കർണാടക: മുഖ്യമന്ത്രി സ്ഥാനം ശിവകുമാറുമായി പങ്കുവെക്കാൻ തയാറെന്ന് സിദ്ധരാമയ്യ -റിപ്പോർട്ട്
text_fieldsബംഗളൂരു: കർണാടകയിൽ ആരാവും മുഖ്യമന്ത്രിയെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരവേ, കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി.കെ. ശിവകുമാറുമായി മുഖ്യമന്ത്രി സ്ഥാനം പങ്കുവെക്കാൻ തയാറാണെന്ന് മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ അറിയിച്ചതായി റിപ്പോർട്ടുകൾ. വാർത്ത ഏജൻസിയായ ഐ.എ.എൻ.എസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ, ആദ്യത്തെ രണ്ടുവർഷം മുഖ്യമന്ത്രി പദം തനിക്ക് വേണമെന്ന ആവശ്യം മുന്നോട്ടുവെച്ചിട്ടുണ്ട്.
ആദ്യ രണ്ട് വർഷത്തിന് ശേഷം താൻ സ്ഥാനമൊഴിയുമെന്നും തുടർന്നുള്ള മൂന്ന് വർഷം ശിവകുമാറിന് മുഖ്യമന്ത്രി പദത്തിൽ തുടരാമെന്നുമാണ് സിദ്ധരാമയ്യയുടെ നിർദേശം. ഈ നിർദേശത്തോട് ശിവകുമാർ അനുകൂലമായി പ്രതികരിച്ചിട്ടുണ്ടെന്നും, അതേസമയം, മന്ത്രിസഭയിൽ താൻ മാത്രമേ ഉപമുഖ്യമന്ത്രി സ്ഥാനത്തുണ്ടാകാവൂ എന്ന നിബന്ധന മുന്നോട്ടുവെച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രിക്ക് വേണം.
ബി.ജെ.പിയെ തറപറ്റിച്ച് നേടിയ നിർണായക വിജയത്തിനൊടുവിൽ ആരാണ് മുഖ്യമന്ത്രി പദത്തിലേറുക എന്ന കാര്യത്തിൽ തീരുമാനം ഇന്നുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോൺഗ്രസ് അധ്യക്ഷന്‍റേതാകും അന്തിമ തീരുമാനം. അതേസമയം, കർണാടകയിലെ 70 ശതമാനം എം.എൽ.എമാരും സിദ്ധരാമയ്യക്കാണ് പിന്തുണ നൽകിയതെന്ന് ഒരു മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞു.
എം.എൽ.എമാരുമായി സംസാരിച്ച് മുഖ്യമന്ത്രിപദത്തിൽ തീരുമാനമെടുക്കാൻ കോൺഗ്രസ് തെരഞ്ഞെടുപ്പ് നിരീക്ഷക സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ, ബംഗളൂരുവിൽ ചേർന്ന നിയമസഭ കക്ഷി യോഗം മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചുമതല പാർട്ടി അധ്യക്ഷന് വിടുകയായിരുന്നു. നിരീക്ഷക സമിതി ഇന്ന് ഡൽഹിയിൽ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവരുമായി ചർച്ച നടത്തും.
വ്യാഴാഴ്ചയാകും കർണാടകയിൽ പുതിയ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞ. 224 അംഗ നിയമസഭയിൽ 135 സീറ്റുകൾ നേടിയാണ് കോൺഗ്രസ് വിജയിച്ചത്. ബി.ജെ.പിക്ക് 66 സീറ്റ് മാത്രമാണ് നേടാനായത്. കേവല ഭൂരിപക്ഷത്തിലേറെ നേടാനായ കോൺഗ്രസ്, ബി.ജെ.പി എം.എൽ.എമാരെ വിലക്കെടുക്കുന്നതിനെ അതിജീവിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ്. കോൺഗ്രസിന്‍റെ മുൻ സഖ്യകക്ഷിയായ ജെ.ഡി.എസിന് 19 സീറ്റ് മാത്രമാണ് നേടാനായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.