സമാജ്വാദി പാർട്ടിയും ‘സോഷ്യൽ എൻജിനീയറിങ്ങി’ലേക്ക്
text_fieldsന്യൂഡൽഹി: അച്ഛനിൽനിന്ന് മകനിലേക്കുള്ള നേതൃമാറ്റം പൂർത്തിയാക്കിയ സമാജ്വാദി പാർട്ടിയും (എസ്.പി) ബി.ജെ.പിക്ക് പിന്നാലെ സോഷ്യൽ എൻജിനീയറിങ്ങിലേക്ക്. അഖിലേഷ് യാദവ് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ദേശീയ സമ്മേളനത്തോടെയാണ് പുതിയ രാഷ്ട്രീയ പരീക്ഷണങ്ങളിലേക്ക് എസ്.പി നീങ്ങുന്നത്. ഉത്തർപ്രദേശ് രാഷ്ട്രീയത്തിൽ 14 വർഷത്തെ അധികാര ഭ്രഷ്ട് അനുഭവിച്ച ബി.ജെ.പിയുടെ തലവര മാറ്റിയെഴുതിയ 2014 ലോക്സഭ, 2017 നിയമസഭ തെരഞ്ഞെടുപ്പുകൾ വിജയത്തിലേക്ക് നയിച്ചത് സോഷ്യൽ എൻജിനീയറിങ്ങായിരുന്നു.
മോദി പ്രഭാവത്തിനൊപ്പം യാദവ ഇതര പിന്നാക്ക ജാതി, ദലിത് വിഭാഗങ്ങളെയും ഒന്നിച്ച് കൂട്ടിയാണ് മുന്നാക്ക ജാതി പാർട്ടിയെന്ന ലേബൽ ബി.ജെ.പി മറികടന്നത്. ഇതോടെ എസ്.പി 25 വർഷമായി പിന്തുടർന്ന യാദവ്- മുസ്ലിം കൂട്ടുകെെട്ടന്ന രാഷ്ട്രീയ സമവാക്യം മാറ്റിയെഴുതി. പിന്നാക്ക ജാതിക്കാരുടെ ഇടയിലെ മറ്റു ജാതി ഉപവിഭാഗങ്ങളെ തരംതിരിക്കാനായി കേന്ദ്ര സർക്കാർ സമിതിയെ നിയോഗിച്ചതും ഇതിന് വേഗത കൂട്ടി. ആഗ്രയിൽ നടന്ന ദേശീയ സമ്മേളന വേദിയിൽ വിവിധ ജാതികളെ പ്രതിനിധാനം ചെയ്യുന്ന നേതാക്കളെയാണ് അണിനിരത്തിയത്. അഖിലേഷിനെ കൂടാതെ മൂന്ന് യാദവ് വിഭാഗക്കാർ മാത്രമാണ് സംസാരിച്ചവർ. ബാക്കി പിന്നാക്ക, മുന്നാക്ക, ദലിത് ജാതി, മുസ്ലിം വിഭാഗക്കാരായിരുന്നു. മണ്ഡൽ കമീഷൻ സമരങ്ങളോടെയാണ് യു.പി രാഷ്ട്രീയത്തിെൻറ നെറുകയിൽ പിന്നാക്ക വിഭാഗ നേതാവായി മുലായം അവരോധിക്കപ്പെട്ടത്.
എന്നാൽ വ്യത്യസ്തമാണ് നിലവിലെ സാഹചര്യമെന്നാണ് അഖിലേഷ് പക്ഷം ചൂണ്ടിക്കാട്ടുന്നത്. യാദവ വിഭാഗക്കാർ മാത്രം പാർട്ടി തലപ്പത്ത് തുടരുന്നത് മറ്റു പിന്നാക്ക ജാതിക്കാരെ അകറ്റുന്നു. അതാണ് ബി.ജെ.പി മുതലെടുക്കുന്നത്. മുസ്ലിംകൾ മാത്രം പോരാ, മുന്നാക്ക, ദലിത് വിഭാഗങ്ങളും മറ്റ് പിന്നാക്ക ജാതികളെയും ഉൾക്കൊള്ളണം. ഇതാണ് നിലപാട്. യാദവർ ശക്തിയല്ലാത്ത പടിഞ്ഞാറൻ യു.പിയിൽ മുസ്ലിംകൾക്കാണ് മുമ്പ് അധികവും ടിക്കറ്റ് നൽകിയിരുന്നത്. ആ സമവാക്യത്തിലും മാറ്റം വേണ്ടി വരും.
ജി.എസ്.ടി നടപ്പാക്കിയതിലെ പിഴവ്, വ്യാപാര സമൂഹത്തിെൻറ കഷ്ടപ്പാട്, സാമ്പത്തിക നയത്തിലും കേന്ദ്ര സർക്കാറിനെ രാഷ്ട്രീയ പ്രമേയത്തിൽ കടന്നാക്രമിച്ച എസ്.പി, ജാതി ഇതര മേഖലയിലേക്കും കടക്കാനാണ് ശ്രമം. കേശവ് മൗര്യ യു.പി ഉപമുഖ്യമന്ത്രിയായതിനെ തുടർന്ന് ഒഴിവുവന്ന ഫൂൽപുർ ലോക്സഭ സീറ്റ് തെരഞ്ഞെടുപ്പ് ആദ്യ പരീക്ഷണ വേദിയാവും. ഇവിടെ ദലിത് സ്ഥാനാർഥിയെ നിർത്താനാണ് സാധ്യത. കോൺഗ്രസുമായി യു.പിയിൽ അസംബ്ലി തെരഞ്ഞെടുപ്പിൽ ഉണ്ടാക്കിയ സഖ്യം തുടരുമെന്ന് പ്രഖ്യാപിച്ച അഖിലേഷ് 2019 ലും ഒന്നിച്ച് മത്സരിച്ചേക്കുമെന്ന് സൂചന നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.