എസ്.ആർ.പിയുടെ ഒഴിവ് കേരളത്തിന് ലഭിക്കില്ല
text_fieldsഹൈദരാബാദ്: മുതിര്‍ന്ന നേതാവ് എസ്. രാമചന്ദ്രന് പിള്ള പോളിറ്റ്ബ്യൂറോയില്‍നിന്ന് ഒഴിയുമ്പോള്‍ പകരക്കാരൻ കേരളത്തിൽനിന്നായിരിക്കില്ല. കേരളത്തില്‍നിന്ന് പി.കെ. ഗുരുദാസന് കേന്ദ്ര കമ്മിറ്റിയില്‍നിന്ന് ഒഴിയും. കേന്ദ്ര കമ്മിറ്റിയിലെ ക്ഷണിതാവ് സ്ഥാനത്തുനിന്ന് ഒഴിയണമോ എന്നതില്‍ വി.എസ്. അച്യുതാനന്ദെൻറ കാര്യത്തില്‍ നേതൃത്വം വാശിപിടിക്കാനും ഇടയില്ല.
അതേസമയം, നിലവില്‍ കേന്ദ്ര കമ്മിറ്റിയില്‍ സ്ഥിരം ക്ഷണിതാക്കളായ അഞ്ചുപേരില്‍ മൂന്നുപേര്‍ കേന്ദ്ര കമ്മിറ്റിയില്‍ എത്തുമെന്ന് ഉറപ്പായി. 80 വയസ്സ് കഴിഞ്ഞതോടെയാണ് എസ്. രാമചന്ദ്രന് പിള്ള എന്ന എസ്.ആർ.പി പോളിറ്റ് ബ്യൂറോ (പി.ബി)യിൽനിന്നും കേന്ദ്രകമ്മിറ്റി (സി.സി)യിൽനിന്നും ഒഴിയുന്നത്. ഡല്‍ഹിയില്‍ കേന്ദ്ര സെൻററിെൻറ ഭാഗമായി പ്രവര്‍ത്തിക്കവേയാണ് 1992ല്‍ എസ്.ആർ.പിയെ പി.ബിയിലേക്ക് എടുത്തത്. അതിനാല്‍ അദ്ദേഹത്തിെൻറ ഒഴിവ് കേരളഘടകത്തിന് അവകാശപ്പെടാനാവില്ല. മാത്രമല്ല നിലവില്‍ പിണറായി വിജയന്, കോടിയേരി ബാലകൃഷ്ണന്, എം.എ. ബേബി എന്നീ മൂന്ന് മുതിര്‍ന്ന അംഗങ്ങള്‍ കേരളത്തില്‍നിന്ന് പി.ബിയിലുണ്ട്. നാലാമത് ഒരാളെ നല്‍കുന്നത് അസമത്വത്തിന് ഇടയാക്കുമെന്ന വിലയിരുത്തല്‍ കേന്ദ്ര നേതൃത്വത്തിനുണ്ട്. നിലവില്‍ പി.ബിയില്‍ 16 അംഗങ്ങളാണുള്ളത്. സി.സി അംഗങ്ങള്‍ 91, പ്രത്യേക ക്ഷണിതാക്കള്‍ അഞ്ചുപേര്‍, സ്ഥിരം ക്ഷണിതാക്കള്‍ അഞ്ചുപേര്‍ എന്നിങ്ങനെയാണ്. നേരത്തെ, ഒമ്പത് ആയിരുന്നത് പിന്നീട് 13 ആയും 16 ആയും ഉയര്‍ന്നു. എസ്.ആര്.പി കേന്ദ്ര കമ്മിറ്റി ക്ഷണിതാവും കേരളത്തിലെ സംസ്ഥാന സമിതിയിൽ ക്ഷണിതാവും ആയി തുടരും.
80 വയസ്സ് കഴിഞ്ഞതിനാലാണ് പി.കെ. ഗുരുദാസന് സി.സിയില്‍നിന്ന് ഒഴിയുന്നത്. പകരം സംസ്ഥാന സെക്രട്ടേറിയറ്റില്‍നിന്ന് എം.വി. ഗോവിന്ദനെ സി.സിയിലേക്ക് സംസ്ഥാന നേതൃത്വം നിർദേശിക്കും. ആനത്തലവട്ടം ആനന്ദനും ബേബി ജോണും വേണമോയെന്നത് സംസ്ഥാന നേതൃത്വവും കേന്ദ്ര നേതൃത്വവും ആലോചിച്ച് തീരുമാനിക്കുമെന്നാണ് സൂചന. വയസ്സ് 94 തികഞ്ഞുവെങ്കിലും സി.സി ക്ഷണിതാവ് സ്ഥാനത്ത് തുടരണോ ഒഴിയേണാ എന്ന് വി.എസ് സ്വയം തീരുമാനിക്കട്ടെ എന്ന നിലപാടാണ് കേന്ദ്ര നേതൃത്വത്തില്‍ ഭൂരിപക്ഷത്തിനും. എന്നാല്‍, അനാരോഗ്യം കാരണം ഡല്‍ഹിയില്‍ കേന്ദ്ര നേതൃയോഗങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്ക്കുന്ന പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ സി.സിയില്‍നിന്ന് ഒഴിവായേക്കും.
ഉത്തരാഖണ്ഡ് സംസ്ഥാന സെക്രട്ടറി രജീന്ദര്‍ നഗി, ഛത്തിസ്ഗഢ് സംസ്ഥാന സെക്രട്ടറി സഞ്ജയ് പരാഠെ, കേന്ദ്ര സെൻറര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വി. മുരളീധരന്, വിജു കൃഷ്ണന്, അരുണ്‍ കുമാര്‍ എന്നിവരാണ് കേന്ദ്ര കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാക്കള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.