എസ്.ഡി.പി.ഐ പിന്തുണ: രാഹുൽഗാന്ധി പ്രതികരിക്കാത്തത് അപകടകരമാണെന്ന് കെ. സുരേന്ദ്രൻ
text_fieldsവണ്ടൂർ: ലോക്സഭ തിരഞ്ഞെടുപ്പിൽ പി.എഫ്.ഐയുടെ രാഷ്ട്രീയ മുഖമായ എസ്.ഡി.പി.ഐ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചതിനെ പറ്റി രാഹുൽ ഗാന്ധി പ്രതികരിക്കാത്തത് അപകടകരമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഇതോടെ എസ്.ഡി.പി.ഐ നിലപാട് യു.ഡി.എഫ് അംഗീകരിച്ചുവെന്ന് വ്യക്തമാണ്. രാജ്യത്തിന് വിനാശമായ നിലപാടാണിതെന്നും വണ്ടൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
വോട്ട് ബാങ്കിന് വേണ്ടി രാജ്യത്തിൻ്റെ താത്പര്യങ്ങൾ കോൺഗ്രസ് ബലി കഴിക്കുകയാണ്. ഇത് ആത്മഹത്യപരമാണെന്ന് രാഹുൽ മനസിലാക്കണം. ഇന്ത്യയുടെ വികസനവും പുരോഗതിയും തടസപ്പെടുത്താൻ വിദേശത്ത് പോയി പ്രചരണം നടത്തിയ ആളാണ് രാഹുൽ. കോൺഗ്രസിൻ്റെയും രാഹുലിൻ്റെയും നിലപാട് നാടിനെതിരെയുള്ളതാണ്. അപക്വമായ ഈ നിലപാടിൽ നിന്നും രാഹുൽഗാന്ധി പിൻമാറണമെന്നാണ് ബി.ജെ.പിയുടെ ആവശ്യമെന്നും സുരേന്ദ്രൻ പറഞ്ഞു.
ഒരു എം.പി എന്ന നിലയിൽ രാഹുൽ പൂർണ പരാജയമാണ്. വയനാട്ടുകാർക്ക് വേണ്ടി അദ്ദേഹം ഒന്നും ചെയ്തില്ല. വയനാട്ടുകാർക്ക് അദ്ദേഹത്തിനെ കാണാൻ പോലും സാധിച്ചില്ല. ജനങ്ങൾക്ക് എല്ലാം മനസിലാകുന്നുണ്ട്. സി.എ.എ വിഷയത്തിൽ ആദ്യകാലത്തുണ്ടായ പ്രതിഷേധം ഇപ്പോൾ ഇല്ലാത്തത് മുസ് ലീം സമുദായത്തിന് കാര്യങ്ങൾ മനസിലായതുകൊണ്ടാണ്. മതന്യൂനപക്ഷങ്ങൾ വെറും വോട്ട് ബാങ്കല്ലെന്ന് മുഖ്യമന്ത്രി മനസിലാക്കണം. മുസ് ലീങ്ങളെ അധിക്ഷേപിക്കുകയാണ് പിണറായി വിജയനെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.