സജി ചെറിയാന്റെ രാജി: സി.പി.എം സെക്രട്ടേറിയറ്റ് കോടതിയുടെ നൂലിൽ തൂങ്ങുമോ?
text_fieldsമന്ത്രി സജി ചെറിയാന്റെ മല്ലപ്പള്ളി മോഡൽ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിലപാടാണ് നിർണായകം. ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത മന്ത്രി ഭരണഘടനയെ തള്ളിപ്പറഞ്ഞാല്‍ ആ സ്ഥാനത്ത് പിന്നെ തുടരാന്‍ പാടില്ലെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടത് കൊണ്ട് മാത്രം മന്ത്രിസ്ഥാനം രാജിവെക്കേണ്ടതില്ലെന്നാണ് നിലവിലെ സെക്രട്ടേറിയറ്റ് നിലപാട്.
എന്നാൽ, ഇന്ത്യൻ മതാതിഷ്ഠിത ഫാഷിസത്തെ നേരിടുന്ന കാലഘട്ടത്തിൽ മതേതര ശക്തികളുടെ മുന്നേറ്റ സാധ്യതകളെ തടയുംവിധമാണ് സജി ചെറിയാൻ പ്രസംഗം നടത്തിയതെന്ന കാര്യത്തിൽ സംശയമില്ല. ഭരണഘടനയുടെ ദൗർബല്യങ്ങളും പരിമിതികളും ചൂണ്ടിക്കാട്ടുന്നതിൽ പാർട്ടി നേതൃത്വം എതിരല്ല. ഇന്ത്യന്‍ ഭരണഘടന ജനങ്ങളെ കൊള്ളയടിക്കാനുള്ളതാണെന്ന് സജി ചെറിയാൻ തുറന്നടിച്ചതിന് മറുപടി പറയാൻ പാർട്ടി നേതൃത്വം ഏറെ വിയർക്കും.
കമ്യൂണിസ്റ്റ് പാർട്ടിയിലെ മന്ത്രിമാരെയും എം.എൽ.എ-എം.പിമാരെയും നിയന്ത്രിക്കുന്നത് പാർട്ടി കമ്മിറ്റികളാണ്. അതിനാൽ സജി ചെറിയൻ മാത്രമല്ല, പാർട്ടിയും ഇവിടെ പ്രതിക്കൂട്ടിലാണ്. നേതാക്കൾ ഉൾപ്പെടെ പലപ്പോഴും പാർലമെന്ററി സമ്പ്രദായത്തെ ആക്ഷേപിക്കാറുണ്ട്. കാരണം അവരെ സംബന്ധിച്ചിടത്തോളം പാർലമെൻററി ജനാധിപത്യം ബൂർഷ്വ ജനാധിപത്യമാണ്. അതിനെ സംരക്ഷിക്കുന്ന ഭരണഘടന ബൂർഷ്വ ഭരണഘടനയുമാണ്. അതെല്ലാം സജി ചെറിയാന് പാർട്ടിക്കുള്ളിൽ വാദിക്കാനുള്ള പിടിവള്ളിയാണ്.
കമ്യൂണിസ്റ്റ് പാർട്ടികൾ ജനാധിപത്യ പാർട്ടികൾ എന്ന നിലയിലേക്ക് പൂർണാർഥത്തിൽ മാറിയിട്ടില്ല. അതേസയം, അവർ മതേതര പാർട്ടികളാണ്. പ്രതിപക്ഷ ബഹുമാനമില്ലായ്മ അവരുടെ കൈമുതലാണ്. ബഹുകക്ഷി ജനാധിപത്യത്തെ അടിസ്ഥാനപരമായി അവർ അംഗീകരിക്കുന്നില്ല. തൊഴിലാളിവർഗ സർവാധിപത്യമാണ് ലക്ഷ്യം. പാർലമെൻററി ജനാധിപത്യത്തെ താൽക്കാലിക അടവായി സ്വീകരിക്കുന്നുവെന്ന് മാത്രം. ഇ.എം.എസ് ആവർത്തിച്ചെഴുതിയ ആശയമാണിത്. സി.പി.എം പരിപാടിയിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെങ്കിലും പ്രവർത്തകർക്കും അണികൾക്കും ചെറിയാനെപ്പോലുള്ള മന്ത്രിമാർക്കും അത് ബോധ്യപ്പെട്ടിട്ടില്ല.
