ജയയുടെ പിന്തുടർച്ചക്കായി ആർ.കെ നഗറിൽ ചതുഷ്കോണ മത്സരം
text_fieldsചെന്നൈ: തമിഴകത്തെ ഭാവി രാഷ്ട്രീയത്തിെൻറ സൂചന കൂടിയാകുന്ന ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പിൽ പോരാളികൾ നിരന്നു; കളമൊരുങ്ങി. അണ്ണാ ഡി.എം.കെയിലെ ഇരു വിഭാഗവും ജയലളിതയുടെ അടുത്ത ബന്ധുവും ഡി.എം.കെയും പ്രചാരണരംഗത്ത് സജീവമാണ്. ജയലളിതയുടെ പിന്തുടർച്ച തേടിയാണ് അണ്ണാ ഡി.എം.കെയിലെ ശശികല, പന്നീർസെൽവം വിഭാഗങ്ങളുടെ നീക്കങ്ങൾ. ശശികല വിഭാഗത്തിൽനിന്ന് പാർട്ടി ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ടി.ടി.വി. ദിനകരൻ, പന്നീർസെൽവം പക്ഷത്തുനിന്ന് പ്രസീഡിയം ചെയർമാൻ ഇ. മധുസൂദനൻ എന്നിവരാണ് സ്ഥാനാർഥികൾ.
ജയലളിതയുടെ രൂപസാദൃശ്യമുള്ള സഹോദര പുത്രി ദീപാ ജയകുമാർ മറ്റ് രാഷ്ട്രീയപാർട്ടികൾക്ക് ഭീഷണിയാണ്. എം.ജി.ആർ^അമ്മ^ദീപാ പേരവൈ എന്ന സംഘടനയുടെ നേതാവായ ദീപയും ജയലളിതയുടെ പിന്തുടർച്ചാണ് അവകാശപ്പെടുന്നത്. പ്രതിപക്ഷമായ ദ്രാവിഡ മുന്നേറ്റ കഴകം പ്രാദേശിക നേതാവായ മരുതു ഗണേഷിനെയാണ് അട്ടിമറി വിജയത്തിന് നിയോഗിച്ചിരിക്കുന്നത്.
രാഷ്ട്രീയമായി ഏറെ പ്രാധാന്യമുള്ള തെരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെയിലെ ഇരു വിഭാഗങ്ങൾക്കും അതിജീവന പോരാട്ടമാണ്. നാടകീയ നീക്കങ്ങൾക്കൊടുവിൽ അധികാരമേറ്റ എടപ്പാടി കെ. പളനിസാമി സർക്കാറിന് ജനകീയത തെളിയിക്കേണ്ടത് അത്യാവശ്യമാണ്. തെരഞ്ഞെടുപ്പിൽ ലഭിക്കുന്ന വോട്ടാകും ദീപയുടെ രാഷ്ട്രീയഭാവിയും നിശ്ചയിക്കുക. പന്നീർസെൽവത്തിന് കേന്ദ്ര സർക്കാറിെൻറയും ബി.ജെ.പിയുടെയും പിന്തുണയുണ്ട്. അവരുടെ സ്ഥാനാർഥിയായ ഇ. മധുസൂദനൻ 1996ൽ ആർ.കെ നഗർ എം.എൽ.എയായിരുന്നു. പാർട്ടി പിടിച്ചടക്കിയ ശശികലക്കെതിരായ ജനവികാരം വോട്ടായി മാറുമെന്നാണ് പന്നീർസെൽവം കണക്കുകൂട്ടുന്നത്.
ജയലളിതയുടെ ജനപ്രിയ പദ്ധതികളുടെ പിന്തുടർച്ചയുമായി കഴിഞ്ഞദിവസം അവതരിപ്പിച്ച ബജറ്റിലാണ് പളനിസാമി സർക്കാറിെൻറ പ്രതീക്ഷ.
ഇതിനിടെ അണ്ണാ ഡി.എം.കെയിലെ ഇരുവിഭാഗവും ശശികലയുടെ ജനറൽ സെക്രട്ടറി സ്ഥാനം, പാർട്ടി കൊടി, ഇരട്ട ഇല ചിഹ്നം എന്നിവയുടെ പേരിൽ തെരഞ്ഞെടുപ്പ് കമീഷന് മുന്നിൽ ഏറ്റുമുട്ടുകയാണ്. ജയലളിതയുെട പേരിൽ മൂന്ന് സ്ഥാനാർഥികളും കൂടി വോട്ട് വിഭജിക്കുന്നതിലാണ് ഡി.എം.കെയുടെ കണക്കുകൾക്ക് പ്രസക്തി ഏറുന്നത്.
നാട്ടുകാരനായ മുൻ പത്രപ്രവർത്തകനാണ് മരുതു ഗണേഷ്. വണ്ണിയാർ, ദലിതർ എന്നിവർക്ക് മുൻതൂക്കമുള്ള മണ്ഡലത്തിൽ മുതലിയാർ സമുദായക്കാരൻ വർഷങ്ങൾക്കുേശഷം അട്ടിമറി വിജയം നേടുമെന്നാണ് സ്റ്റാലിെൻറ പ്രതീക്ഷ. അവസാനനിമിഷം പന്നീർസെൽവം, ദീപ വിഭാഗങ്ങൾ ഒരുമിച്ചാൽ പ്രതീക്ഷ തകിടംമറിയും. സംഗീതസംവിധായകൻ ഗംഗൈ അമരൻ ആണ് ഇവിടെ ബി.ജെ.പി സ്ഥാനാർഥി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.