സോളാർ റിപ്പോർട്ടിന്മേൽ കൂട്ടനടപടി: കർണാടക കോൺഗ്രസിനെയും വേട്ടയാടുന്നു
text_fieldsബംഗളൂരു: സോളാർ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ കൂട്ടനടപടിക്കുള്ള ഇടതുപക്ഷ സർക്കാറിെൻറ തീരുമാനം കർണാടകത്തിലും കോൺഗ്രസിനെ വേട്ടയാടുന്നു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി, സെക്രട്ടറി പി.സി. വിഷ്ണുനാഥ് എന്നിവരാണ് കർണാടക കോൺഗ്രസിെൻറ ചുമതലവഹിക്കുന്നത്. ഇരുവർക്കുമെതിരെ ലൈംഗിക പീഡനത്തിനും അഴിമതിക്കും കേസെടുക്കാനുള്ള നീക്കമാണ് പാർട്ടിയെ പ്രതിസന്ധിയിലാക്കിയത്.
അടുത്തവർഷം സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, വിഷയം രാഷ്ട്രീയ ആയുധമാക്കാനാണ് അധികാരത്തിൽ കണ്ണുവെക്കുന്ന ബി.ജെ.പിയുടെ നീക്കം. വേണുഗോപാലിനെ തൽസ്ഥാനത്തുനിന്ന് നീക്കണം എന്നാവശ്യപ്പെട്ട് പാർട്ടി നേതാക്കൾ രംഗത്തെത്തി. വെള്ളിയാഴ്ച ബി.ജെ.പി മഹിള മോർച്ച പ്രവർത്തകർ ബംഗളൂരുവിൽ വേണുഗോപാലിനെതിരെ പ്രതിഷേധ റാലി നടത്തി. കോടികളുടെ സോളാർ തട്ടിപ്പു കേസിൽ വേണുഗോപാലും ഉൾപ്പെട്ടതോടെ, കർണാടകയിലെ ബി.ജെ.പി നേതാക്കൾക്കെതിരെ കേസെടുക്കാൻ കോൺഗ്രസ് സർക്കാറിന് ധാർമികാവകാശമില്ലെന്ന് പാർട്ടി വക്താവ് എസ്. സുരേഷ് കുമാർ പറഞ്ഞു.
എന്നാൽ, വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെയുള്ള നടപടികൾ രാഷ്ട്രീയപ്രേരിതമാണെന്ന് കുറ്റപ്പെടുത്തി മുഖംരക്ഷിക്കാനുള്ള നീക്കമാണ് കോൺഗ്രസ് നടത്തുന്നത്. പരാതിക്കാരിയായ സരിത ക്രിമിനൽ പശ്ചാത്തലമുള്ളവളാണെന്നും അവർക്കെതിരെ മുപ്പത്തിനാലോളം വഞ്ചനാ കേസുകളുണ്ടെന്നും നിരവധി തവണ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും കെ.പി.സി.സി പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.