ലോക ചരിത്രത്തിലെ രാഷ്ട്രീയ സമ്പ്രദായങ്ങളിൽ മികച്ചതാണ് പാർലമെൻററി ജനാധിപത്യം എന്ന തിരിച്ചറിവ് അവർക്ക് ഉണ്ടായിട്ടില്ല. രാജ്യത്തെ ഭാഷ-സാംസ്കാരിക വൈജാത്യങ്ങളുള്ള ജനതകളെ ഒന്നിച്ചുനിർത്തിയ ചരടാണ് ഭരണഘടനയെന്ന് മന്ത്രിക്ക് മനസ്സിലായിട്ടില്ല. അതിനാലാണ് ബ്രിട്ടീഷുകാര്‍ പറഞ്ഞു കൊടുത്തതാണ് ഭരണഘടന ശില്‍പിയായ ഡോ. അംബേദ്കര്‍ എഴുതിവെച്ചതെന്ന് സജി ചെറിയാൻ ഗവേഷണം നടത്തി കണ്ടെത്തിയത്. 'മതേതരത്വം, ജനാധിപത്യം എന്നൊക്കെ ഭരണഘടനയില്‍ എഴുതിവെച്ചിട്ടുണ്ടെങ്കിലും അതെല്ലാം കുന്തവും കൊടച്ചക്രവുമാണ്' എന്ന് നാടന്‍ ശൈലിയിൽ തട്ടിവിടാൻ മന്ത്രിക്ക് തോന്നിയതിന്റെ കാരണവും അതാണ്. മന്ത്രിയെ സംബന്ധിച്ചിടത്തോളം ഭരണഘടനയെ തള്ളിപ്പറയാനോ വിമര്‍ശിക്കാനോ ഉള്ള അവകാശം നിയമപരമായില്ലെന്ന് സാധാരണക്കാര്‍ക്കു പോലും അറിയാം.
മുന്‍ ലോക്‌സഭ സെക്രട്ടറി പി.ടി.ഡി ആചാരിയും മുന്‍ ഹൈകോടതി ജസ്റ്റിസ് കെമാല്‍ പാഷയും അടക്കമുള്ള നിയമവിദഗ്ധർ പ്രതികരിക്കുമ്പോഴും സി.പി.എം സെക്രട്ടേറിയറ്റിന് സൈദ്ധാന്തികമായി പരിശോധന ആവശ്യമാണ്. പഞ്ചാബ് മോഡല്‍ പ്രസംഗം നടത്തിയ മുന്‍ മന്ത്രി ആര്‍. ബാലകൃഷ്ണപിള്ള ബൂർഷ്വ പർട്ടിയുടെ നേതാവായിരുന്നു. അതുപോലെയല്ല സജി ചെറിയാൻ. ഡോ. അംബേദ്കറും ഡോ. രാജേന്ദ്ര പ്രസാദും അടക്കമുള്ള മഹാന്‍മാര്‍ എഴുതിയുണ്ടാക്കിയ ഇന്ത്യന്‍ ഭരണഘടന ലോകത്തിന് തന്നെ മാതൃകയാണെങ്കിലും ചെറിയാൻ അത് അംഗീകരിക്കില്ല. ചുരുക്കത്തിൽ ബൂർഷ്വാ കോടതിക്ക് മുമ്പിൽ സജി ചെറിയാന്റെ 'നാവിന്റെ പിഴ' ചൂണ്ടിക്കാട്ടി രക്ഷപ്പെടാനാവുമോ എന്നാണ് സി.പി.എം സെക്രട്ടേറിയറ്റിന്റെ ആലോചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.