ആർ.എസ്.പി ദേശീയ സമ്മേളനത്തിന് തുടക്കം
text_fieldsന്യൂഡല്‍ഹി: ശബരിമല വിഷയത്തിൽ കേരളഘടകത്തിനും ദേശീയ നേതൃത്വത്തിനുമിടയിലുള്ള ഭിന്നത പരസ്യമാക്കി ആർ.എസ്.പി ദേശീയ സമ്മേളനത്തിന് ന്യൂഡൽഹിയിൽ തുടക്കമായി. ദൈവത്തിെൻറ സ്വന്തം നാടായ കേരളത്തിൽ സ്ത്രീകൾക്ക് ദൈവിക ദർശനം തടയുകയാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത കേന്ദ്ര സെക്രേട്ടറിയറ്റംഗം ഷിദ്ദി ഗോസ്വാമി വിമർശിച്ചു. ബി.ജെ.പിക്കെതിരെ മതനിരപേക്ഷ കക്ഷികളുടെ വിശാല സഖ്യത്തിന് അദ്ദേഹം ആഹ്വാനം ചെയ്തു.
അനാരോഗ്യം മൂലം ജനറൽ സെക്രട്ടറി ചന്ദ്രചൂഡെൻറ അസാന്നിധ്യത്തിലാണ് ന്യൂഡൽഹി മാവ്ലങ്കർ ഹാളിലെ ദേബേന്ദ്ര ബന്ദോപാധ്യായ നഗറിൽ 21ാം ദേശീയ സമ്മേളനം തുടങ്ങിയത്. ആർ.എസ്.പി കേരള ഘടകത്തിെൻറ നിലപാട് നിരാകരിച്ച ഷിദ്ദി ഗോസ്വാമി ശബരിമല സ്ത്രീപ്രവേശനത്തിനെതിരായ സമരം തൊഴിലാളി വർഗ രാഷ്ട്രീയത്തെ തകർക്കുന്നതിനുള്ള സംഘ്പരിവാർ അജണ്ടയുടെ ഭാഗമാണെന്ന് കുറ്റപ്പെടുത്തി. കേരളത്തിൽ സ്ത്രീകൾക്ക് ആദരവ് ലഭിക്കുന്നു. നിരവധി മാതൃകകൾ സൃഷ്ടിച്ച സംസ്ഥാനമാണ് കേരളം.
ഇടതുപക്ഷത്തിെൻറ നേതൃത്വത്തിൽ വിവിധ മേഖലകളിലുണ്ടാക്കിയ മാതൃക തകർക്കാനാണ് ബി.ജെ.പി നീക്കം. അതിെൻറ ഭാഗമാണ് ശബരിമലയിൽ സ്ത്രീകളെ തടയാനായി നടത്തുന്ന അതിക്രമങ്ങൾ. സുപ്രീംകോടതി വിധി എതിരായിട്ടും മതവികാരം ആളിക്കത്തിച്ച് അധികാരം നിലനിർത്താനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നത്. ഹിന്ദുത്വവാദികളുടെ മതരാഷ്ട്രമാക്കി ഇന്ത്യയെ മാറ്റുകയാണ് അവരുടെ ലക്ഷ്യമെന്നും ഗോസ്വാമി കുറ്റപ്പെടുത്തി.
കേരളത്തില്‍ ആർ.എസ്.പിയെ തകര്‍ക്കുന്ന സമീപനമാണ് സി.പി.എം സ്വീകരിക്കുന്നതെന്ന് അധ്യക്ഷ പ്രസംഗം നടത്തിയ എ.എ. അസീസ് പറഞ്ഞു. സി.പി.എമ്മിന് കേരളത്തിലെ ഭരണം മാത്രമാണ് ലക്ഷ്യം. ആർ.എസ്.പിയെ ഇല്ലാതാക്കുന്ന സമീപനമാണ് സി.പി.എമ്മും സി.പി.െഎയും സ്വീകരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷ ഐക്യത്തിനില്ലെന്ന സി.പി.എമ്മിെൻറ നിലപാട് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടന സമ്മേളനത്തിന് മുമ്പ് ചേർന്ന കേന്ദ്രകമ്മിറ്റി കരട് രാഷ്ട്രീയ പ്രമേയത്തിൽ കേരളം കൊണ്ടുവന്ന ഭേദഗതി അംഗീകരിക്കാൻ തീരുമാനിച്ചു. വിശാല ഇടത് െഎക്യമെന്ന പൊതുതത്വത്തിൽനിന്ന് വിരുദ്ധമായി കേരളത്തിലുള്ള മുന്നണിബന്ധം പ്രത്യേക സാഹചര്യത്തിലാണെന്നത് സമ്മേളനത്തിന് മുമ്പാകെ വെക്കും. സമ്മേളനം തിങ്കളാഴ്ച സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.