Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightത്രിശങ്കുവിലേക്ക്...

ത്രിശങ്കുവിലേക്ക് ചുവടുവെച്ച് യു.പി

text_fields
bookmark_border
ത്രിശങ്കുവിലേക്ക് ചുവടുവെച്ച് യു.പി
cancel

ഉത്തര്‍പ്രദേശില്‍ ത്രിശങ്കു നിയമസഭക്ക് സാധ്യതയേറി. രണ്ടു ഘട്ടം വോട്ടെടുപ്പു മാത്രം ശേഷിക്കേ, ആര്‍ക്കും ഒറ്റക്ക് കേവല ഭൂരിപക്ഷം കിട്ടാന്‍ ഇടയില്ളെന്നാണ് യു.പിയിലെ തെരഞ്ഞെടുപ്പു പ്രവണതകള്‍ സൂചിപ്പിക്കുന്നത്. അതില്‍ത്തന്നെ ബി.എസ്.പിയോ ബി.ജെ.പിയോ മുന്നിലത്തെിയേക്കാം. ഒരു പാര്‍ട്ടിക്കും സീറ്റു തൂത്തുവാരാവുന്ന നില ഇല്ല. ഓരോ മണ്ഡലത്തിലും സ്ഥിതി വ്യത്യസ്തം. പ്രവചനം അസാധ്യമാക്കും വിധമാണ് പ്രചാരണം പുരോഗമിക്കുന്നത്.

ഭരണകക്ഷിയായ സമാജ്വാദി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മില്‍ ഉണ്ടാക്കിയ സഖ്യത്തിന് മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്ന പ്രാരംഭ സൂചനകള്‍ മാറിവരുകയാണ്. സഖ്യത്തിന്‍െറ കെട്ടുറപ്പ് നേതാക്കളില്‍നിന്ന് താഴത്തെട്ടിലേക്ക് എത്തിയിട്ടില്ല. മുലായത്തെ പിന്തള്ളി അഖിലേഷ് വന്നതും രാഹുലുമായി ചേര്‍ന്ന് മുന്നോട്ടു നീങ്ങുന്നതും ഭരണവിരുദ്ധ വികാരം മറികടക്കാന്‍ ഉപകരിക്കുമെന്ന പ്രതീതി മങ്ങി.   കോണ്‍ഗ്രസുമായി ഇണങ്ങാത്ത മാനസികാവസ്ഥയാണ് എസ്.പി അണികള്‍ പ്രകടിപ്പിക്കുന്നത്. കോണ്‍ഗ്രസ്-എസ്.പി സൗഹൃദ മത്സരവും ചില മണ്ഡലങ്ങളിലുണ്ട്. ഇതുവരെ നടന്ന അഞ്ചുഘട്ട വോട്ടെടുപ്പുകളില്‍ എസ്.പി നേതൃത്വത്തിന്‍െറ കണക്കുകൂട്ടലിനൊത്ത് കാര്യങ്ങള്‍ നീങ്ങിയിട്ടില്ല. അഖിലേഷുമായുള്ള മുലായം സിങ്, ശിവ്പാല്‍ യാദവ്  പോര് സമാജ്വാദി പാര്‍ട്ടിയെ പല മണ്ഡലങ്ങളിലും ബാധിച്ചിട്ടുണ്ട്.

ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത നിയമസഭയില്‍ ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെന്നു വരാം. നോട്ട് അസാധുവാക്കല്‍, അതുവഴി വ്യാപാരികളും കര്‍ഷകരും നേരിടുന്ന പ്രയാസങ്ങള്‍ തുടങ്ങിയ പ്രതികൂല സാഹചര്യങ്ങള്‍ക്കിടയില്‍ തന്നെയാണിത്. നഗരകേന്ദ്രീകൃതമാണ് ബി.ജെ.പി വോട്ടുകള്‍. മോദിയോട് അമര്‍ഷമുണ്ടെങ്കിലും, എതിര്‍ത്ത് വോട്ടുചെയ്ത് പരാജയപ്പെടുത്തുമെന്ന മനോവികാരം ബി.ജെ.പിയുടെ പരമ്പരാഗത വോട്ടര്‍മാരില്‍നിന്ന് ഉയരുന്നില്ല. അതിനൊത്ത പ്രചാരണ തന്ത്രത്തിലും ബി.ജെ.പി മുന്നിലാണ്.

യോഗി ആദിത്യനാഥ് കിഴക്കന്‍ യു.പിയില്‍ ഉയര്‍ത്തിയതുപോലുള്ള   പ്രശ്നങ്ങള്‍ പലേടത്തും മുളപൊട്ടി നില്‍ക്കുന്നുണ്ട്. എന്നാല്‍, അത് ബി.ജെ.പി സ്ഥാനാര്‍ഥികള്‍ക്ക് പാരവെക്കുന്നിടത്തോളം വളര്‍ന്നിട്ടില്ല. ഹൈന്ദവ വോട്ടുകള്‍ ഏകീകരിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും അടക്കമുള്ളവര്‍ നടത്തിയ പ്രസ്താവനകള്‍ സ്വന്തം വോട്ടു ബാങ്കില്‍ ഏശുന്നുണ്ട്. പരമ്പരാഗത വോട്ടുകള്‍ക്കപ്പുറം  കൂടുതല്‍ പിന്തുണക്കാരെ സമാഹരിക്കാന്‍ കഴിയുന്നതിലാണ് ബി.ജെ.പിയുടെ ജയസാധ്യതകള്‍.

