രാജ്ഭവൻ വളയൽ: സെക്രട്ടറിയേറ്റ് അടക്കിവാഴുന്നവർ നടപടിയുണ്ടാകുമോയെന്ന ആശങ്കയിൽ
text_fieldsകോഴിക്കോട് : ഗവർണർക്കെതിരെ ഇടതുപക്ഷം നടത്തിയ രാജ്ഭവൻ വളയൽ സമരത്തിൽ പങ്കെടുത്ത സെക്രട്ടറിയേറ്റിലെ സി.പി.എം അനുകൂല യൂനിയൻ നേതാക്കളായ ഉദ്യോഗസ്ഥർ ആശങ്കയിൽ. സെക്രട്ടറിയേറ്റ് അടക്കിവാഴുന്ന യൂനിയൻ നേതാക്കളായ ഏഴ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാവുമോയെന്ന് രാഷ്ട്രീയ നേതൃത്വത്തിനും ഭയമുണ്ട്. സർവീസ് ചട്ടം ലംഘിച്ച് സമരത്തിൽ പങ്കെടുത്തതിനാൽ ഇവരെ പൂർണമായും സംരക്ഷിക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസിനും ഉറപ്പില്ല.
സി.പി.എം അനുകൂല സംഘടനയിൽപ്പെട്ട ഏഴു പേർക്കുമെതിരെയാണ് നോട്ടീസ് നൽകാൻ ചീഫ് സെക്രട്ടറി നിർദേശം നൽകിയത്. രാജ്ഭവൻ മാർച്ചിൽ ഏഴുപേരും പങ്കെടുത്തുവെന്നതിന് വിഡിയോ തെളിവുകൾ പുറത്തുവന്നിരുന്നു. ഇതിൽ രണ്ടുപേർ അഡീഷണൽ സെക്രട്ടറിമാരാണ്. സർക്കാർ ജീവനക്കാരുടെ പെരുമാറ്റചട്ടം ലംഘിച്ച് രാഷ്ട്രീയ പരിപാടിയിൽ പങ്കെടുത്ത ഉദ്യോഗസ്ഥർക്കെതിരെ എടുത്ത നടപടി സംബന്ധിച്ച് ഗവർണറുടെ പ്രിൻസിപ്പിൽ സെക്രട്ടറി വിശദീകരണം തേടിയിരുന്നു.
ഈ ഉദ്യോഗസ്ഥരിൽ പലരും ഗവർണർക്കു വേണ്ടി ഉത്തരവ് ഇറക്കുന്ന ഉദ്യോഗസ്ഥരുമാണ്. യൂനിയൻ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരായ കെ.എൻ. അശോക് കുമാർ,പി. ഹണി, ഷൈനി, ഇ. നാസർ, ജി. ശിവകുമാർ, കെ. കവിത, ഓഫിസ് അസിസ്റ്റന്റ് കല്ലുവിള അജിത് എന്നിവർക്കെതിരെയാണ് പരാതി ഉയർന്നത്. അഡീഷണൽ സെക്രട്ടറിമാർ മുഖ്യമന്ത്രിയുടെ ഓഫിസിലെയും പാർട്ടി കേന്ദ്രങ്ങളിലെയും വിശ്വസ്തരാണ്. എന്നാൽ ഇവരെ രക്ഷിക്കാൻ കഴിയുമോയെന്ന് ആശങ്ക സർക്കാരിനുണ്ട്.
രാഷ്ട്രീയ പ്രവർത്തനം നടത്തിയാൽ സർക്കാർ ഉദ്യോഗസ്ഥരുടെ പെരുമാറ്റ ചട്ടങ്ങൾ, ക്ലാസിഫിക്കേഷൻ കൺട്രോൾ ആൻഡ് അപ്പീൽ ചട്ടങ്ങൾ എന്നിവ പ്രകാരം നടപടി സ്വീകരിക്കാം. മുമ്പ് സമാനമായി കുറ്റം ചെയ്ത പലരെയും സർവീസിൽ നിന്ന് പിരിച്ചുവിട്ട അനുഭവമുണ്ട്. സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ കോടതിയെ ആരെങ്കിലും സമീപിച്ചാലും മറുപടി പറയേണ്ടിവരും.
രാജ്ഭവന്റെ കത്ത് ലഭിച്ചതോടെ ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ ചീഫ് സെക്രട്ടറി വി.പി. ജോയ് നിർദേശം നൽകിയിരുന്നു. അതനുസരിച്ച് പൊതുഭരണ, ധന സെക്രട്ടറിമാർ ഉദ്യോഗസ്ഥർക്ക് നോട്ടീസ് നൽകും. ഉദ്യോഗസ്ഥരുടെ വിശദീകരണം ലഭിച്ച ശേഷം ചീഫ്സെക്രട്ടറിക്ക് റിപ്പോർട്ട് നൽകണം. രാജ്ഭവനെ ചീഫ് സെക്രട്ടറി വിവരം അറിയിക്കണം. ഉദ്യോഗസ്ഥർ രാജ്ഭവനിൽ സമരത്തിൽ പങ്കെടുത്ത് ചിത്രങ്ങൾ സഹിതമാണ് വാർത്ത പുറത്ത് വന്നത്. സെക്രട്ടറിയേറ്റിൽ എത്തി പഞ്ച് ചെയ്ത ശേഷമാണ് ഉദ്യോഗസ്ഥരിൽ പലരും സമരത്തിൽ പങ്കെടുത്തത്.
മാർച്ചിൽ സെക്രട്ടറിയേറ്റിൽ നിന്ന് വലിയൊരു സംഘം ഉദ്യോഗസ്ഥരെ എത്തിക്കുന്നതിന് നേതൃത്വം നൽകിയ ഏഴ് പേരാണ് ഇപ്പോഴത്തെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. യൂനിയന്റെ ഉന്നത നേതാക്കളിലൊരാളായ അസീഷണൽ സെക്രട്ടറി മുഖ്യമന്ത്രി ഓഫിസുമായി അടുത്ത ബന്ധത്തിലാണ്. അത്രയും രാഷ്ട്രീയ സ്വാധീനമുണ്ടെങ്കിലും രാജ്ഭവന്റെ ഇടപെടലിൽ നേതാവും ആശങ്കയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.