റാലിക്ക് കോൺഗ്രസ് പ്രവർത്തകരും; മാണ്ഡ്യയിൽ ശക്തി പ്രകടിപ്പിച്ച് സുമലത
text_fieldsബംഗളൂരു: മാണ്ഡ്യയിൽ തെൻറ ശക്തി തെളിയിച്ച് സ്വതന്ത്ര സ്ഥാനാർഥി സുമലത അംബരീഷ്. ബുധനാഴ്ച പത്രിക സമർപ്പ ണത്തിന് പിന്നാലെ നടന്ന റോഡ് ഷോയിലും ജൂബിലി പാർക്കിലെ മെഗാ റാലിയിലും ആയിരങ്ങൾ പെങ്കടുത്തു. നേതൃത്വത്തിെൻറ വിലക്ക് മറികടന്ന് പാർട്ടി പതാകയുമേന്തി സുമലതക്ക് ജയ് വിളിച്ച് കോൺഗ്രസ് പ്രവർത്തകരും റാലിക്കെത്തി.
കോൺഗ്രസ് ജില്ല നേതാക്കളായ സച്ചിദാനന്ദ ഇന്ദുവാല, ആനന്ദ്കുമാർ എന്നിവർ സുമലതയുമായി വേദി പങ്കിട്ടു. പിന്നാക്ക, ദലിത്, ന്യൂനപക്ഷ, കർഷക സംഘടന നേതാക്കളും കൂടെയുണ്ടായിരുന്നു. കോൺഗ്രസിെൻറയും ജെ.ഡി. എസിെൻറയും ശക്തികേന്ദ്രമായ മണ്ഡലത്തിൽ സഖ്യ സ്ഥാനാർഥിയായ ജെ.ഡി.എസിെൻറ നിഖിൽ ഗൗഡ നേരിടാനിരിക്കുന്നത് കടുത്ത മത്സരമാണെന്ന സൂചനയാണ് ശക്തിപ്രകടനത്തിലൂടെ സുമലത നൽകിയത്.
ബുധനാഴ്ച രാവിലെ മൈസൂരു ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ പ്രാർഥനകൾക്കു ശേഷമാണ് സുമലത മാണ്ഡ്യയിൽ പത്രിക സമർപ്പണത്തിനെത്തിയത്. മകൻ അഭിഷേകിനൊപ്പം ഡെപ്യൂട്ടി കമീഷണറുടെ ഒാഫിസിലെത്തി പത്രിക കൈമാറി.
തുടർന്ന് ബൈക്ക് റാലിയുടെ അകമ്പടിയോടെ പ്രസംഗവേദിയായ ജൂബിലി പാർക്കിലേക്ക് തുറന്ന വാഹനത്തിൽ കന്നട സൂപ്പർ സ്റ്റാറുകളായ യാഷ്, ദർശൻ എന്നിവർക്കൊപ്പം നീങ്ങി. അംബരീഷിെൻറ സിനിമകളിലെ ഹിറ്റ് ഗാനങ്ങൾ റോഡ് ഷോയിലും റാലിയിലും മുഴങ്ങി.
റാലിയിൽ പെങ്കടുത്ത കോൺഗ്രസ് പ്രവർത്തകർ ആത്മാഭിമാനമുള്ളവരാണെന്ന് ജില്ല കോൺഗ്രസ് നേതാവായ സച്ചിദാനന്ദ പറഞ്ഞു. അംബരീഷ് മരിച്ചപ്പോൾ മാണ്ഡ്യയിലെ കോൺഗ്രസ് പ്രവർത്തകരും അംബരീഷ് ആരാധകരും ചേർന്നാണ് സുമലതയെയും മകനെയും കണ്ട് മത്സരിക്കണമെന്ന് അഭ്യർഥിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്രമന്ത്രിയായിരിക്കെ മാണ്ഡ്യയിലെ കർഷകർക്ക് വേണ്ടിയാണ് അംബരീഷ് രാജിവെച്ചതെന്ന് ചൂണ്ടിക്കാട്ടിയ സച്ചിദാനന്ദ, മാണ്ഡ്യയുടെ മകളായ സുമലതയെ വിജയിപ്പിക്കണമെന്നും അഭ്യർഥിച്ചു.
മാണ്ഡ്യയിലെ ജനങ്ങളുടെ വികാരം താൻ കോൺഗ്രസ് നേതാക്കൾക്ക് മുന്നിൽ അവതരിപ്പിച്ചെന്നും ഇവിടത്തെ പ്രവർത്തകരെ പാർട്ടിക്ക് വേണ്ടതില്ലേ എന്നു താൻ ചോദിച്ചുവെന്നും സുമലത പറഞ്ഞു. മാണ്ഡ്യക്കുവേണ്ടി കോൺഗ്രസിൽനിന്ന് താൻ ടിക്കറ്റ് തേടിയിട്ടും നൽകിയില്ലെന്നും സുമലത കുറ്റപ്പെടുത്തി.
സുമലത സംഘടിപ്പിച്ച റാലിയിൽ ദലിത്-ആദിവാസി- ന്യൂനപക്ഷ സംഘടനകളും (അഹിന്ദ) പങ്കാളികളായത് കോൺഗ്രസ്^ജെ.ഡി.എസ് നേതൃത്വത്തിനെ വിഷമവൃത്തത്തിലാക്കിയിട്ടുണ്ട്. മുമ്പ് കോൺഗ്രസിന് ലഭിച്ചിരുന്ന വലിയ തോതിലുള്ള അഹിന്ദ വോട്ടുകൾ ഇക്കുറി സുമലതയിലേക്ക് കേന്ദ്രീകരിക്കുമെന്നാണ് സൂചന. കൂടാതെ, പാർട്ടിയിൽ മക്കൾരാഷ്ട്രീയത്തിൽ താൽപര്യമില്ലാത്ത പ്രവർത്തകരുടെ വോട്ടും ജെ.ഡി.എസിൽ തിരിഞ്ഞുകുത്താൻ സാധ്യതയുണ്ട്.
മാണ്ഡ്യയിലെ പ്രബല കർഷക സംഘടനയായ കർണാടക രാജ്യ റൈത്ത സംഘ സുമലതക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചിരുന്നു. പാരമ്പര്യ വൈരികളായ ജെ.ഡി. എസുമായുള്ള സഖ്യവും നിഖിൽ ഗൗഡയുടെ സ്ഥാനാർഥിത്വവും ദഹിക്കാത്ത മാണ്ഡ്യയിലെ കോൺഗ്രസുകാരുടെ പൊതുവികാരമാണ് സുമലത സംഘടിപ്പിച്ച റാലിയിൽ പ്രതിഫലിച്ചത്.
പാർട്ടിയുടെ അഭിമാന പോരാട്ട വേദിയായി മാറിയ മാണ്ഡ്യയിൽ ഏതുവിധേനയും തോൽവി ഒഴിവാക്കാനാണ് ജെ.ഡി.എസ് ശ്രമം. നിഖിൽ ഗൗഡയുടെ പ്രചാരണത്തിന് പിതാവും മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമിയാണ് ചുക്കാൻ പിടിക്കുന്നത്. സുമലതക്കു വേണ്ടി പ്രചാരണത്തിനിറങ്ങുന്ന കോൺഗ്രസ് പ്രാദേശിക നേതാക്കളെയും പ്രവർത്തകരെയും നിരീക്ഷിക്കാൻ അണികളോട് ജെ.ഡി.എസ് നിർദേശിച്ചിട്ടുണ്ടെന്നറിയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.