സോണിയ പദവിയേറ്റത് നിർബന്ധിതാവസ്ഥയിൽ
text_fieldsന്യൂഡൽഹി: കോൺഗ്രസിെൻറ ഇടക്കാല അധ്യക്ഷയാകാൻ സോണിയ ഗാന്ധി സമ്മതം മൂളിയത് നിർബ ന്ധിതാവസ്ഥക്കും നിവൃത്തികേടിനും ഒടുവിൽ. കോൺഗ്രസിനുള്ളിലെ പോര്, ലോക്സഭ തെരഞ ്ഞെടുപ്പിനു ശേഷം പാർട്ടി എത്തിനിൽക്കുന്ന നിലനിൽപു പ്രതിസന്ധി എന്നിവ മുൻനിർത്തിയ ാണ് ആടിയുലയുന്ന പാർട്ടിയുടെ അമരം പിടിക്കാൻ സോണിയയെ നിർബന്ധിതയാക്കിയത്. കോൺ ഗ്രസ് പ്രവർത്തക സമിതി ശനിയാഴ്ച രാവിലെ 11 മുതൽ രാത്രി 11 വരെ ഒന്നിച്ചിരുന്നും പലതായി തിരിഞ്ഞും വിവിധ സംസ്ഥാന നേതാക്കളുമായി ബന്ധപ്പെട്ടും നടത്തിയ ചർച്ചകളിൽ നെഹ്റു കുടുംബത്തിന് പുറത്തൊരു നേതാവിനെ നിശ്ചയിക്കുന്ന കാര്യത്തിൽ സമവായം ഉണ്ടാക്കാൻ സാധിച്ചില്ല. സോണിയ വീണ്ടും പദവി ഏറ്റെടുക്കുന്നതിനോട് രാഹുൽ ഗാന്ധിയും യോജിച്ചില്ല. ഒടുവിൽ രാഹുലിനെയും പ്രിയങ്കയെയും പറഞ്ഞ് സമാധാനിപ്പിച്ചാണ് അനാരോഗ്യം വകവെക്കാെത സോണിയ കോൺഗ്രസിെൻറ പങ്കായം പിടിക്കുന്നത്.
രാഹുലിനു പകരം പല പേരുകൾ ചർച്ച ചെയ്യപ്പെട്ടു. മല്ലികാർജുൻ ഖാർഗെ, മുകുൾ വാസ്നിക്, സചിൻ പൈലറ്റ്, ജ്യോതിരാദിത്യ സിന്ധ്യ എന്നിങ്ങനെ നീളുന്നു ആ നിര. എന്നാൽ, യുവനേതാക്കളുടെ കാര്യത്തിൽ മുതിർന്ന നേതാക്കൾ പലവിധ എതിർപ്പുകൾ ഉന്നയിച്ചു. മുതിർന്ന നേതാക്കളെ കോൺഗ്രസ് പ്രസിഡൻറ് സ്ഥാനം ഏൽപിക്കുന്നതിനോട് യുവനിരയും യോജിച്ചില്ല. നെഹ്റു കുടുംബത്തിൽനിന്നൊരാളല്ലാതെ ഇൗ പ്രതിസന്ധി ഘട്ടത്തിൽ പാർട്ടിയെ നയിച്ചാൽ പിളർപ്പിലേക്കു നീങ്ങാമെന്നും പാർട്ടിയെ ദൗർബല്യങ്ങളിൽനിന്ന് വീണ്ടെടുക്കാൻ കഴിയില്ലെന്നും കൊഴിഞ്ഞുപോക്ക് ശക്തമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു.
