കോണ്‍ഗ്രസ് ബന്ധം: കാരാട്ടും യെച്ചൂരിയും നേർക്കുനേര്‍
text_fieldsഹൈദരാബാദ്: മുഖ്യശത്രുവായി അടയാളപ്പെടുത്തിയ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാടിെൻറയും അടവുനയത്തിെൻറയും പേരില്‍ സി.പി.എമ്മിെൻറ 22ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും നേർക്കുനേര്‍.
വന്‍കിട ബൂര്‍ഷ്വാസിയുടെയും ഭൂപ്രഭുക്കളുടെയും താല്പര്യങ്ങള് പ്രതിനിധാനംചെയ്യുകയും സാമ്രാജ്യത്വ അനുകൂല നയങ്ങള്‍ നടപ്പാക്കുകയും ചെയ്യുന്ന കോണ്‍ഗ്രസിനെ ഒരു ഐക്യമുന്നണിയിലെ സഖ്യ ശക്തികളോ പങ്കാളികളോ ആയി കാണുന്ന അടവുനയം സി.പി.എമ്മിന് രൂപവത്കരിക്കാന്‍ കഴിയില്ലെന്ന് കരട് രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ച് പ്രകാശ് കാരാട്ട് വ്യക്തമാക്കി. അതേസമയം, ബി.ജെ.പിയെ പുറത്താക്കുകയോ പരാജയപ്പെടുത്തുകയോ പ്രഥമ കര്‍ത്തവ്യമായി കണ്ട് കോണ്‍ഗ്രസ് ഉള്‍പ്പെടെ ബൂര്‍ഷ്വാ- ഭൂപ്രഭു പാര്‍ട്ടികളുമായി സഖ്യത്തിലോ മുന്നണിയിലോ ഏര്‍പ്പെടാതെയും എന്നാല്‍ മതേതര, ജനാധിപത്യ ഇടത് പാര്‍ട്ടികളുടെ കൂട്ടായ ശക്തി സമാഹരിക്കുന്ന തരത്തിലുള്ള അടവുനയത്തിനാവണം പാര്‍ട്ടി രൂപം നല്‍കേണ്ടതെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.
പി.ബിയിലെയും കേന്ദ്ര കമ്മിറ്റിയിലെയും ന്യൂനപക്ഷ അഭിപ്രായങ്ങളെ പ്രതിനിധാനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിന്മേലുമുള്ള ചര്‍ച്ച വ്യാഴാഴ്ച നടക്കും. കുത്തക -ഭൂപ്രഭുത്വ -സമ്രാജ്യത്വ വിരുദ്ധതയാണ് ജനകീയ ജനാധിപത്യ വിപ്ലവത്തിെൻറ അടിസ്ഥാന കടമയായി പാര്‍ട്ടി പരിപാടിയില്‍ പറയുന്നതെന്നും അതിെൻറ അടിസ്ഥാനത്തിലാണ് നിലവിലുള്ള രാഷ്ട്രീയ നിലപാട് സ്വീകരിച്ചതെന്നും കാരാട്ട് പറഞ്ഞു. ബി.ജെ.പിയുടെ നയങ്ങള്‍ക്ക് ബദല്‍ നയങ്ങള്‍ മുന്നോട്ടുവെക്കുന്ന ഒരു സഖ്യത്തെ നയിക്കാനുള്ള വിശ്വാസ്യത കോണ്‍ഗ്രസിനില്ല. അതിന് മുതിരുന്നത് പാര്‍ട്ടി ശക്തികേന്ദ്രമായ കേരളത്തില്‍ വന്‍ തിരിച്ചടിക്ക് കാരണമാവും. ബി.ജെ.പിയുടെ വളര്‍ച്ചക്കാവും അത് സഹായിക്കുക.
