Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightഅവസാന നിമിഷ സഖ്യം...

അവസാന നിമിഷ സഖ്യം വിതച്ച അന്ത:ഛിദ്രം

text_fields
bookmark_border
അവസാന നിമിഷ സഖ്യം വിതച്ച അന്ത:ഛിദ്രം
cancel

ഉത്തര്‍പ്രദേശിലെ ഒന്നാംഘട്ട തെരഞ്ഞെടുപ്പിന്‍െറ നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമായ വെള്ളിയാഴ്ച ഉച്ചക്കുശേഷമാണ് പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബബ്ബാറും സ്ഥാനാര്‍ഥി നിര്‍ണയത്തിന് നിയുക്തനായ പ്രമോദ് തിവാരി എം.പിയും ദലിതുകളായ വാല്മീകി സമുദായക്കാര്‍ തിങ്ങിത്താമസിക്കുന്ന മഥുരയിലെ അന്തപട ബസ്തിയിലെ കോണ്‍ഗ്രസുകാരെ തലങ്ങും വിലങ്ങും വിളിക്കുന്നത്്.

മഥുര ജില്ലയിലെ പട്ടികജാതി സംവരണ സീറ്റായ ബല്‍ദേവ് നിയമസഭ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച വിനേശ് സന്‍വാളിനോട് അടിയന്തരമായി ബന്ധപ്പെടാന്‍ പറഞ്ഞായിരുന്നു വിളി.

മൂന്നു ദിവസം മുമ്പെ പത്രിക സമര്‍പ്പിച്ച സന്‍വാള്‍ ബല്‍ദേവ് മണ്ഡലത്തില്‍ കോണ്‍ഗ്രസിന്‍െറ ഗൃഹസമ്പര്‍ക്ക പരിപാടി നടത്തുന്നതിനിടയില്‍ ഓടിയത്തെിയ പ്രവര്‍ത്തകര്‍ അടിയന്തരമായി പ്രമോദ് തിവാരിയെയും പ്രദീപ് ഹൂഡയെയും ബന്ധപ്പെടാന്‍ പറഞ്ഞു. നിര്‍ദേശപ്രകാരം മഥുരയിലെ ചന്ദന്‍വന്‍ പബ്ളിക് സ്കൂളിലത്തെിയ വിനേശ് സന്‍വാളിനോട് മറ്റൊരു സീറ്റിനായി സമാജ്വാദി പാര്‍ട്ടിയുമായുണ്ടാക്കിയ അവസാന നിമിഷത്തിലെ ധാരണയുടെ അടിസ്ഥാനത്തില്‍ അവര്‍ക്കായി സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനായിരുന്നു നേതാക്കളുടെ നിര്‍ദേശം.

പാര്‍ട്ടി നേതാക്കളെ ധിക്കരിക്കാതെ പത്രിക പിന്‍വലിക്കാനായി റിട്ടേണിങ് ഓര്‍ഫിസര്‍ക്ക് മുമ്പാകെ മൂന്നു മണിയോടെയത്തെിയ വിനേശിന് പ്രക്രിയ പൂര്‍ത്തിയാക്കാനുള്ള സമയം കിട്ടിയില്ല. അതിനുമുമ്പെ പത്രിക പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞെന്ന അറിയിപ്പാണ് കിട്ടിയത്. കൈപ്പത്തി ചിഹ്നത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി വിനേശ് മത്സരരംഗത്തുണ്ടാകുമെന്നും റിട്ടേണിങ് ഓഫിസര്‍ അറിയിച്ചു.

പ്രധാനമന്ത്രിയുടെ ശുചിത്വ ഭാരത പദ്ധതിക്കിടയിലും മഥുരയില്‍ ഇപ്പോഴും തോട്ടിപ്പണി തുടരുന്നവരാണ് വാല്മീകി സമുദായക്കാര്‍. തോട്ടിപ്പണിക്കാരുടെ ഉന്നമനത്തിനായി കഴിഞ്ഞ അഞ്ചെട്ട് വര്‍ഷങ്ങളായി വിനേശ് നടത്തിയ പ്രവര്‍ത്തനമാണ് കോണ്‍ഗ്രസിന്‍െറ ജില്ല, സംസ്ഥാന നേതൃതലങ്ങളിലേക്ക് വിനേശിനെ ഉയര്‍ത്തിയത്. ഡല്‍ഹിയിലെ ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചായിരുന്നു തോട്ടിപ്പണിക്കാര്‍ക്കായുള്ള വിനേശിന്‍െറ പ്രവര്‍ത്തനം.

