യെച്ചൂരി രണ്ടാം ഊഴത്തിലേക്ക്; മുന്നില്‍ കടമ്പകള്‍
text_fieldsഹൈദരാബാദ്: തങ്ങൾ ഉയർത്തിയ രാഷ്ട്രീയ ലൈന്‍ സി.പി.എമ്മിെൻറ രാഷ്ട്രീയപ്രമേയത്തിെൻറ മുഖ്യ കാതലായി അംഗീകരിക്കപ്പെടുന്നതില്‍ വിജയിച്ചെങ്കിലും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കും കൂട്ടര്‍ക്കും മുന്നിൽ ഇനിയും കടമ്പകളേറെ. ഞായറാഴ്ച 22ാം പാര്‍ട്ടി കോണ്‍ഗ്രസിെൻറ കൊടി താഴുമ്പോള്‍ അപ്രതീക്ഷിതമായതൊന്നും സംഭവിച്ചില്ലെങ്കില്‍ യെച്ചൂരിതന്നെ രണ്ടാം തവണയും ജനറല്‍ സെക്രട്ടറിയാവും. പാര്‍ട്ടി ഭരണഘടന പ്രകാരം ഒരാള്‍ക്ക് ജനറല്‍ സെക്രട്ടറി സ്ഥാനം മൂന്ന് തവണ വഹിക്കാം.
മുഖ്യശത്രുവായ ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസുമായി ധാരണയോ തെരഞ്ഞെടുപ്പ് സഖ്യമോ ആവരുതെന്ന കേന്ദ്രകമ്മിറ്റിയിലെ ഭൂരിപക്ഷനിലപാടിന് പകരം ‘‘കോണ്‍ഗ്രസ് പാര്‍ട്ടിയുമായി രാഷ്ട്രീയ സഖ്യം ഉണ്ടാക്കരുത് ’’ എന്ന ലൈന്‍ സ്വീകരിച്ചതോടെ തങ്ങള്‍ വാദിക്കുന്ന പ്രായോഗിക അടവുനയം രൂപവത്കരിക്കാന്‍ യെച്ചൂരിക്ക് വഴിയൊരുങ്ങി. പക്ഷേ, പുതുതായി രൂപവത്കരിക്കുന്ന പോളിറ്റ്ബ്യൂറോ (പി.ബി)യിലെയും കേന്ദ്ര കമ്മിറ്റി(സി.സി)യിലെയും ഭൂരിപക്ഷവും ഇൗ നിലപാടിനെ പിന്തുണക്കുന്നവരല്ലെങ്കില് മുന്നോട്ടുള്ള വഴി യെച്ചൂരിക്ക് മുള്ളും കല്ലും നിറഞ്ഞതാവും. രാഷ്ട്രീയ ലൈനില്‍ കടുത്ത കോണ്‍ഗ്രസ് വിരോധം പുലര്‍ത്തുന്ന എസ്. രാമചന്ദ്രന് പിള്ള 80 വയസ്സ് കഴിഞ്ഞതിനാല്‍ പി.ബിയില്‍ നിന്ന് ഒഴിയുമെങ്കിലും നിലവിലുള്ള കാരാട്ട് ഭൂരിപക്ഷ പി.ബിയാണ് പുതിയ കേന്ദ്രകമ്മിറ്റിയെ സംബന്ധിച്ച പാനല്‍ പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നില്‍ വെക്കുന്നത്.
പുതിയ സി.സിയിലേക്ക് വരുന്ന നിലവിലെ സ്ഥിരം ക്ഷണിതാക്കളായ വി. മുരളീധരന്, അരുണ്‍ കുമാര്‍, വിജു കൃഷ്ണന് എന്നിവര്‍ കാരാട്ടിെൻറ നിലപാടിനോട് അടുത്ത് നില്‍ക്കുന്നവരാണ്. പി.കെ. ഗുരുദാസന് പകരം വരുമെന്ന് കരുതുന്ന എം.വി. ഗോവിന്ദനും കേരളനേതൃത്വത്തിെൻറ നിലപാട് മുറുകെ പിടിക്കുന്നയാളാണ്. ഒപ്പം സംസ്ഥാന സമിതിയംഗം കെ. രാധാകൃഷ്ണനും സി.സിയിലേക്ക് വരുമെന്നാണ് സൂചന.