ആന്ധ്രപ്രദേശിലും ഒഡിഷയിലും തെലങ്കാനയിലും ഉത്തർപ്രദേശിലും ഇത് സാധ്യമാവില്ല. ഒഡിഷയില്‍ ബി.ജെ.ഡി, തെലങ്കാനയില്‍ ടി.ആര്.എസ്, ആന്ധ്രയില്‍ ടി.ഡി.പി, യു.പിയില്‍ എസ്.പി, ബി.എസ്.പി എന്നീ പാര്‍ട്ടികള്‍ കോണ്‍ഗ്രസുമായി സഖ്യത്തിന് തയാറല്ല. അതിനാല്‍, പ്രതിപക്ഷ പാര്‍ട്ടികളുടെ ഒരു അഖിലേന്ത്യ സഖ്യം രൂപവത്കരിക്കല്‍ അല്ല ബി.ജെ.പിയെ നേരിടാനുള്ള ഫലപ്രദമായ വഴി. സംസ്ഥാന അടിസ്ഥാനത്തില്‍ ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ സമാഹരിക്കുകയാണ് വേണ്ടത്. തെരഞ്ഞെടുപ്പിലെ സഖ്യം രൂപവത്കരിക്കല്‍, ജയം എന്നിവയിലൂടെ മാത്രം ആര്.എസ്.എസ് -ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കഴിയില്ല. അതിന് ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ വിശ്വാസ്യതയുള്ള ബദല്‍ നയം നിർദേശിക്കാന്‍ കഴിയണം. നവ ഉദാരീകരണ നയത്തെ തള്ളിപ്പറയാത്ത കോണ്‍ഗ്രസിന് അതാവില്ല -കാരാട്ട് വ്യക്തമാക്കി.
എന്നാല്‍, ബി.ജെ.പി- ആര്.എസ്.എസിന് എതിരെ ജനരോഷം വളര്‍ന്നുവരുകയും പ്രതിപക്ഷ ഐക്യം ശക്തമാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ അതിനെ തളര്‍ത്തുന്ന നിലപാടുകളിലേക്ക് പാർട്ടി പോകാന്‍ പാടില്ലെന്ന് യെച്ചൂരി ചൂണ്ടിക്കാട്ടി. ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ പറ്റിയ അടവുനയത്തിന് വാതില്‍ തുറന്നിടണമെന്നും അദ്ദേഹം പറഞ്ഞു.ന്ദ്രങ്ങളെല്ലാം ബി.ജെ.പി ഉയർത്തുന്ന ഭീഷണി തിരിച്ചറിയണം. ആരെങ്കിലുമായി സഖ്യത്തിനില്ലെന്ന നിലപാട് പ്രതിപക്ഷ നിരയെ ദുർബലപ്പെടുത്തുമെന്നും യെച്ചൂരി പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
എട്ട് മുതിര്‍ന്ന നേതാക്കളെ പ്രത്യേക ക്ഷണിതാക്കളാക്കി
കേന്ദ്ര കമ്മിറ്റി, സംസ്ഥാന സമിതികളില്‍നിന്ന് ഒഴിഞ്ഞ കെ.എൻ. രവീന്ദ്രനാഥ്, എം.എം. ലോറന്‍സ് ഉൾപ്പെടെ എട്ടുപേരെ പ്രത്യേക ക്ഷണിതാക്കളായി പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുപ്പിച്ച് സി.പി.എം നേതൃത്വം. ഇവരെ കൂടാതെ, ഗണേഷ് ശങ്കര്‍ വിദ്യാർഥി (ബിഹാര്‍), ശിവാജി പട്നായക് (ഒഡിഷ), എന്‍. ശങ്കരയ്യ (തമിഴ്നാട്), ബനാനി ബിശ്വാസ്, കനാല്‍ ബാനര്‍ജി (പശ്ചിമ ബംഗാൾ), ജക്ക വെങ്കയ്യ (ആന്ധ്രപ്രദേശ്) എന്നിവരാണ് പ്രത്യേക ക്ഷണിതാക്കളായി പങ്കെടുക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.