കൊടപ്പനക്കല്‍ തറവാടിനെ പുകഴ്ത്തി സന്ദീപ് വാര്യരുടെ പാണക്കാട് സന്ദർശനം
text_fieldsമലപ്പുറം: ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ ഞായറാഴ്ച പാണക്കാട്ടെത്തി സാദിഖലി ശിഹാബ് തങ്ങളെ സന്ദർശിച്ചു. രാവിലെ 8.30ഓടെയാണ് സന്ദീപ് തങ്ങളുടെ വസതിയിലെത്തിയത്. സ്നേഹത്തിന്റെ കട തുറക്കുന്നുവെന്ന് പ്രഖ്യാപിച്ച സന്ദീപ് വാര്യര്‍ക്ക് ഹൃദ്യമായ വരവേൽപാണ് പാണക്കാട്ട് ഒരുക്കിയത്.
പാണക്കാട്ടെ കൂടിക്കാഴ്ച 45 മിനിറ്റോളം നീണ്ടു. സന്ദീപ് വാര്യരുടെ മാറ്റം വളരെ സന്തോഷത്തോടെയാണ് നോക്കിക്കാണുന്നതെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. കഴിഞ്ഞകാലത്തെ നിലപാടുകള്‍ തള്ളിക്കളഞ്ഞ് മതേതരത്വത്തിന്റെയും സൗഹാർദത്തിന്റെയും രാഷ്ട്രീയ ഭൂമിയിലേക്കാണ് അദ്ദേഹം കടന്നുവന്നിരിക്കുന്നത്. ഈ കടന്നുവരവ് ആസ്വദിക്കുകയാണ് ജനാധിപത്യ-മതേതര വിശ്വാസികള്‍ ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മതനിരപേക്ഷതയുടെയും മാനവസൗഹാർദത്തിന്റെയും സംസ്കാരം ഇന്ത്യയില്‍ വ്യാപകമാക്കിയതില്‍ കൊടപ്പനക്കല്‍ തറവാടിന്റെ വലിയൊരു പ്രയത്നമുണ്ടെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു. ആദ്യമായി ഇവിടെ വരാന്‍ കഴിഞ്ഞുവെന്നതില്‍ അങ്ങേയറ്റം ചാരിതാർഥ്യമുണ്ട്. ബി.ജെ.പിയുടെ രാഷ്ട്രീയം സംസാരിക്കുന്ന സമയത്ത് ഹൃദയവേദനയുണ്ടായ ആളുകള്‍ക്ക് ആശ്വാസമാകാന്‍ ഈ വരവ് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കുഞ്ഞാലിക്കുട്ടിയെപ്പോലെ ഉന്നതമായ അധികാര സ്ഥാനത്തിരുന്നയാള്‍ ആളുകളോട് ഇടപെടുന്നത് എന്റെ പഴയ പാര്‍ട്ടിയിലെ ആളുകള്‍ കണ്ടുപഠിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിക്കുകയാണ്. സന്ദീപ് വാര്യര്‍ക്ക് വലിയ കസേര കിട്ടട്ടെയെന്നാണ് അവര്‍ കളിയാക്കിയത്. സാദിഖലി തങ്ങളുടെ സമീപത്ത് ലഭിച്ച കസേര വലിയ കാര്യം തന്നെയാണെന്നും സന്ദീപ് പറഞ്ഞു.
ബി.ജെ.പിയാണ് അവസാന അഭയകേന്ദ്രമെന്ന ചിന്താഗതിക്കാണ് സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തിലൂടെ അവസാനമായിരിക്കുന്നതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍, അഡ്വ. ഹാരിസ് ബീരാന് എം.പി, പി.കെ. ഫിറോസ്, അഡ്വ. യു.എ. ലത്തീഫ് എം.എല്‍.എ, എന്‍. ശംസുദ്ദീന്‍ എം.എല്‍.എ, നജീബ് കാന്തപുരം എം.എല്‍.എ, നാലകത്ത് സൂപ്പി, പി.കെ. ഫിറോസ്, മുസ്ലിംലീഗ് പാലക്കാട് ജില്ല പ്രസിഡന്റ് മരക്കാര്‍ മാരായമംഗലം, ജനറല്‍ സെക്രട്ടറി അഡ്വ. ടി.എ. സിദ്ദീഖ്, യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് പി.എം. മുസ്തഫ തങ്ങള്‍ എന്നിവരും സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.