ആലപ്പുഴയിലെ വിഭാഗീയത സി.പി.എമ്മിൽ ‘തിരുത്തൽ’ നടപടിയുണ്ടാകും
text_fieldsആലപ്പുഴ: ആലപ്പുഴയിലെ സി.പി.എം വിഭാഗീയതയിൽ ‘തിരുത്തൽ’ നടപടിയുമായി സംസ്ഥാന നേതൃത്വം. സമ്മേളനകാലത്തെ വിഭാഗീയത പ്രവർത്തനങ്ങളിൽ പങ്കാളികളായ നേതാക്കൾ അടക്കമുള്ളവർക്കെതിരെ കർശന അച്ചടക്കനടപടി പ്രഖ്യാപിക്കുന്ന നിർണായക യോഗങ്ങൾ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ചേരും. തിങ്കളാഴ്ച ജില്ല സെക്രട്ടേറിയറ്റും ചൊവ്വാഴ്ച ജില്ല കമ്മിറ്റിയുമാണ് ചേരുക. ജില്ല കമ്മിറ്റി ഓഫിസിൽ ചേരുന്ന യോഗങ്ങളിൽ സംസ്ഥാന നേതൃത്വം തീരുമാനിച്ച നടപടികൾ പ്രഖ്യാപിക്കുമെന്നാണ് വിവരം.
ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.പി. ചിത്തരഞ്ജൻ എം.എൽ.എ, എം. സത്യപാലൻ, ജില്ല കമ്മിറ്റി അംഗങ്ങളായ സി.കെ. സദാശിവൻ, ടി.കെ. ദേവകുമാർ, വി.വി. അശോകൻ, കർഷക സംഘം ജില്ല സെക്രട്ടറി ഉണ്ണിത്താൻ, ഏരിയ സെക്രട്ടറിമാരായ എൻ. സോമൻ (ഹരിപ്പാട്), വി.ടി. രാജേഷ് (ആലപ്പുഴ നോർത്ത്), വി.എൻ. വിജയകുമാർ (ആലപ്പുഴ സൗത്ത്) എന്നിവർ ഉൾപ്പെടെ നേതാക്കളുടെയും പങ്കാളിയായവരുടെയും വിശദീകരണം വിലയിരുത്തിയാവും അച്ചടക്ക നടപടിയുണ്ടാവുക.
വിഭാഗീയത അന്വേഷിക്കാൻ പാർട്ടി നിയോഗിച്ച പി.കെ. ബിജുവും ടി.പി. രാമകൃഷ്ണനും അംഗങ്ങളായ കമീഷൻ സമർപ്പിച്ച റിപ്പോർട്ടിൽ ജില്ലയിലെ ഉന്നത നേതാക്കളടക്കമുള്ളവരുടെ പങ്ക് കണ്ടെത്തിയിരുന്നു. ഇവർക്കെതിരെ കർശന നടപടി വേണമെന്ന ശിപാർശ അംഗീകരിച്ച് സംസ്ഥാന സെക്രട്ടേറിയറ്റ് കുറ്റാരോപിതരായ ജില്ല സെക്രട്ടേറിയറ്റ് നേതാക്കളടക്കം 30 പേരിൽനിന്ന് വിശദീകരണവും തേടിയിരുന്നു. എല്ലാവരും മറുപടി നൽകിയെങ്കിലും പദവിയിൽനിന്ന് തരംതാഴ്ത്തുന്നത് ഉൾപ്പെടെ കടുത്ത നടപടിയുണ്ടാകുമെന്നാണ് വിവരം. ജില്ല സെക്രട്ടറി ആർ. നാസർ, മന്ത്രി സജി ചെറിയാൻ വിഭാഗങ്ങളിൽപെട്ടവർക്കാണ് നോട്ടീസ് കിട്ടിയത്. ജില്ലയിൽ ആലപ്പുഴ സൗത്ത്, നോർത്ത്, ഹരിപ്പാട്, തകഴി ഏരിയ സമ്മേളനങ്ങളിലാണ് ചേരിതിരിവും വിഭാഗീയതയും പ്രകടമായത്.
തകഴി, ആലപ്പുഴ സൗത്ത്-നോർത്ത് ഏരിയ കമ്മിറ്റികൾ പിരിച്ചുവിടാനുള്ള സാധ്യതയുമുണ്ട്. ആലപ്പുഴ നോർത്തിലെ ഏരിയ സമ്മേളനം തർക്കത്തെ തുടർന്ന് ഒരുമണിക്കൂറോളം നിർത്തിവെച്ചിരുന്നു. ആലപ്പുഴ സൗത്തിലും ഹരിപ്പാടും ഒരുവിഭാഗത്തെ പൂർണമായും തോൽപിച്ചു. തകഴിയിലും ചേരിതിരിഞ്ഞ് മത്സരം നടന്നു. സി.പി.എം നേതാവും ആലപ്പുഴ നഗരസഭ കൗൺസിലറുമായ ആർ. ഷാനവാസ് ആരോപണ വിധേയനായ ലഹരികടത്ത് വിവാദം, കുമാരപുരം സഹകരണ ബാങ്ക് ക്രമക്കേട്, പാർട്ടിക്ക് നാണക്കേടുണ്ടാക്കിയ സമീപകാല സംഭവങ്ങൾ അടക്കമുള്ളവയിൽ കർശന നടപടിയുണ്ടാകുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.