പാർട്ടിയെ വെട്ടിലാക്കി വീണ്ടും ശ്രീധരൻപിള്ള
text_fieldsകോഴിക്കോട്: ശബരിമല യുവതി പ്രവേശനത്തിനെതിരായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്ന ബി.ജെ.പിയെ വീണ്ടും വെട്ടിലാക്കി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻപിള്ള. ശബരിമലയിലെ സമരം സ്ത്രീ പ്രവേശനത്തിന് എതിരെയല്ലെന്ന പിള്ളയുടെ പ്രസ്താവനയാണ് പാർട്ടിയെ തിരിഞ്ഞുകൊത്തുന്നത്. തിങ്കളാഴ്ച രാവിലെ കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് സംസ്ഥാന അധ്യക്ഷൻ ഇതുവരെയുള്ള വാദഗതികളിൽ മലക്കംമറിയുന്ന പ്രസ്താവന നടത്തിയത്.
കമ്യൂണിസ്റ്റുകാർ ശബരിമലയെ തകർക്കാൻ ശ്രമിക്കുന്നു. ആ കമ്യൂണിസ്റ്റുകൾക്കെതിരെയാണ് ഞങ്ങളുടെ സമരം. ഇതുമായി ബന്ധപ്പെട്ടാണ് കോടിക്കണക്കിന് ആളുകുളുടെ ഒപ്പ് ശേഖരിക്കാൻ വീടുകളിൽ പോകുന്നത്. അല്ലാതെ അവിടെ സ്ത്രീകൾ വരുന്നോ പോകുന്നോ എന്നു നോക്കാൻ േവണ്ടിയല്ല. സ്ത്രീകൾ വരുന്നതിൽ പ്രതിഷേധിക്കുന്ന വിശ്വാസികളുണ്ടെങ്കിൽ അവർ നടപടികൾ സ്വീകരിക്കും. ഞങ്ങൾ അവർക്ക് പിന്തുണ പ്രഖ്യാപിക്കും -ഇതായിരുന്നു പിള്ളയുടെ പ്രതികരണം.
ശബരിമല യുവതി പ്രവേശന വിധി സുവർണാവസരമാണെന്നും ബി.ജെ.പി അജണ്ടയാണ് സമരമെന്നും ഒാരോരുത്തരായി നമ്മുടെ അജണ്ടയിൽ വീണുവെന്നും നേരത്തേ ശ്രീധരൻപിള്ള യുവമോർച്ച നേതൃയോഗത്തിൽ പറഞ്ഞത് വിവാദമാവുകയും പാർട്ടി നേതാക്കളിലടക്കം മുറുമുറുപ്പിനിടയാക്കുകയും ചെയ്തിരുന്നു. യുവതി പ്രവേശനമുണ്ടായാൽ നടയടച്ചിടുമെന്ന് തന്ത്രി കണ്ഠരര് രാജീവര് പ്രഖ്യാപിച്ചത് തന്നെ വിളിച്ച് അഭിപ്രായം ആരാഞ്ഞശേഷമാണെന്ന പിള്ളയുടെ വെളിപ്പെടുത്തൽ തന്ത്രി നിഷേധിച്ചതും പാർട്ടിക്ക് ക്ഷീണമുണ്ടാക്കിയിരുന്നു.
തന്നെ വിളിച്ചത് ആരാണെന്ന് ഒാർമയില്ലെന്നും തന്ത്രി തന്നെ വിളിച്ചില്ലെന്ന് പറഞ്ഞതോടെ പ്രശ്നം അവസാനിച്ചല്ലോ എന്നുമായിരുന്നു ഇതുസംബന്ധിച്ച് ശ്രീധരൻപിള്ളയുടെ പിന്നീടുള്ള വിശദീകരണം. ഇതിലടക്കം സംസ്ഥാന അധ്യക്ഷൻ മലക്കംമറിഞ്ഞത് വലിയ ചർച്ചയായതോടെ മാധ്യമങ്ങളോടുള്ള പ്രതികരണങ്ങളിലും സമരത്തിെൻറ ഭാഗമായുള്ള പ്രസംഗങ്ങളിലും സൂക്ഷ്മത പുലർത്താൻ നേതാക്കൾക്കിടയിൽ ധാരണയായിരുന്നു.
ഇതിനു പിന്നാലെയാണ് സംസ്ഥാന അധ്യക്ഷനിൽനിന്നുതന്നെ പാർട്ടിയെ വെട്ടിലാക്കുന്ന പ്രതികരണം ഉണ്ടായത്. ശബരിമലയിലെ അറസ്റ്റ് സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണം. ഏഴുവർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളിൽ അറസ്റ്റ് ഒഴിവാക്കാമെന്ന് നേരത്തേ സുപ്രീംകോടതി പറഞ്ഞതാണ്. എന്നിട്ടും പൊലീസ് അറസ്റ്റ് ദുരുപയോഗപ്പെടുത്തുകയാണ്.
എക്സിക്യൂട്ടിവ് മജിസ്ട്രേറ്റാണ് 144 പ്രഖ്യാപിക്കേണ്ടത്. നിലവിൽ ആ നിയമസംവിധാനവും സർക്കാറിനൊപ്പം തുള്ളുകയാണ്. മനുഷ്യാവകാശങ്ങൾക്ക് വിലയില്ലാത്ത, സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന നടപടികളാണ് പൊലീസ് നടത്തുന്നത്. ശ്രീനാരായണ ധർമത്തിൽ വിശ്വസിക്കുന്ന സമുദായക്കാരനാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കെ. സുരേന്ദ്രനും ഇതേ സമുദായക്കാരനാണ്. മരണശേഷം കുടുംബാംഗങ്ങൾക്കുള്ള പുല 11 ദിവസംകൊണ്ട് അവസാനിക്കുമെന്നാണ് ശ്രീനാരായണ ഗുരു പറഞ്ഞത്. അത് അംഗീകരിച്ച് മാപ്പുപറയാൻ മന്ത്രി തയാറാവണമെന്നും ശ്രീധരൻ പിള്ള ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.