ശ്രീധരൻ പിള്ള ബി.ജെ.പി പ്രസിഡൻറായേക്കും
text_fieldsപാലക്കാട്: ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് സ്ഥാനത്തേക്ക് വി. മുരളീധരെൻറ നോമിനിയായ കെ. സുരേന്ദ്രനെ വെട്ടാൻ പി.കെ. കൃഷ്ണദാസ് വിഭാഗം മുൻ പ്രസിഡൻറ് അഡ്വ. പി.എസ്. ശ്രീധരൻപിള്ളയെ ഉയർത്തിക്കാട്ടും. ആർ.എസ്.എസ് നേതൃത്വത്തിനും ശ്രീധരൻപിള്ള സ്വീകാര്യനാണ്. എന്നാൽ, ഇദ്ദേഹത്തിന് ഒരുഊഴം കൂടി നൽകുന്നതിനോട് മുരളീധരൻപക്ഷം എതിരാണ്. കൃഷ്ണദാസ് പക്ഷത്തിെൻറ മുനയൊടിക്കാൻ നിസ്സഹകരണം ആയുധമാക്കാനാണ് ഇവർ ആലോചിക്കുന്നത്.
സംസ്ഥാന നേതൃത്വത്തിൽ ഒരുവിഭാഗം നിസ്സഹകരണവുമായി മുന്നോട്ട് പോയാൽ അത് പാർട്ടിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്നും അത് ഒഴിവാക്കാൻ തങ്ങൾക്ക് കൂടി സ്വീകാര്യനായ ഒരാളെ പ്രസിഡൻറാക്കണമെന്നുമാണ് വി. മുരളീധരനോട് ആഭിമുഖ്യമുള്ള നേതാക്കളുടെ നിലപാട്. ബി.ജെ.പി സഹസംഘടന സെക്രട്ടറി ബി.എൽ. സന്തോഷുമായി ആലോചിച്ച് കെ. സുരേന്ദ്രനെ പ്രസിഡൻറ് സ്ഥാനത്തേക്ക് കൊണ്ടുവരാൻ മുരളീധരൻ ഗ്രൂപ് ശ്രമിച്ചപ്പോൾ നിസ്സഹകരണം പ്രഖ്യാപിച്ചാണ് കൃഷ്ണദാസ് തടയിട്ടത്. സുരേന്ദ്രന് വേണ്ടി ഇത്രയധികം പരിശ്രമിച്ചശേഷം മറ്റൊരാൾ സംസ്ഥാന പ്രസിഡൻറാകുന്നത് വി. മുരളീധരെൻറ പരാജയമാവുമെന്നാണ് ഇക്കൂട്ടരുടെ നിലപാട്.
പൊതു സ്വീകാര്യൻ, മിതഭാഷി, എൻ.എസ്.എസ് നേതൃത്വവും ക്രിസ്ത്യൻ വിഭാഗവുമായുള്ള അടുപ്പം എന്നിവ ഉയർത്തിയാണ് ശ്രീധരൻപിള്ളയുടെ പേര് കൃഷ്ണദാസ് വിഭാഗം കേന്ദ്ര നേതൃത്വത്തിന് മുന്നിൽവെച്ചത്. പാർട്ടി ഇനി വളരണമെങ്കിൽ ഇത്തരത്തിലൊരു നേതാവ് പ്രസിഡൻറാകണമെന്ന് ഇവർ വാദിക്കുന്നു. അദ്ദേഹം സംസ്ഥാന പ്രസിഡൻറായിരുന്ന 2003-2006 കാലഘട്ടത്തിൽ സംഘടനപരമായി പാർട്ടിക്ക് നേട്ടമുണ്ടാക്കാൻ സാധിച്ചില്ലെന്നും പ്രസിഡൻറ് പദവി ഒഴിഞ്ഞതിനുശേഷം മുഴുസമയ പ്രവർത്തനത്തിന് പലപ്പോഴും പിള്ളയെ കിട്ടിയിരുന്നില്ലെന്നും മുരളീധരനോട് അടുപ്പമുള്ളവർ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.