ബല്‍ദേവ് മണ്ഡലത്തിന് പുറത്തായിട്ടും വിനേശിന് സ്ഥാനാര്‍ഥിത്വം ലഭിച്ചതും ഇതുകൊണ്ടായിരുന്നു. സ്ഥാനാര്‍ഥിയാക്കുമെന്ന് ഉറപ്പ് ലഭിച്ചതിന്‍െറ അടിസ്ഥാനത്തില്‍ മാസങ്ങള്‍ക്ക് മുമ്പെ ബല്‍ദേവില്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു വിനേശ്. മണ്ഡലത്തിലെ ഓരോ ബൂത്തിലും പോയി പ്രചാരണ കമ്മിറ്റിയുണ്ടാക്കി. ഓരോ ബൂത്തിലും പോളിങ് ഏജന്‍റുമാരെയും നിയോഗിച്ചിരുന്നുവെന്ന് വിനേശ് സന്‍വാള്‍ പറഞ്ഞു.

കഴിഞ്ഞതവണ ആര്‍.എല്‍.ഡിയുടെ ബാനറില്‍ സിറ്റിങ് എം.എല്‍.എയായിരുന്ന പൂര്‍വ പ്രകാശാണ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പാര്‍ട്ടി മാറി ഇത്തവണ ബല്‍ദേവിലെ ബി.ജെ.പി സ്ഥാനാര്‍ഥിയായത്. അദ്ദേഹം ജാട്ടവ് ജാതിക്കാരനാണ്. ബി.എസ്.പിയുടെ പ്രേംചന്ദ് ഗര്‍ദമും ജാട്ടവ് തന്നെ.

വാല്മീകി സമുദായത്തില്‍നിന്ന് വിനേശ് മാത്രമാണുണ്ടായിരുന്നത്. ഇനിയെന്ത് എന്ന് ചോദിച്ചപ്പോള്‍ മത്സരരംഗത്ത് താനുണ്ടാകുമെന്നായിരുന്നു വിനേശിന്‍െറ മറുപടി.

ഒരു ബല്‍ദേവിലെ മാത്രം കഥയല്ലിത്. കൈപ്പത്തി ചിഹ്നത്തില്‍ അലീഗഢ് ജില്ലയിലെ സംവരണ മണ്ഡലമായ ഖെയ്റില്‍ പത്രിക നല്‍കിയ കോണ്‍ഗ്രസ് നേതാവ് മുഖ്ത്യാര്‍ സിങ്ങിനും സമാജ്വാദി പാര്‍ട്ടിക്കുവേണ്ടി പിന്മാറാനുള്ള നിര്‍ദേശം ലഭിച്ചെങ്കിലും നടന്നില്ല. അമത്തേിയില്‍ എസ്.പിയിലെ ഗായത്രി പ്രജാപതിയും കോണ്‍ഗ്രസിലെ അമിതാ സിങ്ങും തമ്മിലെ മത്സരവും ഏറക്കുറെ ഉറപ്പാണ്.പ്രഖ്യാപിച്ച 48 സ്ഥാനാര്‍ഥികളെയാണ്എസ്.പി കോണ്‍ഗ്രസിനായി പിന്‍വലിച്ചത്.

ഒന്നാംഘട്ടം പിന്‍വലിക്കാനുള്ള അവസാനതീയതി പിന്നിട്ടപ്പോഴും അവസാന മണിക്കൂറിലുണ്ടാക്കിയ സമാജ്വാദി പാര്‍ട്ടി -കോണ്‍ഗ്രസ് സഖ്യത്തിന്‍െറ സീറ്റു ധാരണ കഴിഞ്ഞിരുന്നില്ല. അവസാന മണിക്കൂറിലെ സീറ്റു മാറ്റങ്ങള്‍ ഇതിനകം പ്രവര്‍ത്തനവുമായി ഏറെ മുന്നോട്ടുപോയ ഇരു പാര്‍ട്ടികളിലെയും പ്രവര്‍ത്തകരിലും സ്ഥാനാര്‍ഥികളുടെ സമുദായങ്ങളിലും തങ്ങള്‍ വഞ്ചിക്കപ്പെട്ടുവെന്ന തോന്നലുണ്ടാക്കിയിട്ടുണ്ട്. അത് തെരഞ്ഞെടുപ്പില്‍ സഖ്യത്തെ ദോഷകരമായി ബാധിക്കുമെന്നാണ് വിനേശിന്‍െറ ചുറ്റും കൂടിയ അന്തപടയിലെ വാല്മീകി സുമദായത്തിന്‍െറ പ്രതികരണങ്ങളില്‍നിന്ന് വ്യക്തമാകുന്നത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sp-congress alliance
News Summary - sp- congress alliance
Next Story