ഡിസംബര്‍ ആറ് ഫാഷിസ്റ്റ് വിരുദ്ധ ദിനമായി ആചരിക്കുമെന്ന് എസ്.ഡി.പി.ഐ
text_fieldsതിരുവനന്തപുരം: സംഘപരിവാര ശക്തികൾ ബാബരി മസ്ജിദ് തല്ലിത്തകര്‍ത്ത ഡിസംബര്‍ ആറ് ഫാഷിസ്റ്റ് വിരുദ്ധ ദിനമായി ആചരിക്കുമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ പ്രസ്താവനയിൽ അറിയിച്ചു. തിരുവനന്തപുരത്ത് പാളയം രക്തസാക്ഷി മണ്ഡപത്തിനു സമീപമുൾപ്പെടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വിവിധ കേന്ദ്രങ്ങളില്‍ സായാഹ്ന ധര്‍ണ സംഘടിപ്പിക്കും.
സംസ്ഥാന- ജില്ലാ നേതാക്കള്‍ വിവിധ പരിപാടികളില്‍ സംബന്ധിക്കും. ഫാഷിസത്തിന്റെ അപകടം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനാണ് ഫാഷിസ്റ്റ് വിരുദ്ധ ദിനത്തിലൂടെ പാര്‍ട്ടി ലക്ഷ്യമിടുന്നത്. രാജ്യത്തിന്റെ മഹത്തായ ഭരണഘടനയും ജനാധിപത്യവും മനുഷ്യത്വവും തിരിച്ചു പിടിക്കാന്‍ രാജ്യസ്‌നേഹികള്‍ ഐക്യപ്പെടണം.
പാര്‍ട്ടി ദേശീയ തലത്തില്‍ സംഘടിപ്പിക്കുന്ന ഫാഷിസ്റ്റ് വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായാണ് സംസ്ഥാനത്തും പരിപാടി നടത്തുന്നത്. ഫാഷിസം സമാധാനത്തിനു ഭീഷണിയാണ്. ലോകത്ത് ഫാഷിസവും നാസിസവും പിടിമുറുക്കിയ ഇറ്റലിയിലും ജര്‍മനിയിലും അരങ്ങേറിയ ക്രൂരതകളുടെ ചരിത്രം ലോക മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്.
മാധ്യമങ്ങള്‍ ബി.ജെ.പി ഭരണകൂടത്തിന്റെ കുഴലൂത്തുകാരായി മാറുന്നു. വിമര്‍ശിക്കുന്നവരെയും ഭരണകൂട ഭീകരതയും കാപട്യവും തുറന്നു കാട്ടുന്നവരെയും വേട്ടയാടി നിശബ്ദരാക്കുന്നു. കല്‍ബുര്‍ഗിയും ധബോല്‍ക്കറും പന്‍സാരയും ഗൗരി ലങ്കേഷും ഫാഷിസ്റ്റ് വെടിയുണ്ടകളേറ്റ് പിടഞ്ഞു വീണത് വിമര്‍ശിച്ചതിന്റെ പേരില്‍ മാത്രമാണ്. ഫാഷിസ്റ്റ് വിമര്‍ശകരെ കൊണ്ട് ഇന്ത്യന്‍ ജയിലുകള്‍ നിറയുകയാണ്. പാര്‍ലമെന്റില്‍ പോലും വാക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നു. പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കി ജനാധിപത്യ വിരുദ്ധ നിയമങ്ങള്‍ ചുട്ടെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.