ആനപ്പുറമേറി സൈക്കിൾ; ആവേശം തിരിച്ചുപിടിച്ച് പ്രതിപക്ഷം
text_fieldsന്യൂഡൽഹി: ആനപ്പുറമേറിയ സൈക്കിൾ യു.പിയിൽ ബി.ജെ.പിക്ക് നൽകിയ നടുക്കത്തിെൻറ ആവേശത്തിലാണ് പ്രതിപക്ഷ നിര. ത്രിപുര അടക്കം മൂന്ന് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ വീശിയ കാവിക്കാറ്റ് ചോർത്തിക്കളഞ്ഞ പ്രതീക്ഷകൾക്ക് വീണ്ടും പുതുജീവൻ. ചിന്നിച്ചിതറി നിൽക്കുന്ന പ്രതിപക്ഷം പരസ്പരം പോരടിക്കാതെ ബി.ജെ.പിക്കെതിരെ നിലകൊണ്ടാൽ 2019ലെ ലോക്സഭ തെരഞ്ഞെടുപ്പ് ഫലം എന്തായിരിക്കും എന്നതിലേക്ക് വഴികാട്ടുകയാണ് യു.പിയിലെ ഉപതെരഞ്ഞെടുപ്പു ഫലം.
ഒരിക്കലും ഒന്നിച്ചുപോവിെല്ലന്ന് കരുതിയിരുന്ന സമാജ്വാദി പാർട്ടിയും ബി.എസ്.പിയും ഒരു കുടക്കീഴിൽ വന്നത് ബി.ജെ.പിയെ ഒെട്ടാന്നുമല്ല ഞെട്ടിച്ചത്. മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും മണ്ഡലങ്ങളിലെ താമരവാട്ടം ബി.ജെ.പി പാളയത്തിൽ അങ്കലാപ്പ് സൃഷ്ടിച്ചിട്ടുണ്ട്. ദേശീയതലത്തിൽ പ്രതിപക്ഷ െഎക്യത്തിന് വഴികാട്ടിയതിെൻറ ക്രെഡിറ്റും മഹത്വവും മായാവതി നയിക്കുന്ന ബി.എസ്.പിക്ക് അവകാശപ്പെട്ടതാണ്. സമാജ്വാദി പാർട്ടിയെ പിന്തുണക്കാനുള്ള ബി.എസ്.പിയുടെ തീരുമാനമാണ് ബി.ജെ.പിയുടെ കണക്കുകൂട്ടലുകൾ കീഴ്മേൽ മറിച്ചത്.
രാജ്യത്തെ പൊതുവികാരം മോദി സർക്കാറിെൻറ സമീപനങ്ങൾക്ക് എതിരായി മാറിയിരിക്കുന്നെന്ന യാഥാർഥ്യവും ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുകൊണ്ടുവരുന്നു. ബിഹാറിൽ കേന്ദ്ര ഭരണകക്ഷിയായ ബി.ജെ.പിയും സംസ്ഥാന ഭരണകക്ഷിയായ ജനതാദൾ-യുവും ഒന്നിച്ചുനിന്നിട്ടും ആർ.ജെ.ഡി നേടിയ വിജയം അതിെൻറ വ്യക്തമായ ചിത്രമാണ്. വടക്കുകിഴക്കൻ നാടുകൾ ഒഴിച്ചുനിർത്തിയാൽ രാജ്യത്ത് രാഷ്ട്രീയക്കാറ്റ് ബി.ജെ.പിക്കെതിരാണെന്ന സൂചനയാണ് സമീപകാല ഉപതെരഞ്ഞെടുപ്പുകളെല്ലാം നൽകുന്നത്. കഴിഞ്ഞ വർഷവും ഇൗ വർഷവും നടന്ന ലോക്സഭ ഉപതെരഞ്ഞെടുപ്പുകളിൽ ഒന്നിലും ജയിക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞിട്ടില്ല. പ്രാദേശിക കക്ഷികൾ യോജിച്ച നീക്കവും മികച്ച തന്ത്രവുമായി കരുത്തു നേടുന്നതിെൻറ ലക്ഷണമൊത്ത ഉദാഹരണങ്ങളാണ് ഇക്കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകളിലെ ഫലങ്ങൾ.
