേനയുടെ ഭീഷണിയിൽ ഭരണം അത്ര സുഖകരമല്ലാത്ത മഹാരാഷ്ട്രയിലും കോലി വിഭാഗം ശക്തമായ സാന്നിധ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.