നാലാമൂഴം ലക്ഷ്യമിട്ട് രമൺസിങ്
text_fieldsറായ്പുർ: ഛത്തിസ്ഗഢിൽ മുഖ്യമന്ത്രി കസേരയിൽ നാലാമൂഴം ലക്ഷ്യമിട്ട് രമൺസിങ്. ഒരുവട്ടം കൂടി നിയമസഭയിൽ എത്തിയാൽ ഏറ്റവും കൂടുതൽ കാലം സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി മുഖ്യമന്ത്രിയാവും രമൺസിങ്.
2003ൽ അധികാരമേറ്റ രമൺസിങ്ങിന് പിന്നീട് നിരവധി പ്രതിസന്ധികൾക്കിടയിലും കസേര ഇളകാതെ സൂക്ഷിക്കാൻ കഴിഞ്ഞ ആത്മവിശ്വാസത്തിലാണ് ഇക്കുറിയും അങ്കത്തിന് ഇറങ്ങുന്നത്. ‘നിശബ്ദനായ അമരക്കാരൻ’ എന്നാണ് ഛത്തിസ്ഗഢ് മുഖ്യമന്ത്രിയെ വിശേഷിപ്പിക്കാറ്. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ അനന്തരവൾ കരുണ ശുക്ലയെ നേരിടുകയെന്ന വെല്ലുവിളിയാണ് രമൺസിങ്ങിന് ഇക്കുറി രാജ്നന്ദ്ഗൗൺ മണ്ഡലത്തിലുള്ളത്. 2013ൽ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബസ്തറിലുണ്ടായ മാവോവാദി ആക്രമണത്തിൽ ആറ് കോൺഗ്രസ് നേതാക്കൾക്ക് ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ആടിയുലഞ്ഞ ബി.ജെ.പിയെ തന്ത്രപരമായി കരകയറ്റാൻ രമൺസിങ്ങിന് കഴിഞ്ഞു.
സുരക്ഷ വീഴ്ചയിൽ ശക്തമായ വിമർശന ശരങ്ങളേറ്റപ്പോഴും മൗനിയായ രമൺസിങ് ഒടുവിൽ വീഴ്ച ഉദ്യോഗസ്ഥരുടെ തലയിലിട്ടാണ് തടിയൂരിയത്. നിരവധി അഴിമതി ആരോപണങ്ങളും അതിജയിച്ചാണ് രമൺസിങ് പടയോട്ടം തുടരുന്നത്. ആയുർവേദ ഡോക്ടർകൂടിയായ ഇൗ 66കാരൻ ജന്മനാടായ മധ്യപ്രദേശിലെ കവർധ മണ്ഡലത്തിൽനിന്ന് വിജയിച്ചാണ് പാർലമെൻററി രാഷ്ട്രീയത്തിൽ കാലുറപ്പിക്കുന്നത്. ’99ൽ രാജ്നന്ദ് ഗൗൺ മണ്ഡലത്തിൽ നിന്ന് ലോക്സഭയിലെത്തി വാജ്പേയ് മന്ത്രിസഭയിൽ വാണിജ്യ സഹമന്ത്രിയായി.
2003ൽ കേന്ദ്ര മന്ത്രിക്കുപ്പായം ഉപേക്ഷിച്ചാണ് നിയമസഭയിലേക്ക് മത്സരിച്ച് മുഖ്യമന്ത്രിയാകുന്നത്. തെരഞ്ഞെടുക്കപ്പെടുകയും പാർട്ടി അധികാരത്തിലേറുകയും ചെയ്താൽ ഇക്കുറിയും ഛത്തിസ്ഗഢിൽ മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന് ഉത്തരം ഇപ്പോഴേ റെഡി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.