രാജ്യസഭ: യു.പിയിൽ ബി.എസ്.പിക്ക് തടയിടാൻ നരേഷ് അഗർവാൾ
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ സമാജ്വാദി പാർട്ടി നേതാവ് നരേഷ് അഗർവാൾ ബി.ജെ.പിയിൽ ചേർന്നത് ബി.എസ്.പിയുടെ രാജ്യസഭാമോഹത്തിന് തിരിച്ചടിയാകുന്നു. തെൻറ മകനും സമാജ്വാദി പാർട്ടി എം.എൽ.എയുമായ നിതിൻ അഗർവാൾ ബി.െജ.പിക്കാണ് വോട്ടു ചെയ്യുകയെന്ന് നരേഷ് അഗർവാൾ പ്രഖ്യാപിച്ചതാണ് ബി.എസ്.പിക്ക് വിനയായത്.
രാജ്യസഭയിലേക്ക് ജയ ബച്ചന് സീറ്റ് നൽകിയതോടെയാണ് രാജ്യസഭ എം.പിയായിരുന്ന നരേഷ് അഗർവാളും മകനും പാർട്ടി വിട്ടത്. ബദ്ധവൈരികളായ സമാജ്വാദി പാർട്ടിയും ബി.എസ്.പിയും ബി.ജെ.പി ഭീഷണി മറികടക്കാൻ ഇത്തവണ രാജ്യസഭയിേലക്ക് ഒരുമിച്ച് മത്സരിക്കാൻ ധാരണയിലായിരുന്നു. സമാജ്വാദി പാർട്ടി ജയ ബച്ചനെയും ബി.എസ്.പി ഭീംറാവു അംബേദ്കറെയുമാണ് മത്സരിപ്പിക്കുന്നത്. ഒരു സ്ഥാനാർഥിക്ക് ജയിക്കാൻ 37 വോട്ടുകളാണ് വേണ്ടത്. സമാജ്വാദി പാർട്ടിക്ക് 47 എം.എൽ.എമാരാണുള്ളത്. ഇവരിൽ 10 അധിക വോട്ടുകൾ ബി.എസ്.പിക്ക് നൽകാനാണ് ധാരണ.
403 അംഗ ഉത്തർപ്രദേശ് നിയമസഭയിൽ ബി.എസ്.പിക്ക് 19 എം.എൽ.എമാരാണുള്ളത്. നിലവിൽ പാർട്ടിക്ക് ജയിക്കാൻ 18 വോട്ടിെൻറ കുറവുണ്ട്. സമാജ്വാദി പാർട്ടിയുടെയും ഏഴു കോൺഗ്രസ് എം.എൽ.എമാരുടെയും ഒരു ആർ.എൽ.ഡി എം.എൽ.എയുടെയും സഹായത്തോടെ 37 വോേട്ടാടെ ജയിക്കാമെന്നാണ് ബി.എസ്.പിയുടെ കണക്കുകൂട്ടൽ. എന്നാൽ, നിതിൻ അഗർവാൾ വോട്ട് ചെയ്തില്ലെങ്കിൽ 36 വോട്ടു മാത്രമേ ബി.എസ്.പിക്ക് ലഭിക്കൂ. ഇതോടെ ബി.എസ്.പിയുടെ ഭീംറാവു അംബേദ്കറുടെ നില പരുങ്ങലിലാവും. യു.പിയിൽ 10 രാജ്യസഭ സീറ്റുകളാണ് ഒഴിവുള്ളത്. 324 എം.എൽ.എമാരുള്ള എൻ.ഡി.എക്ക് എട്ടു പേരെ രാജ്യസഭയിലെത്തിക്കാനാകും.
എന്നാൽ, ബി.ജെ.പിയുടെ 11 സ്ഥാനാർഥികളാണ് പത്രിക നൽകിയത്. അവസാന നിമിഷമാണ് ബി.ജെ.പിയുടെ മൂന്നു സ്ഥാനാർഥികളും ഒരു സ്വതന്ത്രനുംകൂടി രംഗത്തുവന്നത്. എന്നാൽ, ചൊവ്വാഴ്ച സൂക്ഷ്മപരിശോധനയിൽ സ്വതന്ത്ര സ്ഥാനാർഥി മഹേഷ്ചന്ദ്ര ശർമയുടെ പത്രിക തള്ളി. ഇതോടെ 10 സീറ്റിലേക്ക് 13 സ്ഥാനാർഥികളായി. എന്നാൽ, ബി.ജെ.പി കുതിരക്കച്ചവടമാണ് നടത്താൻ പോകുന്നതെന്ന് സമാജ്വാദി പാർട്ടി വക്താവ് സുനിൽ സിങ് സജൻ ആരോപിച്ചു.
രാജ്യസഭ തെരഞ്ഞെടുപ്പിന് പാർട്ടി തന്ത്രങ്ങൾ മെനയുന്നുണ്ടെന്നും പത്രിക പിൻവലിക്കാവുന്ന അവസാന ദിവസമായ മാർച്ച് 15ഒാടെ ചിത്രം വ്യക്തമാവുമെന്നും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻറ് ജെ.പി.എസ്. രാത്തോർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.