അതേസമയം, ഇത്തരമൊരു നീക്കത്തോട് കോൺഗ്രസ് പുറന്തിരിഞ്ഞുനിന്നതും ഇതിനൊപ്പം ചർച്ചയാവുന്നു. ബി.ജെ.പി വിരുദ്ധ പോരാട്ടത്തെ മുന്നിൽനിന്ന് നയിക്കുന്നെന്ന് പറയുന്ന കോൺഗ്രസ്, യു.പിയിലെ രണ്ട് മണ്ഡലങ്ങളിലും സ്ഥാനാർഥിയെ നിർത്തി കെട്ടിവെച്ച കാശ് നഷ്ടപ്പെടുത്തിയത് എന്തിനെന്ന ചോദ്യം ഉയരുന്നുണ്ട്. ഇതാകെട്ട, ബി.ജെ.പി വിരുദ്ധ ചേരിയുടെ നായക റോൾ അടുത്ത തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കിട്ടാനുള്ള പ്രായോഗിക പ്രശ്നങ്ങളിലേക്കുകൂടിയുള്ള സൂചനയാണ്.
പ്രാദേശിക കക്ഷികൾ ഒന്നിച്ചുനിന്ന് മൂന്നാമതൊരു മുന്നണിക്ക് കരുത്തുണ്ടാക്കിയാൽ, തെരഞ്ഞെടുപ്പിനുശേഷം അത്തരമൊരു മുന്നണിയുടെ നേതാവിനെ പിന്തുണക്കേണ്ട സ്ഥിതി കോൺഗ്രസിന് ഉണ്ടായെന്നു വരും. രാഹുൽ ഗാന്ധിയെ പാർട്ടി അധ്യക്ഷനായി വാഴിച്ചെങ്കിലും, വിവിധ പ്രാദേശിക കക്ഷികൾക്കിടയിൽ അദ്ദേഹത്തിന് സ്വീകാര്യത നേടിയെടുക്കുകയെന്ന വലിയ വെല്ലുവിളിക്കു മുന്നിലാണ് കോൺഗ്രസ്. പുതിയ രാഷ്ട്രീയ സാഹചര്യങ്ങളിൽ പ്രതിപക്ഷ െഎക്യത്തിന് കോൺഗ്രസ് യോഗം വിളിച്ചത് സോണിയ ഗാന്ധിയെ മുന്നിൽ നിർത്തിയാണ്. കോൺഗ്രസിനു പുറമെ 19 പാർട്ടികളുടെ പ്രതിനിധികൾ കഴിഞ്ഞ ദിവസത്തെ യോഗത്തിനെത്തിയത് കോൺഗ്രസിെൻറ പ്രതീക്ഷ മെച്ചപ്പെടുത്തി. എന്നാൽ, പ്രതിപക്ഷ ഏകോപനം ലോക്സഭ തെരഞ്ഞെടുപ്പിൽ ഒാരോ പാർട്ടിയും നേടുന്ന കരുത്തിെൻറ അടിസ്ഥാനത്തിലായിരിക്കും.
കോൺഗ്രസിന് മെച്ചപ്പെട്ട നില കൈവരിക്കാനായില്ലെങ്കിൽ മൂന്നാം മുന്നണിയെ പിന്തുണക്കേണ്ട സ്ഥിതിയാണ് ഉണ്ടാവുക. പല സംസ്ഥാനങ്ങളിലും പാർട്ടി സംവിധാനം ദുർബലമാണ്. ഇതടക്കം രാഷ്ട്രീയ സാഹചര്യങ്ങൾ വെള്ളിയാഴ്ച മുതൽ മൂന്നു ദിവസം ഡൽഹിയിൽ നടക്കുന്ന കോൺഗ്രസ് പ്ലീനറി സേമ്മളനത്തിൽ ചർച്ചയാവും. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയോട് ഏറ്റുമുട്ടാനൊരുങ്ങുന്ന കോൺഗ്രസിന് ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ കരുത്താകുമെന്നാണ് നേതൃത്വത്തിെൻറ വിശ്വാസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.