സോളാർ: നേതാക്കൾ കേസിൽ പെട്ടത് ഗൗരവമുള്ളതെന്ന് രാഹുൽ
text_fieldsന്യൂഡൽഹി: സോളാർ ജുഡീഷ്യൽ കമീഷൻ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലുള്ള അഴിമതി- ബലാത്സംഗ കേസിൽ കേരളത്തിലെ കോൺഗ്രസ് നേതൃത്വം കൂട്ടത്തോടെ അകപ്പെട്ട സാഹചര്യം ഗൗരവമുള്ളതാണെന്ന് കോൺഗ്രസ് േകന്ദ്ര നേതൃത്വം. ഇക്കാര്യം ഡൽഹിയിൽ വിളിച്ചുവരുത്തിയ സംസ്ഥാന നേതാക്കളെ വൈസ് പ്രസിഡൻറ് രാഹുൽ ഗാന്ധി അറിയിച്ചു.
കേന്ദ്ര നേതൃത്വത്തെ അപ്പാടെ ഞെട്ടിച്ചതാണ് സംഭവമെന്നും അദ്ദേഹം ചില നേതാക്കളോട് തുറന്നു പറഞ്ഞു. കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിെൻറ ആശങ്ക ശരിവെക്കുംവിധം പിന്നാലെ ബി.ജെ.പി ദേശീയ നേതൃത്വം സോളാർ അഴിമതി ഉയർത്തി രാഹുലിനും നേതൃത്വത്തിനും എതിരെ രംഗത്ത് എത്തി.
നേതാക്കളോട് ഹൈകമാൻഡിെൻറ മനസ്സ് വെളിപ്പെടുത്താൻ കൂട്ടാക്കാത്ത രാഹുൽ, വിഷയത്തിൽ എ.കെ. ആൻറണി ഉൾപ്പെടെ മുതിർന്ന നേതാക്കളുമായി ചർച്ച ചെയ്തശേഷം നിലപാട് വ്യക്തമാക്കാമെന്നാണ് അറിയിച്ചത്.
അതേസമയം പിന്നീട് നേതാക്കളെ ഒരുമിച്ച് ഇരുത്തി നടത്തിയ കൂടിക്കാഴ്ചയിൽ വിഷയത്തിൽ സംസ്ഥാന നേതൃത്വം കൂട്ടായ തീരുമാനം കൈക്കൊണ്ട് ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്ന് രാഹുൽ നിർദേശിച്ചു. പാർട്ടി അണികൾക്ക് ഉണർവ് നൽകേണ്ട സമയമാണിതെന്നും നേതാക്കളെ ഒാർമിപ്പിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരൻ, കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ, വൈസ് പ്രസിഡൻറ് വി.ഡി. സതീശൻ എന്നിവരുമായാണ് പ്രത്യേകം കൂടിക്കാഴ്ച നടത്തിയത്.
നിലവിലെ രാഷ്ട്രീയ സാഹചര്യം ആരാഞ്ഞ രാഹുൽ, ദേശീയതലത്തിൽ പാർട്ടി പ്രതിച്ഛായയെ ദോഷകരമായി ബാധിക്കുന്നതിലെ കടുത്ത ആശങ്കയും പ്രകടിപ്പിച്ചു. സംഘടന തെരഞ്ഞെടുപ്പ് സംബന്ധിച്ച വിഷയം സംസാരിക്കാതെ സോളാറിൽ മാത്രം ഉൗന്നിയായിരുന്നു കൂടിക്കാഴ്ച. ഇത് വിഷയത്തെ ഹൈകമാൻഡ് ഗൗരവമായി കാണുന്നുവെന്നതിന് തെളിവായാണ് വിലയിരുത്തുന്നത്.
ഹിമാചൽ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതും ഗുജറാത്ത് തെരഞ്ഞെടുപ്പ് ഉടൻ നടക്കാനുമിരിക്കെ കോൺഗ്രസ് ശക്തമായ സംസ്ഥാനങ്ങളിൽ ഒന്നിൽ നേതാക്കൾ കേസിൽ അകപ്പെട്ടതിലുള്ള ആശങ്കയാണ് പ്രധാനമായും രാഹുൽ പങ്കുവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.