പ്രമുഖ നേതാവ് പാർട്ടിയിൽ ചേരും; മഹായുതി സഖ്യം നൂറ് സീറ്റിൽ അധികം നേടില്ല -എൻ.സി.പി
text_fieldsമുംബൈ: മറ്റൊരു രാഷ്ട്രീയ പാർട്ടിയിൽ നിന്നുള്ള പ്രമുഖ നേതാവ് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി(ശരദ് പവാർ)യിൽ ചേരാൻ ആലോചിക്കുന്നുണ്ടെന്ന് സംസ്ഥാന അധ്യക്ഷൻ ജയന്ത് പാട്ടീൽ. നേതാവിന്‍റെ പാർട്ടി മാറ്റത്തെ പറ്റി അവകാശവാദം ഉന്നയിച്ചെങ്കിലും നേതാവിന്‍റെയോ പാർട്ടിയുടെയോ പേര് വെളിപ്പെടുത്താൻ അദ്ദേഹം വിസമ്മതിച്ചു. ഉചിതമായ സമയത്ത് വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയിൽ ചേരാൻ ഒരു കൂട്ടം നേതാക്കൾ താൽപ്പര്യം പ്രകടിപ്പിച്ചെന്നും മഹായുതി ഇതുവരെ പ്രവർത്തിച്ച രീതിയിൽ ജനങ്ങൾക്കിടയിൽ വലിയ അതൃപ്തി ഉണ്ടെന്നും ജയന്ത് പാട്ടീൽ അവകാശപ്പെട്ടു. മഹാരാഷ്ട്രയിലെ ഭരണകക്ഷിയായ മഹായുതി സഖ്യത്തെ കോൺഗ്രസ്, ശിവസേന (യു.ബി.ടി) എന്നിവയുമായി ചേർന്ന് പുറത്താക്കുമെന്നും അദ്ദേഹം അറിയിച്ചു.
അജിത് പവാറിന്‍റെ നേതൃത്വത്തിലുള്ള എൻ.സി.പി, ശിവസേന (ഷിൻഡെ വിഭാഗം), ബി.ജെ.പി സഖ്യം 100 സീറ്റിൽ കൂടുതൽ നേടില്ലെന്ന് എൻ.സി.പി (എസ്.പി) വക്താവ് മഹേഷ് തപസെ പറഞ്ഞു. കേന്ദ്ര ബി.ജെ.പി നേതൃത്വത്തോടുള്ള മഹാരാഷ്ട്രയിലെ വോട്ടർമാരുടെ നീരസമാണ് സഖ്യത്തിന്‍റെ പിന്തുണ കുറയാനുള്ള പ്രധാന ഘടകമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയുടെ കേന്ദ്ര നേതൃത്വത്തിനെതിരെ പ്രകടമായ അമർഷമുണ്ട്. ഓരോ തവണയും ഈ നേതാക്കൾ മഹാരാഷ്ട്ര സന്ദർശിക്കുമ്പോൾ മഹായുതിയുടെ പിന്തുണ കൂടുതൽ കുറയുന്നുവെന്ന് തപസെ പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നാഗ്പൂർ സന്ദർശനത്തെ തപസെ പ്രത്യേകം ചൂണ്ടിക്കാണിച്ചു. തന്‍റെ സന്ദർശന വേളയിൽ, സഖ്യത്തിന്‍റെ വിജയം ഉറപ്പാക്കാൻ വോട്ട് വിഹിതം 10 ശതമാനം വർധിപ്പിക്കണമെന്ന് അദ്ദേഹം ബി.ജെ.പി പ്രവർത്തകരോട് അഭ്യർഥിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.