ഇതോടെ, ശനിയാഴ്ച രാത്രി വീണ്ടും ചേർന്ന പ്രവർത്തക സമിതി യോഗത്തിലേക്ക് രാഹുലിനെ സോണിയ വിളിച്ചുവരുത്തി. സോണിയ പദവി ഏറ്റെടുക്കുന്നതിനോടു യോജിക്കുന്നില്ലെന്ന നിലപാട് രാഹുൽ ആവർത്തിച്ചു. കുടുംബത്തിലെ എല്ലാവരും മാറിനിൽക്കണമെന്ന നിലപാടാണ് രാഹുൽ അന്നേരവും ആവർത്തിച്ചത്. സോണിയയുടെ അനാരോഗ്യവും ചൂണ്ടിക്കാണിച്ചു. ഒടുവിൽ രാഹുലിനെയും പ്രിയങ്കയെയും പറഞ്ഞു സമാധാനിപ്പിക്കാനായി സോണിയയുടെ ശ്രമം. ഇൗ തീരുമാനത്തിൽ തെൻറ പങ്കില്ലെന്ന് പുറംലോകത്തെ അറിയിക്കാൻ കൂടിയാണ് പ്രവർത്തക സമിതിേയാഗത്തിൽനിന്ന് രാത്രി 10.30ഒാടെ രാഹുൽ പുറത്തുവന്ന് മാധ്യമ പ്രവർത്തകരെ കണ്ടത്. ജമ്മു-കശ്മീർ സങ്കീർണ സ്ഥിതി മുൻനിർത്തി പ്രസിഡൻറ് നിർണയ ചർച്ച നിർത്തിവെച്ചു എന്നായിരുന്നു രാഹുൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞത്. എന്നാൽ, സോണിയതന്നെ രാഹുലിനെ സമാധാനിപ്പിക്കുകയായിരുന്നു. രാഹുൽ സമ്മതിക്കാത്തതു കൊണ്ട് സോണിയയും രാഹുലും ഒന്നിച്ചു മാധ്യമ പ്രവർത്തകരെ കണ്ടതുമില്ല.
അതേസമയം, സോണിയയുടെ നിയമനം താൽക്കാലിക ക്രമീകരണം മാത്രമാണ്. പാർട്ടി പ്രസിഡൻറിനെ നിയോഗിക്കാതെ കോൺഗ്രസിന് മുന്നോട്ടു പോകാനാവില്ലെന്ന സ്ഥിതിയിൽ സോണിയ അത്താണിയായി. പക്ഷേ, സോണിയയുടെ അനാരോഗ്യം അവഗണിക്കാൻ കഴിയുന്നതല്ല. റായ്ബറേലിയിൽ സ്ഥാനാർഥിയായി വീണ്ടും ജയിച്ചെങ്കിലും ലോക്സഭ തെരഞ്ഞെടുപ്പിൽ എവിടെയും സോണിയ പ്രചാരണത്തിന് പോയില്ല. ആകെ രണ്ടു വട്ടം റായ്ബറേലിയിൽ മുഖം കാണിെച്ചന്നു മാത്രം. സോണിയയുടെ താൽക്കാലിക സമ്മതം പക്ഷേ, പാർട്ടി നേതാക്കൾക്ക് ദീർഘനിശ്വാസമാണ്. സഖ്യകക്ഷികൾക്കും ആശ്വാസം.
രാഹുൽ ഗാന്ധിയിൽനിന്ന് വ്യത്യസ്തമായി, പാർട്ടിയെ കൂടുതൽ പ്രതിസന്ധികളിലേക്ക് തള്ളിവിടാൻ പാടില്ലെന്ന നിലപാടാണ്, ഒന്നര വർഷത്തെ ഇടവേളക്കു ശേഷം വീണ്ടും പ്രസിഡൻറ് സ്ഥാനം ഏറ്റെടുക്കാൻ സോണിയയെ പ്രേരിപ്പിച്ചത്. നേതൃതലത്തിലേക്കുള്ള തെരഞ്ഞെടുപ്പു നടപടികൾക്കായി പാർട്ടിക്ക് താൽക്കാലിക ആശ്വാസം നൽകുകയാണ് സോണിയ. നെഹ്റു കുടുംബത്തിനു പുറത്ത് പൊതുസമ്മതനായ നേതാവില്ല എന്ന വലിയ വെല്ലുവിളി ഇതിനെല്ലാമിടയിൽ കോൺഗ്രസിനെ തുറിച്ചുനോക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.