നിലവില്‍ 16 അംഗ പി.ബിയാണ്. എസ്.ആര്.പിക്ക് പകരം കേരളത്തില്‍ നിന്ന് ആരും വരാന്‍ സാധ്യതയില്ലെന്ന് ഉറപ്പായി. അതേസമയം, മറ്റൊരു പി.ബിയംഗവും സി.ഐ.ടി.യു അടിലേന്ത്യ വൈസ് പ്രസിഡൻറുമായ എ.കെ. പത്മനാഭനും 80 വയസ്സ് കഴിഞ്ഞതിനാല്‍ ഒഴിവാകും. സി.ഐ.ടി.യു അഖിലേന്ത്യ ജനറല്‍ സെക്രട്ടറി തപന്‍കുമാര്‍ സെന്നോ പ്രസിഡൻറ് ഹേമലതയോ പകരം പി.ബിയില്‍ എത്തിയേക്കും. യെച്ചൂരിയെ പിന്തുണച്ച അഖിലേന്ത്യ കര്‍ഷകസംഘം പ്രസിഡൻറ് അശോക് ധാവ്ലേക്ക് സാധ്യത ഉണ്ടെങ്കിലും കര്‍ഷകസംഘം ജനറല്‍ സെക്രട്ടറി ഹനന്‍ മൊല്ല പി.ബിയിലുണ്ട്.
നിലവിൽ 91 അംഗ സി.സിയാണ്. അഞ്ച് സ്ഥിരം ക്ഷണിതാക്കളും അഞ്ച് പ്രത്യേക ക്ഷണിതാക്കളും. പ്രത്യേക ക്ഷണിതാവായ വി.എസ്. അച്യുതാനന്ദന് തുടരണമോ എന്നത് അദ്ദേഹത്തിനുതന്നെ വിട്ടുകൊടുക്കുമെന്നാണ് സൂചന. 2015 ല്‍ വിശാഖപട്ടണത്ത് ചേര്‍ന്ന 21ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ എസ്. രാമചന്ദ്രന് പിള്ളയെ ജനറല്‍ സെക്രട്ടറി ആക്കുക എന്ന പി.ബി ഭൂരിപക്ഷ തീരുമാനത്തെ ഇപ്പോഴത്തെപോലെ പാര്‍ട്ടി കോണ്‍ഗ്രസിലെ പ്രതിനിധികളുടെ വികാരത്തിലൂടെ മറികടക്കാന്‍ യെച്ചൂരിക്ക് കഴിഞ്ഞിരുന്നു. എങ്കിലും തുടര്‍ന്നുള്ള മൂന്ന് വര്‍ഷവും ജനറല്‍ സെക്രട്ടറിയെ പി.ബിയിലെ ഭൂരിപക്ഷം ഉപയോഗിച്ച് കെട്ടിയിടാന്‍ കാരാട്ട്, കേരളാപക്ഷത്തിന് കഴിഞ്ഞു. ബംഗാള്ഘടകത്തെ സംബന്ധിച്ചും പുതിയ രാഷ്ട്രീയ ലൈന്‍ ആശ്വാസമാണ്. 2008 ജൂലൈയില്‍ ആണവ കരാറിെൻറ പേരില്‍ അന്നത്തെ സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിെൻറ നേതൃത്വത്തില്‍ ഇടത്പാര്‍ട്ടികള്‍ ഒന്നാം യു.പി.എ സര്‍ക്കാറിന് പിന്തുണ പിന്‍വലിച്ചത് മുതല്‍ ബംഗാള്‍ഘടകവും കാരാട്ട് വിഭാഗവും തമ്മില്‍ കോണ്‍ഗ്രസ് ബന്ധത്തിെൻറ പേരില്‍ അസ്വാരസ്യത്തിലായിരുന്നു. നിയമസഭതെരഞ്ഞെടുപ്പില്‍ കേന്ദ്ര നേതൃത്വത്തിെൻറ നിർദേശം മറികടന്ന് കോണ്‍ഗ്രസുമായി ധാരണ ഉണ്ടാക്കിയ ബംഗാള്‍ നേതൃത്വത്തെ സി.സിയില്‍ അച്ചടക്കം പഠിപ്പിച്ച കാരാട്ട്പക്ഷം, കോണ്‍ഗ്രസ് പിന്തുണയോടെ യെച്ചൂരിയെ രാജ്യസഭസീറ്റിലേക്ക് വിടാനുള്ള നീക്കം വെട്ടുകയും ചെയ്തു. പുതിയ രാഷ്ട്രീയപ്രമേയപ്രകാരവും കോണ്‍ഗ്രസുമായുള്ള യാതൊരു രാഷ്ട്രീയ സഖ്യം ഉണ്ടാക്കലും സാധ്യമല്ലെന്ന് പ്രകാശ് കാരാട്ട് വെള്ളിയാഴ്ച പാര്‍ട്ടി കോണ്‍ഗ്രസില്‍ വ്യക്തമാക്കിയെങ്കിലും നീക്കുപോക്കുകളുടെ സാധ്യത തുറന്നിടുന്നതാണ് പ്രമേയമെന്നതില്‍ ബംഗാള്‍ഘടകം ആശ്വാസം കൊള്ളുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.