രാഹുല്‍ അധ്യക്ഷപദവിയിലേക്ക്
text_fieldsന്യൂഡല്‍ഹി: സോണിയ ഗാന്ധിയുടെ അസാന്നിധ്യത്തില്‍ സമ്മേളിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ പാര്‍ട്ടി അധ്യക്ഷസ്ഥാനം രാഹുല്‍ ഗാന്ധി ഏറ്റെടുക്കണമെന്ന് മുതിര്‍ന്ന നേതാക്കളുടെ മുറവിളി. പാര്‍ട്ടിയുടെ ഉന്നതതല സമിതി ഈ ആവശ്യം ഏകകണ്ഠമായി മുന്നോട്ടു വെക്കുന്നതും പരസ്യപ്പെടുത്തുന്നതും ആദ്യമാണ്. ഇതാകട്ടെ, ഏറ്റവും അടുത്ത സന്ദര്‍ഭത്തില്‍ രാഹുല്‍ ചുമതല ഏറ്റെടുക്കാന്‍ ഒരുങ്ങുന്നതിന്‍െറ സൂചനയായി. അതേസമയം, സംഘടനാ തെരഞ്ഞെടുപ്പു നീട്ടിവെച്ച സാഹചര്യത്തില്‍ അടുത്ത ഒരു വര്‍ഷത്തേക്കുകൂടി സോണിയ ഗാന്ധി അധ്യക്ഷയായി തുടരുമെന്ന് തെരഞ്ഞെടുപ്പു കമീഷനെ അറിയിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതൊരു സാങ്കേതിക നടപടിയാണ്.
അനാരോഗ്യം മൂലമാണെന്ന വിശദീകരണത്തോടെ സോണിയ വിട്ടുനിന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ഇതാദ്യമായി രാഹുല്‍ ഗാന്ധിയാണ് അധ്യക്ഷത വഹിച്ചത്. പ്രസിഡന്‍റു സ്ഥാനം രാഹുല്‍ ഏറ്റെടുക്കാന്‍ സമയമായെ ന്ന് ആദ്യം അഭിപ്രായപ്പെട്ടത് മുതിര്‍ന്ന നേതാവ് എ.കെ. ആന്‍റണിയാണ്. ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്‍െറയും വര്‍ഗീയ ധ്രുവീകരണത്തിനും സ്വേച്ഛാധിപത്യത്തിനുമെതിരായ പോരാട്ടത്തില്‍ എല്ലാ ശക്തികളെയും ഒന്നിപ്പിക്കുന്നതിന്‍െറ നേതൃത്വം രാഹുല്‍ ഏറ്റെടുക്കണമെന്ന് പ്രവര്‍ത്തക സമിതി ഒറ്റക്കെട്ടായി ആവശ്യപ്പെട്ടെന്ന് യോഗത്തിനു ശേഷം എ.കെ. ആന്‍റണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യോഗത്തിന്‍െറ വികാരം സോണിയ ഗാന്ധിയെ അറിയിക്കും. അന്തിമ തീരുമാനം സോണിയയുടേതാണ്. പാര്‍ട്ടി ആവശ്യപ്പെടുന്ന ഏതു വെല്ലുവിളിയും ഏറ്റെടുക്കാന്‍ തയാറാണെന്ന് രാഹുല്‍ യോഗത്തില്‍ പറഞ്ഞതായും അദ്ദേഹം അറിയിച്ചു.
രാഹുലിനെ അധ്യക്ഷപദവിയിലേക്ക് നയിക്കുന്നതു സംബന്ധിച്ച വിശദ ചര്‍ച്ചക്കായി പ്രവര്‍ത്തക സമിതിയുടെ പ്രത്യേക യോഗം നടത്തുന്ന കാര്യം പരിഗണനയിലുണ്ടെന്ന് മുതിര്‍ന്ന നേതാക്കള്‍ സൂചിപ്പിച്ചു. സംഘടനാ തെരഞ്ഞെടുപ്പ് യഥാസമയം നടത്താത്തത് മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പു കമീഷന്‍ നല്‍കിയ കത്തിന്‍െറകൂടി അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച പ്രവര്‍ത്തക സമിതി യോഗം നടന്നത്. സംഘടനാ തെരഞ്ഞെടുപ്പ് അടുത്ത വര്‍ഷത്തേക്ക് നീട്ടിവെച്ചതായും സോണിയ പദവിയില്‍ തുടരുന്നതായും തെരഞ്ഞെടുപ്പു കമീഷനെ അറിയിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്.
വിമുക്ത ഭടന്‍ ജീവനൊടുക്കിയ സംഭവത്തിനു പിന്നാലെ പോരാട്ടമുഖമുള്ള നേതാവായി രാഹുലിനെ കോണ്‍ഗ്രസ് ഉയര്‍ത്തിക്കാണിച്ചിരുന്നു. പ്രതിപക്ഷ ചേരിയെ നയിക്കാന്‍ രാഹുലിന് അവസരം വരുമെന്ന് ഉറപ്പാകുന്നതുവരെ കാത്തിരിക്കാനുള്ള തന്ത്രമാണ് ഇതുവരെ പാര്‍ട്ടി സ്വീകരിച്ചു പോന്നത്. വിവിധ പ്രതിപക്ഷ പാര്‍ട്ടികളിലെ മുതിര്‍ന്ന നേതാക്കള്‍ സോണിയയുടെ നേതൃത്വം അംഗീകരിക്കുന്നുവെങ്കിലും യുവാവെന്ന നിലയില്‍ രാഹുലിന് അവര്‍ക്കിടയില്‍ പൂര്‍ണ സ്വീകാര്യത കിട്ടിയിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.