സംസ്ഥാന ഭരണം കൂടി കിട്ടേണ്ടതിന്‍െറ പ്രാധാന്യം വോട്ടര്‍മാരെ ബോധ്യപ്പെടുത്താനുള്ള കഠിനശ്രമത്തിലാണ് പാര്‍ട്ടി. ശക്തമായ ത്രികോണ മത്സരത്തിനിടയില്‍ നിശ്ശബ്ദ പ്രചാരണം നടത്തുന്ന ബി.എസ്.പിക്ക് മികച്ച ജനപിന്തുണയുണ്ട്. ഗ്രാമങ്ങളില്‍ മായാവതിയുടെ പ്രസംഗം കേള്‍ക്കാന്‍ വലിയ ജനക്കൂട്ടമാണ് എത്തുന്നത്. സമാജ്വാദി പാര്‍ട്ടിക്ക് സ്വാധീനമുള്ള പ്രദേശങ്ങളിലും ഈ പ്രവണത ദൃശ്യമാണ്. ജയസാധ്യതക്കാണ് ന്യൂനപക്ഷ വോട്ടര്‍മാര്‍ പരിഗണന നല്‍കുന്നതെന്നിരിക്കേ, ഈ വോട്ടുകള്‍ എസ്.പി-കോണ്‍ഗ്രസ് സഖ്യത്തിനും ബി.എസ്.പിക്കുമായി വിഭജിച്ചുപോകാനുള്ള സാധ്യതയും പ്രവചിക്കപ്പെടുന്നുണ്ട്.

എന്നാല്‍, ന്യൂനപക്ഷ വോട്ടുകളില്‍ നല്ല പങ്കും ബി.എസ്.പിയിലേക്ക് പോകുമെന്ന സൂചനയാണ് അഅ്സംഗഡ്, പശ്ചിമ യു.പി തുടങ്ങിയ സ്ഥലങ്ങളില്‍നിന്നു കിട്ടുന്നത്. ക്രമസമാധാനത്തിനും വര്‍ഗീയവിരുദ്ധ ഭരണത്തിനും അവസരം നല്‍കണമെന്ന മായാവതിയുടെ അഭ്യര്‍ഥന വോട്ടര്‍മാരെ സ്വാധീനിക്കുന്നുണ്ട്. പരമ്പരാഗത ജാട്ടവ, ദോബി, വാല്മീകി വിഭാഗങ്ങളുടെ വോട്ടിനു പുറമെ, ന്യൂനപക്ഷ, ബ്രാഹ്മണ വോട്ടുകള്‍ എത്രത്തോളം നേടാന്‍ കഴിയുമെന്നതിലാണ് ബി.എസ്.പിയുടെ സാധ്യത വര്‍ധിക്കുന്നത്.

യാദവ, മല്ല, ഗഡ്രിയ, കുര്‍മി, പട്ടേല്‍, മൗര്യ, ലോധി, ന്യൂനപക്ഷ വിഭാഗങ്ങള്‍ എന്നിവര്‍ എത്രത്തോളം എസ്.പി-കോണ്‍ഗ്രസ് സഖ്യത്തെ പിന്തുണക്കുമെന്നതിനെ ആശ്രയിച്ചാണ് അവരുടെ വിജയസാധ്യത. യാദവേതര ഒ.ബി.സി വിഭാഗങ്ങള്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കൊപ്പം പോയിരുന്നു. ബ്രാഹ്മണ, ബനിയ, ഠാകുര്‍, ലോധ്, സെയ്നി വിഭാഗങ്ങളാണ് ബി.ജെ.പിയുടെ ബലം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജാതിക്ക് അതീതമായി ഹൈന്ദവ വോട്ടുകളുടെ ഏകീകരണം സാധ്യമാക്കിയ ബി.ജെ.പിക്ക് ഇക്കുറി അതിന് സാധിക്കുമോയെന്ന് കണ്ടറിയണം. ആറാംഘട്ട പ്രചാരണം വ്യാഴാഴ്ച അവസാനിക്കും. മാര്‍ച്ച് 4, 8 തീയതികളിലായാണ് ഇനി വോട്ടെടുപ്പ്. 403ല്‍ 89 മണ്ഡലങ്ങളില്‍മാത്രമാണ് രണ്ടു ഘട്ടങ്ങളായി വിധിയെഴുത്ത് നടക്കാനുള്ളത്. വോട്ടെണ്ണല്‍ മാര്‍ച്ച് 11നും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assembly election 2017
News Summary - up steps to uncertainty
Next Story